ബ്രിസ്‌റ്റോള്‍: മലയാളിയായ ടോം ആദിത്യ വീണ്ടും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോള്‍ ബ്രാഡ്‌ലി സ്‌റ്റോക്ക് നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 2007 മുതല്‍ ഇക്വാലിറ്റീസ് കമ്മീഷന്‍ ചെയര്‍മാനായും പിന്നീട് കൗണ്‍സിലറായും തെരഞ്ഞെടുക്കപ്പെട്ട ടോം 2017 ല്‍ ഡെപ്യൂട്ടി മേയറും പിന്നീട് 2019 ല്‍ മേയറുമായി. 2020ല്‍ സ്ഥാനം ഒഴിഞ്ഞ് പാര്‍ട്ടിയുടെ കൗണ്‍സില്‍ ലീഡറായി സേവനം അനുഷ്ഠിച്ച് വരികെയാണ് വീണ്ടും മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. സൗത്ത് ഗ്ലൗസെസ്റ്റർഷെയർ കൗൺസിലിന്റെ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ഫോറത്തിന്റെ ചെയർമാനായും ടോം പ്രവർത്തിക്കുന്നു. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും സമ്പന്നമായ കൗൺസിലുകളിലൊന്നാണ് ബ്രിസ്റ്റോൾ- ബ്രാഡ്‌ലി സ്റ്റോക്ക്. ബ്രിസ്റ്റോളിൽ ഇന്ത്യൻ ഹൈക്കമ്മീഷന്റെ കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നതിൽ മുൻകൈ എടുത്തത് ടോം ആയിരുന്നു.

സുഹൃത്തുക്കൾ ‘ടോംജി’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ടോം ആദിത്യ, ലണ്ടന് പുറത്ത് ഏതെങ്കിലുമൊരു നഗരത്തില്‍ മേയറാവുന്ന ആദ്യത്തെ മലയാളിയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആദ്യ ഏഷ്യന്‍ കൗണ്‍സിലര്‍ കൂടിയാണ് ഇദ്ദേഹം. മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, പ്രഭാഷകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ടോം ആദിത്യ, കോവിഡ് കാലത്ത് ഇന്ത്യക്കാരുടെ ആശ്രയമായിരുന്നു. പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ പ്രശ്നത്തിൽ എപ്പോഴും സഹായഹസ്തം നീട്ടാൻ ടോം ഒരുക്കമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2020-ൽ ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള അന്താരാഷ്‌ട്ര വിമാന സർവ്വീസ് സ്ഥാപിക്കുന്നതിലും ഗുരുതരമായ രോഗം ബാധിച്ചവരെ നാട്ടിലെത്തിക്കുന്നതിലും, ലോക്ക്ഡൗൺ സമയത്ത് ഒറ്റപ്പെട്ട ആളുകളെ സഹായിക്കുന്നതിലും വാക്‌സിനേഷൻ ഔട്ട്‌റീച്ച് ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിലും ടോം മുൻനിരയിലുണ്ടായിരുന്നു. ജീവിതത്തിൽ തനിക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ അതെല്ലാം ലോകത്തെ നന്നായി മനസ്സിലാക്കാനുള്ള അനുഭവമായി മാറിയെന്നും ടോം വെളിപ്പെടുത്തി. “ജനങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്യുന്നതാണ് രാഷ്ട്രീയം. മികച്ച ജീവിത സൗകര്യങ്ങൾ, കുറഞ്ഞ നികുതി, തുല്യ നീതി എന്നിവ ഉറപ്പാക്കിക്കൊണ്ട് സാമ്പത്തിക വികസനം ഉണ്ടാക്കുകയാണ് എന്റെ ലക്ഷ്യം.” മേയറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ടോം പ്രതികരിച്ചു.

കേരളത്തിലും ബാംഗ്ലൂരിലുമായി നിയമപഠനവും എംബിഎയും പൂര്‍ത്തിയാക്കിയ ടോം ബാങ്കിംഗ് മേഖലയിലേക്കാണ് തിരിഞ്ഞത്. ശേഷം അമേരിക്കയിലെ പ്രൊജക്ട് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലണ്ടനില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസിലും ഉപരിപഠനം പൂര്‍ത്തിയാക്കി. സ്വാതന്ത്ര്യ സമര സേനാനിയും പാലായിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ വെട്ടം മാണിയുടെ പൗത്രനാണ് ടോം. ഭാര്യ ലിനി എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്‌സാണ്. മക്കള്‍ : അഭിഷേക്, അലീന, ആല്‍ബര്‍ട്ട്, അഡോണ, അല്‍ഫോന്‍സ്.