നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു. വാദങ്ങള്‍ക്കിടെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിഭാഗം ഉന്നയിച്ചത്.
കേസില്‍ പ്രതികള്‍ക്ക് അനുകൂലമാണ് കോടതിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ടെന്ന് ദിലീപ് പറഞ്ഞു. ആരോപണങ്ങള്‍ പലതും കെട്ടുകഥകളാണ്. മാധ്യമങ്ങള്‍ തന്നെ നശിപ്പിക്കുകയാണ്. ഒരിക്കല്‍ മണിയുടെ അനിയനെ കൊല്ലാന്‍ ശ്രമിച്ചെന്ന് പറഞ്ഞു. ഇപ്പോള്‍ ആരോ മരിച്ചത് താന്‍ കൊന്നതാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നതെന്ന് ദിലീപ് വാദിച്ചു. മാധ്യമ വാര്‍ത്തകളെ ഗൗനിക്കാറില്ലെന്നാണ് കോടതി ദിലീപിന്റെ ഈ വാദത്തോട് പ്രതികരിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് തനിക്കെതിരെ കേസെടുത്തത്. വീഡിയോ പ്ലേ ചെയ്ത് ‘നിങ്ങള്‍ അനുഭവിക്കും’ എന്നു പറഞ്ഞത് ഗൂഢാലോചനയല്ലെന്ന് ദിലീപ് വാദിച്ചു.
കേസുമായി ബന്ധപ്പെട്ട 161 മൊഴികള്‍ വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. ഒരു കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ എഡിജിപി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വൈരാഗ്യം കാരണം കെട്ടിച്ചമച്ചതാണ് കേസെന്നും ദിലീപ് വാദിച്ചു.ബാലചന്ദ്രകുമാര്‍ പറയാത്ത പല കാര്യങ്ങളും എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. മാത്രമല്ല, സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെന്ന് പറയുന്ന ടാബ് ബാലചന്ദ്രകുമാര്‍ ഇതുവരെ ഹാജരാക്കിയിട്ടില്ല. ടാബ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിവരങ്ങള്‍ ലാപ് ടോപ്പിലേക്ക് മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ പറയുന്നത്. ഒടുവില്‍ പൊലീസിന് കൈമാറിയ പെന്‍ ഡ്രൈവില്‍ ഉള്ളത് മുറി സംഭാഷണങ്ങള്‍ മാത്രമാണെന്നും സംഭാഷണങ്ങളില്‍ ഭൂരിഭാഗവും മുറിച്ചുമാറ്റിയാണ് കൈമാറിയിരിക്കുന്നതെന്നും ദിലീപ് വാദിച്ചു.
നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പോരാ എന്ന് കണ്ടാണ് പൊലീസ് തനിക്കെതിരെ പുതിയ കേസെടുത്തതെന്നും ദിലീപ് പറഞ്ഞു. പല കാര്യങ്ങള്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തിയെടുത്ത സംഭാഷണം മാത്രം കൊണ്ട് ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ല. കെട്ടിച്ചമച്ച തെളിവുകളാണ് തനിക്ക് നേരെ ഉയര്‍ത്തിയിട്ടുള്ളത്. വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭര്‍ത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഗൂഢാലോചനാ കേസ് എടുത്തിരിക്കുന്നത്. ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് ദിലീപ് ചോദിച്ചു.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ താന്‍ കണ്ടു എന്ന വാദം തെറ്റാണ്. ഭാര്യയും അമ്മയും ഉള്ളപ്പോള്‍ വീട്ടിലിരുന്ന് ദൃശ്യങ്ങള്‍ കണ്ടു എന്നത് വസ്തുതാ വിരുദ്ധം. ഇതിന് പിന്നില്‍ ബാലചന്ദ്രകുമാറിന്റെ തിരക്കഥയാണ്. ബാലചന്ദ്രകുമാറിന്റെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങളാണ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. തന്നെ ഇരുമ്പഴിക്കുള്ളിലാക്കുക ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. ആലുവ സ്റ്റേഷന്‍ പരിധിയില്‍ നടന്നെന്ന് പറയുന്ന ഗൂഢാലോചന അന്വേഷിക്കാന്‍ എന്തിനാണ് ക്രൈംബ്രാഞ്ചെന്നും ദിലീപ് ചോദിച്ചു.
Leave a Reply