ആശുപത്രിയിലെ ഡ്യൂട്ടിയ്ക്കിടയിലാണ് പൊന്നുമോന്റെ ദാരുണ വിയോഗവാര്‍ത്ത കലയെ തേടിയെത്തിയത്. തളിപ്പറമ്പ് താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ നഴ്സാണ് കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മാതാവ് കല. വിവരമറിഞ്ഞ് കലയെ ഇവിടത്തെ ജീവനക്കാര്‍ ചേര്‍ന്നാണ് തൃച്ചംബരം പാല്‍ക്കുളങ്ങരയിലെ വീട്ടിലെത്തിച്ചത്.

നെഞ്ചുപൊട്ടിക്കരയുന്ന അമ്മയെ ആശ്വസിപ്പിക്കാന്‍ പാടുപെടുകയാണ് ചുറ്റിനുമുള്ളവര്‍. ഒന്നുമില്ല അമ്മേ എന്നു പറഞ്ഞ് ധീരജിന്റെ അനിയന്‍ അദ്വൈത് അമ്മയെ ആശ്വസിപ്പിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു.

പാല്‍കുളങ്ങരയില്‍ ഏറെക്കാലമായി വാടകവീട്ടിലായിരുന്നു താമസം. അടുത്ത കാലത്താണ് പുതിയ വീട് വച്ച് ഇങ്ങോട്ടേക്ക് താമസം മാറ്റിയത്. ഇതിനു പിന്നാലെയാണ് ധീരജിന്റെ ദാരുണമായ മരണം.

സജീവരാഷ്ട്രീയ പ്രവര്‍ത്തകരുടെ കുടുംബമല്ല ധീരജിന്റേത്. എല്‍ഐസി ഏജന്റാണ് അച്ഛന്‍ രാജേന്ദ്രന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. സ്വതന്ത്ര നിലപാടുകാരനാണ് ഇദ്ദേഹം. അമ്മ കുവ്വോട് ആയുര്‍വേദ ആശുപത്രിയില്‍ നഴ്സാണ്. ഇവിടെ ഇടതുപക്ഷ നഴ്സിങ് അസോസിയേഷനില്‍ അംഗമാണെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമല്ല. അനിയനും രാഷ്ട്രീയപ്രവര്‍ത്തനമൊന്നുമില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ധീരജ് പ്ലസ്ടു കഴിഞ്ഞ ശേഷമാണ് എന്‍ജിനീയറിങ് പഠനത്തിനായി ഇടുക്കിയിലേക്ക് പോകുന്നത്. പ്ലസ്ടു പഠനം വരെ നാട്ടില്‍ എസ്എഫ്ഐ അടക്കമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ധീരജിന് ബന്ധമുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും സിപിഎം പ്രാദേശിക നേതൃത്വവും പറയുന്നത്.

എന്‍ജിനീയറിങ് കോളേജില്‍ എത്തിയ ശേഷമാണ് എസ്എഫ്ഐയുമായി അടുക്കുന്നതും പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമാകുന്നതും. പൈനാവ് ഗവ. എന്‍ജിനിയറിങ് കോളേജ് അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാത്ഥിയായിരുന്നു ധീരജ്.

പഠനവുമായി ബന്ധപ്പെട്ട് മൂന്നു വര്‍ഷമായി ധീരജ് കൂടുതല്‍ സമയവും ഇടുക്കിയില്‍ തന്നെയായിരുന്നു. അച്ഛനും അമ്മയും അനുജനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ക്രിസ്മസ് അവധിക്ക് വന്ന ധീരജ് കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരിച്ചുപോയത്.

അതേസമയം, ധീരജിന് വീടിനടുത്ത് തന്നെ അന്ത്യവിശ്രമം ഒരുക്കാന്‍ സ്ഥലം വാങ്ങി സിപിഎം. വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി. ഇവിടെയായിരിക്കും ധീരജിന്റെ മൃതദേഹം സംസ്‌കരിക്കുക. ഈ സ്ഥലത്ത് ധീരജിന് സ്മാരകവും പണിയുമെന്ന് പാര്‍ട്ടി വ്യക്തമാക്കി.