ഇളമാട് അമ്പലംമുക്കിലെ ഷാനു ഹൗസിൽ ഇന്ന് വിവാഹമേളം മുഴങ്ങേണ്ടതായിരുന്നു. എന്നാൽ നാട്ടുകാരേയും വീട്ടുകാരേയും ഞെട്ടിച്ച് തേടിയെത്തിയത് വേണ്ടപ്പെട്ടവരുടെ അപകട വാർത്ത. വ്യാഴാഴ്ച രാവിലെ ഏഴിന് വിവാഹത്തിനു പുറപ്പെടാനുള്ള ഒരുക്കങ്ങളിലായിരുന്നു വരനായ അമൽ ഷാജിയും ബന്ധുക്കളും. തലേദിവസമായ ബുധനാഴ്ച വധുവിന് നൽകാനുള്ള പുടവയുമായി അമലിന്റെ ഏറ്റവും അടുത്ത ബന്ധുക്കളും അയൽക്കാരും സുഹൃത്തുക്കളുമെല്ലാം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അഞ്ച് വാഹനങ്ങളിലായി ഹരിപ്പാട്ടെ വധൂഗൃഹത്തിലേക്ക് യാത്ര തിരിച്ചത്.
പിന്നീട് ഒന്നേകാലോടെയാണ് അടൂരിൽവെച്ച് അപകടമുണ്ടായ വിവരം അമ്പലംമുക്കിലെ വീട്ടിലെത്തിയത്. അമലിന്റെ ബന്ധുക്കളായ ശകുന്തളയും ഇന്ദിരയും കുടുംബസുഹൃത്ത് ശ്രീജയും മരിച്ച വിവരം ഇനിയും ഇവർക്ക് വിശ്വസിക്കാനാകുന്നില്ല. അമ്പലംമുക്ക് പെട്രോൾ പമ്പിനടുത്താണ് അമലിന്റെ വീട്. അടുത്തുതന്നെയാണ് ഇന്ദിരയും മകളും താമസിച്ചിരുന്നത്. ശകുന്തളയുടെ വീടും ഇതിനടുത്തുതന്നെയായിരുന്നു. ശ്രീജയും അമലിന്റെ വീടിനടുത്തായിരുന്നു മുമ്പ് താമസിച്ചിരുന്നത്. പിന്നീട് തേവന്നൂർ എസ്റ്റേറ്റ് ജങ്ഷനിൽ വീടുവെച്ച് താമസം തുടങ്ങി.
അമലിന്റെ കുടുംബവുമായി നല്ല സൗഹൃദത്തിലായിരുന്നു ശ്രീജയും കുടുംബവും. പുടവ കൈമാറൽച്ചടങ്ങിനു പോകുന്നില്ലെന്നാണ് ശ്രീജ തീരുമാനിച്ചിരുന്നത്. എന്നാൽ, സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി അവസാനനിമിഷം യാത്ര പുറപ്പെടുകയായിരുന്നു.
കശുവണ്ടി ഫാക്ടറിയിലും തൊഴിലുറപ്പുജോലിക്കും പോയിരുന്നു ഇന്ദിരയും ശകുന്തളയും. ശ്രീജ എസ്റ്റേറ്റ് മുക്കിൽ തയ്യൽക്കട നടത്തിയിരുന്നു. എല്ലാവരുമായും മൂവരും നല്ല സൗഹൃദത്തിലുമായിരുന്നു. അതുകൊണ്ടുതന്നെ നാടിന് ഇവരുടെ വേർപാട് തീരാവേദനയാകുകയാണ്.
അതേസമയം, അടൂരിൽ കാർ കനാലിലേക്ക് മറിയാൻ കാരണം ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവർ വാഹനം ഓടിച്ചതു കാരണമാണെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. ഹരിപ്പാട്ടേക്ക് വേഗത്തിൽ പോവുകയായിരുന്ന വാഹനം അടൂർ ബൈപ്പാസ് ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിയണമെന്ന് ഗൂഗിൾ മാപ്പിൽ കണ്ടു. ബ്രേക്ക് ചെയ്യാനാണ് ഡ്രൈവർ ശ്രമിച്ചത്. എന്നാൽ, അബദ്ധവശാൽ ആക്സിലേറ്ററിലാണ് ചവിട്ടിയത്. ഇത് ശരിവെക്കുന്ന തരത്തിൽ പരിക്കേറ്റ യാത്രക്കാർ പറഞ്ഞതായും അവർ അറിയിച്ചു.
Leave a Reply