ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : എലിസബത്ത് രാജ്ഞിയുടെ സിംഹാസനാരോഹണത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന വർഷമാണിത്. അതിനാൽ തന്നെ 2022ൽ അധിക ബാങ്ക് അവധി ദിനങ്ങളാണ് ബ്രിട്ടീഷുകാരെ കാത്തിരിക്കുന്നത്. രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജൂണ്‍ മാസത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ഒരു അധിക ബാങ്ക് അവധി കൂടി ലഭിക്കും. ഫെബ്രുവരി 6 നാണ് രാജ്ഞി സിംഹാസനത്തില്‍ 70 വര്‍ഷം പൂര്‍ത്തിയാക്കുന്നതെങ്കിലും ആഘോഷങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത് ജൂണിലാണ്. ഇതിനു വേണ്ടി മെയ് മാസത്തിലെ ബാങ്ക് ഹോളിഡേ വാരാന്ത്യം ജൂണ്‍ 2 വ്യാഴാഴ്ച്ചയിലേക്ക് മാറ്റും. അപ്പോള്‍ ജൂണ്‍ 3 ന് ആയിരിക്കും ബാങ്ക് അവധി.

പ്ലാറ്റിനം ജൂബിലി വാരാന്ത്യം കൂടി പരിഗണിക്കുമ്പോൾ മെയ് 30 മുതല്‍ ജൂണ്‍ 1 വരെ മൂന്ന് ദിവസം അവധി എടുത്താൽ തുടര്‍ച്ചയായ 9 ദിവസത്തെ ഒഴിവു ദിനങ്ങൾ ലഭിക്കും. ഇത്തവണ ഏപ്രില്‍ 15 നാണ് ദുഃഖവെള്ളിയാഴ്ച്ച. ഈസ്റ്റര്‍ തിങ്കളാഴ്ച്ച ഏപ്രില്‍ 18 നും. ഏപ്രില്‍ 11 മുതല്‍14 വരെയും ഏപ്രില്‍ 19 മുതല്‍ 22 വരെയും ലീവെടുത്താല്‍ ഏപ്രില്‍ 9 മുതല്‍ 24 വരെ നീണ്ട 16 ദിവസങ്ങൾ ഒഴിവുദിനങ്ങളായി ലഭിക്കും.

ഇങ്ങനെ 2022-ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും അനുവദിച്ചിരിക്കുന്ന 26 ഒഴിവുദിനങ്ങള്‍ 62 ഒഴിവുദിനങ്ങളാക്കി മാറ്റാന്‍ കഴിയും. വാരാന്ത്യങ്ങളും ബാങ്ക് ഒഴിവുദിനങ്ങളും കണക്കാക്കി വാര്‍ഷിക ലീവുകള്‍ എടുത്താല്‍ കൂടുതൽ അവധി ദിനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.