ന്യൂസ് ഡെസ്ക് മലയാളം യുകെ
കീവ് : യുക്രൈനിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യക്കാരെ റൊമാനിയ, ഹംഗറി അതിർത്തികൾ വഴി രക്ഷപെടുത്തുന്നതിനുള്ള നീക്കമാണ് ഇന്ത്യൻ എംബസി ആരംഭിച്ചത്. അതിർത്തി പ്രദേശങ്ങളിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ എംബസി അഭ്യർത്ഥിച്ചു. റൊമാനിയൻ അതിർത്തിയായ ചെർനിവ്‌സിക്ക് സമീപമുള്ള ഇന്ത്യൻ പൗരന്മാർ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ആദ്യം പുറപ്പെടണമെന്ന് എംബസി പറഞ്ഞു. അതേസമയം യുക്രെയ് നിൽനിന്ന് 40 ഇന്ത്യൻ വിദ്യാർത്ഥികൾ പോളണ്ടിലെത്തിയിട്ടുണ്ട്.
അതിർത്തിയിലൂടെയുള്ള യാത്രയിൽ സഹായമായി ചെക്ക്‌പോസ്റ്റുകളിൽ നമ്പരുകൾ സജ്ജീകരിച്ചിട്ടുണ്ട്. യുക്രൈനിലെ ഓരോ ഇന്ത്യക്കാരനും അവരുടെ പാസ്‌പോർട്ട്, അടിയന്തര ചെലവുകൾക്കുള്ള പണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ കരുതാൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈനിലുള്ള വിദ്യാർത്ഥികൾക്കും മറ്റ് ഇന്ത്യൻ പൗരന്മാർക്കും വേണ്ടി ഇന്ത്യൻ സർക്കാർ ഹെൽപ്പ് ലൈനുകൾ ആരംഭിച്ചു. ഇന്ത്യൻ പൗരന്മാർക്ക് എംബസിയുമായി +38 0997300483, +38 0997300428, +38 0933980327, +38 0635917881, +38 0935046170 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾക്കു വിദേശകാര്യ മന്ത്രാലയം തുടക്കമിട്ടെങ്കിലും, റോഡിലൂടെയുള്ള യാത്ര ദുഷ്കരമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. “യുക്രൈനിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്കു നീങ്ങാൻ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഷെല്ലാക്രമണം എപ്പോള്‍ വേണമെങ്കിലും നടക്കാമെന്നതിനാല്‍ റോഡ് മാര്‍ഗം എങ്ങനെ യാത്ര ചെയ്യുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെത്താന്‍ കുറഞ്ഞത് 12 മണിക്കൂറെങ്കിലും എടുക്കും. എല്ലാവരും രേഖകളും അത്യാവശ്യ വസ്തുക്കളും ബാഗുകളില്‍ തയാറാക്കി വച്ചിട്ടുണ്ട്.” തിരുവനന്തപപുരം സ്വദേശിയായ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി ഫഹദ് റഹ്‌മാന്‍ പറഞ്ഞു. യുക്രൈനിൽ ഏകദേശം 16,000 ഇന്ത്യക്കാരുണ്ട്. ഇതിൽ കൂടുതലും മെഡിക്കൽ വിദ്യാർത്ഥികളാണ്. റഷ്യൻ സേനയുടെ ആക്രമണങ്ങളിൽനിന്ന് രക്ഷനേടാൻ ഭൂഗർഭ മെട്രോ സ്റ്റേഷനുകൾ, ബേസ്‌മെന്റുകൾ തുടങ്ങിയ അഭയകേന്ദ്രങ്ങളിൽ കഴിയുകയാണ് പലരും.
Leave a Reply