ന്യൂസ് ഡെസ്ക് മലയാളം യുകെ

യൂറോപ്പിലെ തന്നെ ആദ്യത്തെ ലൈവ് പേഷ്യന്റ് ടു പേഷ്യന്റ് ലെഗ് വെയ്ൻ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി ഇംഗ്ലണ്ടിലെ കിങ്‌സ് ആശുപത്രി. ഈ ചരിത്രനേട്ടത്തിൽ മൂന്ന് മലയാളി നേഴ്‌സുമാരുടെ കൈയൊപ്പ് ഉണ്ടെന്ന്! നമുക്ക് അഭിമാനിക്കാം. മിനിജ ജോസഫ്, സോണിമോൾ ജോയ്, ഷൈനി വർഗീസ് എന്നിവരാണ് ശസ്ത്രക്രിയയിൽ പങ്കെടുത്ത മലയാളി നേഴ്സുമാർ. വാസ്കുലർ സർജൻ ഹാനി സ്ലിം ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. തിയേറ്റർ ടീമിനെ നയിച്ചത് മലയാളിയായ മിനിജ ജോസഫ് ആണ്. സോണിമോൾ ജോയ് കാർഡിയോവാസ്കുലർ തീയറ്റർ കോർഡിനേറ്ററാണ്. ഷൈനി വർഗീസ് കാർഡിയോവാസ്‌കുലാർ തീയറ്റർ ടീം ലീഡറാണ്.

നവംബർ 27 -നാണ് സഹോദരൻമാരായ ജുബ്രിലും ഗഫാർ ലാവലും സങ്കീർണ്ണമായ കാലിലെ ധമനികളുടെ മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായത്. സഹോദരന്മാരിൽ ജുബ്രിലിൻെറ കാൽ മുറിച്ച് മാറ്റുന്നത് തടയുന്നതിനായി മറ്റയാൾ കാലിലെ വെയ്ൻ ദാനം ചെയ്യുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് സഹോദരങ്ങൾ സുഖം പ്രാപിച്ച് വരുന്നു.

എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലാണ് മലയാളികൾക്ക് അഭിമാനമായി ഈ മാലാഖമാർ ഇടം പിടിച്ചത്. മിനിമലി ഇൻവേസിവ് കീഹോൾ സർജറി ഉപയോഗിച്ച് സംഘം ഗഫാറിന്റെ കാലിൽ നിന്ന് വെയ്ൻ മാറ്റി സഹോദരൻെറ കാലിൽ ചേർക്കുകയാണ് ചെയ്തത്. ജുബ്രിലിന് ഇസ്കെമിയ എന്ന രോഗാവസ്ഥയാണ് ഉണ്ടായിരുന്നത്. ഇത് ശരീരത്തിലെ രക്തപ്രവാഹം പരിമിതപ്പെടുത്തിയിരിക്കുന്ന ഒരു അവസ്ഥയാണ്. രോഗലക്ഷണങ്ങൾ മെച്ചപ്പെടുത്താൻ മറ്റൊരു ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി പരാജയപ്പെട്ടതിനെത്തുടർന്ന്, ജുബ്രിലിനെ അടിയന്തിരമായി കിംഗ്സ് കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് വെയ്ൻ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്.