പുലർച്ചെ രഹസ്യമായി അയൽവീട്ടിലെത്തിയ കോളജ് വിദ്യാർഥി അനീഷ് ജോർജ് (19) കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി സൈമണ്‍ ലാലന്റെ മൊഴി കളവെന്ന് പൊലീസ്. അനീഷിനെ തിരിച്ചറിഞ്ഞ ശേഷമാണ് കുത്തിയത്. ഭാര്യയും മക്കളും തടയാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്നും പൊലീസ് പറഞ്ഞു. കള്ളനെന്ന് തെറ്റിദ്ധരിച്ചാണ് കുത്തിയതെന്നായിരുന്നു സൈമണിന്റെ മൊഴി.
അനീഷിനെ വെറുതെ വിടണമെന്നു മകളും സൈമൺ ലാലന്റെ ഭാര്യയും നിരന്തരം അഭ്യർഥിച്ചുവെങ്കിലും വകവരുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഇടനെഞ്ചിൽ കുത്തിയതെന്നു പൊലീസ് പറയുന്നു. സൈമൺ ലാലിന്റെ മകളുടെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തിയതിന്റെ വെളിച്ചത്തിലാണ് പൊലീസിന്റെ വിശദീകരണം. സൈമൺ നിരന്തരം ഭാര്യയെയും മക്കളെയും മർദിക്കാറുണ്ടെന്നും ഇത്തരം തർക്കങ്ങളിൽ അനീഷ് നേരത്തേ ഇടപെട്ടിരുന്നതായും, സൈമണിന്റെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു.
കൊലയ്ക്കു പിന്നിൽ മുൻവൈരാഗ്യവും കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അനീഷ് കുത്തേറ്റു മരിച്ച ഏദൻ എന്ന വീടിനു സമീപം ഒട്ടേറെ വീടുകളുണ്ടെങ്കിലും പ്രതിസ്ഥാനത്തുള്ള സൈമൺ ലാലൻ അറിയിച്ചതനുസരിച്ചു പൊലീസ് അവിടെ എത്തുമ്പോൾ മാത്രമാണു സമീപവാസികൾ വിവരം അറിയുന്നത്. നിലവിളിയോ മറ്റോ പുറത്തു കേട്ടില്ലെന്ന് അയൽക്കാർ പറഞ്ഞു.
പൊലീസ് എത്തുമ്പോൾ വീടിന്റെ രണ്ടാം നിലയിലെ ഹാളിൽ ചലനമറ്റു രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു അനീഷ് ജോർജ്. നെഞ്ചിലാണ് ആഴത്തിലുള്ള കുത്തേറ്റത്. സൈമണിന്റെ കുടുംബാംഗങ്ങളും ഇവിടെ ഉണ്ടായിരുന്നു. ആംബുലൻസ് വരുത്തിയാണ് നാലു മണിയോടെ പൊലീസ് അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
പേട്ട ചായക്കുടി ലെയ്നിലുള്ള ഏദൻ എന്ന വീടിന്റെ അതേ വളപ്പിൽ മൂന്നു വീടുകൾ കൂടിയുണ്ട്. ബന്ധുക്കളാണ് ഇവിടെ താമസിക്കുന്നത്. അവരും ഒന്നും അറിഞ്ഞിരുന്നില്ല. പള്ളിയിലെ ഗായക സംഘത്തിൽ സൈമണിന്റെ മകളും അനീഷും അംഗങ്ങളാണ്. എന്നാൽ ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണു വിവരം. സൈമണിന്റെ കുടുംബ പ്രശ്നങ്ങളിൽ ഇടപെട്ടതാണ് അനീഷിനെ കൊലപ്പെടുത്താൻ കാരണമെന്ന് അനീഷിന്റെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.
Leave a Reply