അനാമിക കെന്റ് യു കെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു. ‘സ്വരദക്ഷിണ’ എന്നു പേരു നൽകിയിരിക്കുന്ന ഈ ആൽബത്തിലൂടെ ഭാവസാന്ദ്രമായ ഒരു മെലഡിയാണ് ഇത്തവണ പ്രേക്ഷകരിലേക്കെത്തുന്നത്.
ശബ്ദമാധുര്യംകൊണ്ടും, ആലാപനമികവുകൊണ്ടും, സംഗീതസദസ്സുകളിൽ ശ്രദ്ധേയനായ യു.കെ യുടെ പ്രിയഗായകൻ ശ്രീ റോയ് സെബാസ്റ്റ്യനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സ്വരദക്ഷിണയ്ക്ക് സംഗീതം പകർന്നിരിക്കുന്നത് മികച്ച സംഗീതസംവിധായകനും പ്രോഗ്രാമറുമായ ശ്രീ അനൂപ് വൈറ്റ്ലാന്റ് ആണ്.
വരികൾ എഴുതിയിരിക്കുന്നത് യു.കെയിലെ പ്രശസ്ത കവയിത്രിയും നോവലിസ്റ്റുമായ ബീനാ റോയ് ആണ്. ഭാവതരളവും മാനവികത നിറഞ്ഞതുമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയ്. ‘ക്രോകസിന്റെ നിയോഗങ്ങൾ’, ‘പെട്രോഗ്രാദ് പാടുന്നു’ എന്ന രണ്ട് കവിതാസമാഹാരങ്ങളും, ‘സമയദലങ്ങൾ’ എന്ന ചിന്താപരമായ പുതിയ നോവലും വായനക്കാർ ഏറ്റുവാങ്ങിയിട്ടുണ്ട്. സാഹിത്യലോകത്ത് സുപരിചിതയായ ബീനാ റോയി എഴുതിയ പതിനൊന്നാമത്തെ ആൽബം സോങ്ങാണ് ‘സ്വരദക്ഷിണ’യിലേത്.
അനാമിക കെന്റ് യു കെയുടെ മുൻ ആൽബങ്ങളായ ‘ബൃന്ദാവനിയും’, ‘ഇന്ദീവരവും’, സംഗീതമേന്മക്കൊണ്ടും, ആലാപന മികവുകൊണ്ടും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എല്ലാ സംഗീതപ്രേമികൾക്കും എക്കാലവും മനസ്സിൽ സൂക്ഷിക്കാൻ സംഗീത മധുരമായ ഈ ആൽബം ഗർഷോം ടീവിയിൽ ഉടൻതന്നെ റിലീസിനൊരുങ്ങുന്നു.
Leave a Reply