ലണ്ടന്‍: വിമാനങ്ങളില്‍ മദ്യലഹരിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന യാത്രക്കാരെ നിയന്ത്രിക്കാന്‍ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തി ഒരു വര്‍ഷം കഴിഞ്ഞെങ്കിലും അവ ഫലപ്രദമല്ലെന്ന് ക്യാബിന്‍ ജീവനക്കാര്‍. പ്രശ്‌നങ്ങളുണ്ടാക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടാകുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. 30,000ലേറെ ക്യാബിന്‍ ജീവനക്കാര്‍ അംഗങ്ങളായ യുണൈറ്റ് യൂണിയനാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ അംഗങ്ങളില്‍ 78 ശതമാനം പേര്‍ക്കും യാത്രക്കാരില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ടെന്ന് യൂണൈറ്റ് അറിയിച്ചു. നാലിലൊന്ന് പേര്‍ മാത്രമാണ് മദ്യപാനികളെ നിയന്ത്രിക്കാന്‍ നിയമം സഹായകമായെന്ന് അറിയിച്ചതെന്നും യുണൈറ്റ് അറിയിച്ചു.

2016 ജൂലൈയിലാണ് പുതിയ നിയമം നിലവില്‍ വന്നത്. പോലീസ്, വിമാനക്കമ്പനികള്‍, വിമാനത്താവളങ്ങള്‍, വിമാനത്താവളങ്ങളിലെ റീട്ടെയ്‌ലര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് നിയമം നടപ്പാക്കുന്നത്. എയര്‍ നാവിഗേഷന്‍ ഓര്‍ഡര്‍ അനുസരിച്ച് മദ്യപിച്ചുകൊണ്ടോ മദ്യലഹരിയിലോ വിമാനങ്ങളില്‍ പ്രവേശിക്കരുത്. യാത്രക്കായി എത്തുന്നവര്‍ക്ക് മദ്യം വില്‍ക്കുന്നതില്‍ നിന്ന് എയര്‍ലൈനുകളെയും എയര്‍പോര്‍ട്ട് ബാറുകളെയും റീട്ടെയിലര്‍മാരെയും യുകെ ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോഡ് ഓഫ് പ്രാക്ടീസ് ഓണ്‍ ഡിസ്‌റപ്റ്റീവ് പാസഞ്ചേഴ്‌സ് വിലക്കുന്നു.

വാങ്ങുന്ന മദ്യം തുറക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് യാത്രക്കാര്‍ക്ക് റീട്ടെയിലര്‍മാര്‍ നിര്‍ദേശവും നല്‍കാറുണ്ട്. എന്നാല്‍ ഈ നിയന്ത്രണങ്ങളൊന്നും ഫലിക്കുന്നില്ലെന്നാണ് ക്യാബിന്‍ ക്രൂ ജീവനക്കാര്‍ അറിയിക്കുന്നത്. മദ്യലഹരിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ കുറവില്ലെന്ന് മാത്രമല്ല വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലേക്ക് പ്രശ്‌നങ്ങള്‍ നീളുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഇവരില്‍ 10 ശതമാനം പേര്‍ അറിയിക്കുകയും ചെയ്യുന്നു. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണക്ക് അനുസരിച്ച് 2016ല്‍ യാത്രക്കാര്‍ പ്രശ്‌നമുണ്ടാക്കിയ 421 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ ഭൂരിപക്ഷവും മദ്യലഹരിയിലായിരുന്നു.