ന്യൂസ് ഡെസ്ക് മലയാളം യുകെ
കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ നഗരമായ കേപ്ടൗണിലെ പാർലമെന്റ് മന്ദിരത്തിൽ വൻ തീപിടുത്തം. തീപിടുത്തത്തെ തുടർന്ന് കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചുവെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലം സന്ദർശിച്ച പ്രസിഡന്റ് സിറിൽ റാംഫോസ, ഇത് വിനാശകരമായ സംഭവമാണെന്ന് പറഞ്ഞു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്തു വരികയാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. കെട്ടിടത്തിന്റെ സ്പ്രിംഗ്ളർ സംവിധാനം ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
പാർലമെന്റിന് സമീപമുള്ള സെന്റ് ജോർജ്ജ് കത്തീഡ്രലിൽ ഇന്നലെയാണ് ആർച്ച് ബിഷപ്പ് ഡെസ് മണ്ട് ടുട്ടുവിന്റെ സംസ്കാരം നടന്നത്. ആറ് മിനിറ്റിനുള്ളിൽ പാർലമെന്റ് മന്ദിരത്തിലെത്തി തീയണച്ച അഗ്നിശമന സേനാംഗങ്ങളോട് പ്രസിഡന്റ് നന്ദി പറഞ്ഞു. തീ അണയ്ക്കാനുള്ള ശ്രമത്തിന്റെ ചിത്രങ്ങൾ നഗരസഭാധികൃതർ പുറത്തുവിട്ടിട്ടുണ്ട്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് പാർലമെന്റിന്റെ ഫയർ അലാറം മുഴങ്ങിയത്. പാർലമെന്റ് അവധിയായതിനാൽ ഇപ്പോൾ സമ്മേളനം നടക്കുന്നില്ല. ഒരു വർഷത്തിനിടെ പാർലമെന്റിൽ നടക്കുന്ന രണ്ടാമത്തെ തീപിടുത്തമാണിത്. മാർച്ചിൽ വൈദ്യുതി തകരാർ മൂലം തീപിടുത്തമുണ്ടായിരുന്നു.
Leave a Reply