ബിഹാറിലെ മന്ത്രി പുത്രനെ ഗ്രാമവാസികൾ കല്ലെറിഞ്ഞും മർദ്ദിച്ചും നേരിട്ടതായി പോലീസ്. തോട്ടത്തിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികളെ ഓടിക്കാൻ വെടിയുതിർത്തതിന് പിന്നാലെയാണ് മന്ത്രിയുടെ മകനെ ഗ്രാമവാസികൾ മർദ്ദിച്ചത്. ഞായറാഴ്ച ബിഹാറിലെ വെസ്റ്റ് ചാമ്പരൻ ജില്ലയിലായിരുന്നു സംഭവം. ബിഹാർ ടൂറിസം മന്ത്രി നാരായൺ പ്രസാദ് സാഹയുടെ മകൻ ബബ്ലു കുമാറാണ് കുട്ടികളെ ഓടിക്കാൻ വെടിയുതിർത്തെന്ന് ഗ്രാമീണർ പറയുന്നു.

ക്രിക്കറ്റ് കളിക്കുന്നതിനിടെ മന്ത്രിയുടെ കുടുംബാംഗങ്ങൾ കുട്ടികളെ മർദിച്ചുവെന്നും ബബ്ലു ആകാശത്തേക്ക് വെടിയുതിർത്തത് സ്ഥിതി വഷളാക്കിയെന്നുമാണ് ഗ്രാമവാസികളുടെ ആരോപണം.

തുടർന്ന് മന്ത്രിയുടെ മകൻ ബബ്ലു കുമാറും ഗ്രാമവാസികളും തമ്മിൽ ഏറ്റുമുട്ടിയതായി പോലീസ് പറഞ്ഞു. ബബ്ലു കുമാറിന്റെ കൈയിൽ നിന്ന് ഗ്രാമവാസികൾ തോക്ക് തട്ടിയെടുക്കുകയും ചെയ്തു. ഹർദിയ ഗ്രാമത്തിലാണ് മന്ത്രി നാരായൺ പ്രസാദ് സാഹയുടെ വീടുള്ളത്.

മന്ത്രിയുടെ മാമ്പഴ തോട്ടത്തിൽ ഞായറാഴ്ച രാവിലെ ഒരു സംഘം കുട്ടികൾ ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഈ സമയം മന്ത്രിയുടെ മകൻ ബബ്ലു പ്രസാദും കൂട്ടാളികളും ഇങ്ങോട്ടേക്കെത്തുകയും കുട്ടികളോട് സ്ഥലം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കുട്ടികളും മന്ത്രി പുത്രനും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ചില കുട്ടികൾക്ക് മർദനമേറ്റു. ശേഷം കുട്ടികളെ ഓടിക്കാൻ മന്ത്രിപുത്രൻ ആകാശത്തേക്ക് വെടിയുതിർത്തു.

കുട്ടികൾക്ക് മർദനമേറ്റതറിഞ്ഞ് ഗ്രാമവസികൾ സംഘടിച്ചെത്തി. മന്ത്രി പുത്രനേയും കൂട്ടാളികളേയും ഗ്രാമവാസികൾ മർദിച്ചു. സംഘർഷം രൂക്ഷമായതോടെ മന്ത്രിയുടെ കാറും ഗ്രാമവാസികൾ എറിഞ്ഞു തകർത്തു. സ്ഥിതിഗതികൾ ഗുരുതരമാകുന്നത് കണ്ട് മന്ത്രിയുടെ മകനും അമ്മാവൻ ഹരേന്ദ്ര പ്രസാദും ഒപ്പമുണ്ടായിരുന്നവരും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കല്ലേറിൽ ഇരുവിഭാഗത്തിനും പരിക്കേറ്റതായി ബിഹാർ ടൂറിസം മന്ത്രി നാരായൺ പ്രസാദ് സാഹ പറഞ്ഞു. എതിരാളികൾ തന്നെ അപകീർത്തിപ്പെടുത്താനുള്ള കിംവദന്തികളാണ് പടച്ചുവിടുന്നതെന്നും വാക്കുതർക്കത്തിനിടെ കുട്ടികളുടെ ബന്ധുക്കൾ ഇഷ്ടികകൾ എറിയുകയായിരുന്നുവെന്നും മന്ത്രി പറയുന്നു. തന്റെ മകൻ വെടിയുതിർത്തില്ല, റിവോൾവർ തട്ടിപ്പറിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.