ജീവിക്കാൻ മറ്റ് മാർഗങ്ങളില്ല സ്വന്തം വൃക്ക വിൽപ്പനയ്ക്ക് വെച്ച് 55 കാരൻ. ചെറുപ്പളശ്ശേരി സ്വദേശി സജി (55) ആണ് വൃക്ക വിൽക്കാനായി പോസ്റ്റർ പതിച്ചിരിക്കുന്നത്. പതിനൊന്ന് ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത തീർക്കുന്നതിനാണ് ഇയാൾ വൃക്ക വിൽക്കാനുണ്ടെന്ന പോസ്റ്റർ പതിച്ചത്.

ഓ പോസറ്റീവ് വൃക്ക വിൽക്കാനുണ്ടെന്നും ആവശ്യമുള്ളവർ ബന്ധപെടുകയെന്നും പറഞ്ഞ് ഫോൺ നമ്പർ സഹിതമാണ് സജി പോസ്റ്റർ പതിച്ചിരിക്കുന്നത്. കഴിഞ്ഞ 25 വർഷമായി വാടക വീട്ടിലാണ് സജിയും കുടുംബവും താമസിച്ചിരുന്നത്. ഒന്നര വർഷം മുൻപ് പത്ത് സെന്റ് സ്ഥലം വാങ്ങുകയും അതിൽ ഒരു ഷെഡ് കെട്ടി താമസിക്കുകയുമായിരുന്നു. കൈയിലുണ്ടായിരുന്നതും കടം വാങ്ങിയുമാണ് സജി സ്ഥലം വാങ്ങിയത്.

എന്നാൽ കടം വാങ്ങിയ പണം തിരിച്ച് നൽകാൻ പെയിന്റിങ് തൊഴിലാളിയായ സജിക്ക് സാധിച്ചില്ല. രണ്ട് ആൺ മക്കൾ ബികോം വരെ പഠിച്ചെങ്കിലും 6000 രൂപ ശമ്പളത്തിന് ജോലി ചെയ്യുകയാണ്. അമ്മയുടെ ചികിത്സയ്ക്കായി ലക്ഷങ്ങൾ ചിലവായതായും സജി പറയുന്നു. കോവിഡും കൂടി വന്നതോടെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥ വന്നതെന്നും സജി പറയുന്നു.

ആഗ്രഹിച്ച് വാങ്ങിയ സ്ഥലവും അതിൽ പണിത ഷെഡും നഷ്ടപ്പെടുമെന്ന ഭയമാണ് വൃക്ക വിൽക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് സജി പറഞ്ഞു. അതേസമയം ഈ തീരുമാനത്തിന് കുടുംബം എതിർപ്പാണെങ്കിലും കുടുംബത്തെ രക്ഷിക്കാൻ ഇതല്ലാതെ വേറെ വഴിയില്ലെന്ന് സജി നിറ കണ്ണുകളോടെ പറയുന്നു.