നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനേയും കുടുംബത്തേയും കവര്‍ ചിത്രമാക്കിയുള്ള വനിത മാഗസിന്‍ വിവാദമായപ്പോള്‍ ആ ചിത്രത്തില്‍ തനിക്ക് ഒരു കുഞ്ഞിനെ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂവെന്നും പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിയണമെന്നും പറഞ്ഞുകൊണ്ടുള്ള നിര്‍മാതാവ് സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കാതെ പ്രതിയ്‌ക്കൊപ്പം നില്‍ക്കുന്ന സാന്ദ്രയുടെ നിലപാടായിരുന്നു ചോദ്യം ചെയ്യപ്പെട്ടത്. എന്നാല്‍ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സാന്ദ്ര. തന്റെ വാക്കുകളെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നെന്നും ഒരിക്കലും താന്‍ വേട്ടക്കാരനൊപ്പമല്ലെന്നും സാന്ദ്ര പറയുന്നു.

‘ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ…? ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകള്‍ക്കുള്ള മറുപടി ഓരോരുത്തര്‍ക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ് ഈ പോസ്റ്റിടുന്നത്.

ഈയൊരു ചോദ്യം തന്നെ അപ്രസക്തമാണ്. തീര്‍ച്ചയായും ഇരക്കൊപ്പം തന്നെ. എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാന്‍ നിങ്ങളില്‍ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കില്‍ നമ്മുടെ തങ്കകൊലുസിന്റെ പ്രായമുള്ള ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തില്‍ വളര്‍ന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോള്‍ ചിന്തിച്ചുള്ളു.

ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ്. രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നില്‍ക്കാനാകും…?

ആദ്യം വന്ന കുറച്ചു കമന്റ്‌സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത്. ബാക്കിയുള്ളവര്‍ അത് പിന്തുടര്‍ന്നു. തങ്കക്കൊലുസിന് സുഖമില്ലാതെ ഇരുന്നതിനാല്‍ കമന്റുകള്‍ക്ക് കൃത്യമായി റിപ്ലൈ ചെയ്യാന്‍ പറ്റിയില്ല.

അപ്പോഴേക്കും പോസ്റ്റിന്റെ ഉദ്ദേശം വേറെ വഴിക്ക് കൊണ്ടുപോകപ്പെട്ടിരുന്നു. എന്നെ അറിയാവുന്നവര്‍ ഇതൊന്നും വിശ്വസിക്കില്ല എന്നറിയാം എങ്കിലും ഒരു ക്ലാരിഫിക്കേഷന്‍ തരണമെന്ന് തോന്നി. ഞാന്‍ ഇരയ്‌ക്കൊപ്പം തന്നെയാണ്,’ സാന്ദ്ര തോമസ് പറഞ്ഞു.

വനിത വിവാദത്തിലുള്ള സാന്ദ്ര തോമസിന്റെ ആദ്യ പോസ്റ്റ്..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘മാമാട്ടി’ ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളു. എല്ലാവരെയും സ്‌നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാന്‍ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു.’നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ എന്നുമായിരുന്നു സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്.

കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് സാഗറിന് പണം കൈമാറിയെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.

സാഗറിന്റെ മനസുമാറ്റിയെടുത്ത് പണം കൈമാറിയ കാര്യം ദിലീപിനോട് സഹോദരന്‍ അനൂപ് പറയുന്നതിന്റെ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്.

ഹോട്ടലില്‍ മുറിയെടുത്തത് സുധീറിന്റെ പേരിലാണെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടു.

സാഗര്‍ ഫിലിപ്പച്ചായനെ( ദിലീപിന്റെ അഭിഭാഷകന്‍) കാണാന്‍ പോയോ എന്ന് ദിലീപ് ചോദിക്കുന്നതും നമ്മുടെ സ്വിഫ്റ്റില്‍ ആലപ്പുഴയില്‍ കൊണ്ടുപോയി മനസ് മാറ്റിയെടുത്തു എന്ന് അനൂപ് പറയുന്നതും ഓഡിയോയില്‍ കേള്‍ക്കാം.

ആലപ്പുഴയിലെ ഹോട്ടലില്‍ വെച്ചാണ് സാഗറിനെ സ്വാധീനിച്ചതെന്ന കാര്യം നേരത്തെ പൊലീസിന് മനസിലായിരുന്നെങ്കിലും ഇത് തെളിയിക്കുന്ന രേഖകളോ തെളിവുകളോ പൊലീസിന് ലഭിച്ചിരുന്നില്ല. സാക്ഷിമൊഴികളും ലഭിച്ചിരുന്നില്ല. എന്നാല്‍ ഹോട്ടലില്‍ മുറിയെടുത്തതായുള്ള രജിസ്റ്ററും അനൂപിന്റെ ശബ്ദരേഖയും ബാലചന്ദ്ര കുമാറിന്റെ മൊഴിയുമാണ് ഇപ്പോള്‍ ഈ സംഭവത്തില്‍ വഴിത്തിരിവായത്.