ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ കോവിഡ് കാലത്ത് മാമ്മോഗ്രാം പോലുള്ള ടെസ്റ്റുകൾ ചെയ്യുന്നതിന് ഉണ്ടായ കാലതാമസം മൂലം എഴുനൂറോളം പേർ ബ്രെസ്റ്റ് ക്യാൻസർ വന്ന് മരണപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് പുതിയ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ടെസ്റ്റുകളും മറ്റും ചെയ്യുവാൻ സാധിക്കാതെ രോഗം കണ്ടുപിടിക്കാതെ പോയവരും അനേകരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രമമായുള്ള ചെക്കപ്പുകളും മറ്റും വളരെ മാസങ്ങൾ ഭൂരിഭാഗം രോഗികൾക്കും നീണ്ടുപോയി. ജൂലൈ 2020 മുതൽ 2021 ജൂലൈ വരെയുള്ള കാലഘട്ടത്തിൽ യു കെ യിൽ മാത്രം 1.5 മില്യൺ സ്ത്രീകൾക്കാണ് മമ്മോഗ്രാം ടെസ്റ്റ് ഏഴ് മാസം വരെ നീണ്ടു പോയത്. ഡിപ്പാർട്ട്മെന്റ് ഫോർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ, യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി, ക്വീൻ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പുതിയ പഠനങ്ങൾ നടത്തിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ രോഗലക്ഷണങ്ങൾ ഉള്ള നിരവധി പേർക്കും ടെസ്റ്റുകൾ നടത്തുവാൻ സാധിച്ചിരുന്നില്ല. ഇത് രോഗം മൂർച്ഛിച്ച ഘട്ടത്തിൽ മാത്രമാണ് ചികിത്സ ലഭ്യമാക്കുന്നതിന് ഇത്തരം രോഗികളെ ഇടയാക്കിയത്.
ഗവൺമെന്റ് ഭാഗത്തുനിന്നും എൻ എച്ച് എസ് സ്റ്റാഫുകളുടെ കുറവ് പരിഹരിക്കുന്നതിൽ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന ശക്തമായ ആവശ്യം പ്രമുഖ ക്യാൻസർ ചാരിറ്റി അസോസിയേഷനുകൾ നടത്തിയിട്ടുണ്ട്. പഠനറിപ്പോർട്ടിൽ പുറത്തുവന്നിരിക്കുന്ന കാര്യങ്ങൾ തികച്ചും വേദനാജനകമാണെന്ന് ” “ബ്രസ്റ്റ് കാൻസർ നൗ ” ചീഫ് എക്സിക്യൂട്ടീവ് ബറോനെസ്സ് മോർഗൻ വ്യക്തമാക്കി. എൻ എച്ച് എസിൽ ഉണ്ടാകുന്ന കാലതാമസം പരിഹരിക്കുന്നതിനാവശ്യമായ അടിയന്തര നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
Leave a Reply