രാധാകൃഷ്ണൻ മാഞ്ഞൂർ

‘ഈ ജീവിതത്തിൽ ചേട്ടൻ തൃപ്തനാണോ ‘ എൻറെ ചോദ്യം അപ്രതീക്ഷിതമായിരുന്നു . (ഭാര്യയെയും മക്കളെയും ഇട്ടെറിഞ്ഞുള്ള ഈ സഞ്ചാരം ശരിയാണോ എന്നുള്ള അർത്ഥത്തിലായിരുന്നു ചോദ്യം.)

‘പൂർണ്ണ തൃപ്തൻ. എനിക്ക് കാണേണ്ട ആളെ ഇന്ന് കണ്ടു. എൻറെ മകളെ …
അവൾക്കു മാത്രമേ എന്നോട് ഇഷ്ടമുള്ളൂ. പിന്നെയുള്ള രണ്ട് ആൺ മക്കൾക്കും എന്നെ ഇഷ്ടമില്ല. മകൾക്കറിയാം ഞാൻ ഈ അമ്പലത്തിൽ വരുമെന്ന് . കലണ്ടറിൽ നോക്കി പ്രധാന അമ്പലങ്ങളിലെ ഉത്സവങ്ങൾ അവൾ കണ്ടുപിടിക്കും . എന്നെ കാണണമെന്ന് തോന്നുമ്പോൾ അവൾ വരും, … ഇന്നലെ വന്നത് അവളും , മകളും കൂടിയാ…’

ഗോപാലേട്ടൻ ചിരിച്ചു.
ഞാൻ ചിരിച്ചില്ല … കലണ്ടറിൽ നോക്കി ഉത്സവസ്ഥലത്തു നിന്ന് അച്ചനെ കാണുന്ന മകൾ … മുത്തച്ചനെ കാണുന്ന കൊച്ചുമകൾ …

എനിക്ക് പുച്ഛം തോന്നുന്നു.
എന്തൊരു ജീവിത ശൈലിയുടെ ഉടമയാണീയാൾ …?
‘ എങ്ങനെയാണ് ജീവിതച്ചിലവ് ?’

അതിനൊക്കെ ചില പൊടികൈകളുണ്ട്. വാ കീറിയ തമ്പുരാൻ ഇരയും തരും . ‘

തുകൽ ബാഗിനുള്ളിൽ നിന്നും ഒരു ലെൻസെടുത്തു കാണിച്ചു . ‘ഇത് കണ്ടോ … ഹസ്തരേഖാ പ്രവചനം ‘ ഗോപാലേട്ടൻ വീണ്ടും ചിരിച്ചു.

ശരിക്കും ഞെട്ടിയത് ഞാനാണ്.

മനുഷ്യൻറെ ഭാവി ഭൂത വർത്തമാനങ്ങളുടെ ഉടമസ്ഥനാണ് എൻറെ അരികിൽ നിൽക്കുന്ന ഈ മനുഷ്യൻ . ഇയാളെ ഇപ്പോഴും പൂർണമായി മനസ്സിലാക്കാൻ പറ്റുന്നില്ല .

‘എങ്കിൽ എൻറെ കൈ ഒന്ന് നോക്കൂ’ അദ്ദേഹം ലെൻസെടുത്ത് എൻറെ കൈരേഖകളിലൂടെ കടന്നുപോയി. നിസ്സഹായതയിൽ പൊതിഞ്ഞ ഒരു ചിരി എനിക്ക് സമ്മാനിച്ചു.

‘ ഇത്തവണയെങ്കിലും പി എസ് സി റാങ്ക് ലിസ്റ്റിൽ വരുമോ . പരീക്ഷ എളുപ്പമായിരിക്കുമോ .
എനിക്ക് മറ്റൊന്നും അറിയണ്ട . ‘
‘റാങ്ക് ലിസ്റ്റിൽ കടന്നു കൂടാൻ നിന്റെയീ കൈരേഖകൾ പോരാ. കാരണം നീയൊരു വിഡ്ഢിയാണ്. ‘ ഗോപാലേട്ടൻ വീണ്ടും ചിരിക്കുന്നു.

എന്റെ അഹങ്കാരത്തിനു മുകളിൽ സ്വയം ബുദ്ധിജീവി ചമയുന്ന ധാർഷ്ട്യത്തിന് മുകളിലൊക്കെ ആ ചിരി പരന്നൊഴുകുന്നു.

എനിക്ക് ഗോപാലേട്ടനെ കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത് .
ഒരു ദക്ഷിണ പോലും കൊടുക്കാതെ ഞാനെഴുന്നേറ്റു . ഭാവി ഭൂത വർത്തമാനങ്ങളൊക്കെ എത്ര കൃത്യമായി അയാൾ കണ്ടെത്തിയിരിക്കുന്നു. പൂർവ്വ കാലങ്ങളൊക്കെ മനസ്സിലാക്കിയ ആ മനുഷ്യനു മുന്നിൽ ഞാൻ വല്ലാതെ ചെറുതാകുന്നത് പോലെ … ‘രാധാകൃഷ്ണാ ഈ ഭൂമിയിൽ നമ്മളൊക്കെ എത്ര നിസ്സാരൻമാരാണ്. ഒന്നിലും അഹങ്കരിക്കണ്ട … പറ്റുമെങ്കിൽ ആരെയും ഉപദ്രവിക്കാതെ ജീവിക്കാൻ നോക്കുക. ജീവിതം നിരീക്ഷിക്കുക …നമ്മൾ നമ്മളായി തന്നെ ജീവിക്കുക …”

ഗോപാലേട്ടൻ ഒരു ഫിലോസഫറെപ്പോലെ സംസാരിച്ചു. അസൂയയുടെയും, കുശുമ്പിന്റെയും കൊമ്പ് ഒടിച്ചതിന്റെയും ആഹ്ലാദത്തിൽ ഗോപാലേട്ടൻ അമ്പലത്തിലെ തിരക്കുകൾ നോക്കിനിന്നു …

പിറ്റേദിവസം രാവിലെ പി എസ് സി പരീക്ഷാ കേന്ദ്രത്തിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ . തുണിസഞ്ചിക്കുള്ളിൽ ഹാൾ ടിക്കറ്റും, പി എസ് സി ഗൈഡും ഒരിക്കൽകൂടി കരുതലോടെ പരിശോധിച്ചു.

ഗോപാലേട്ടന് എന്നോട് എന്തോ പറയാനുണ്ടെന്ന് തോന്നി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ ഇന്ന് ഞാൻ മടങ്ങുന്നു …’

എങ്ങോട്ടൊന്നും ഞാൻ ചോദിച്ചില്ല. (ലോകമേ തറവാടെന്നുള്ള ജീവിതക്കാരനോട് ആ ചോദ്യം ചോദിക്കുന്നത് ശരിയല്ല . )

‘പാലക്കാട് ഒന്നുരണ്ട് ഉത്സവങ്ങളുണ്ട് … അങ്ങോട്ട് പോവുന്നു.’

‘ കുറച്ചു ദിവസം ഇവിടെ കാണുമെന്നല്ലെ പറഞ്ഞത്. പിന്നെന്താണ് പെട്ടെന്നൊരു യാത്ര …?’
‘എനിയ്ക്ക് പോവണം കുഞ്ഞെ ‘ ഗോപാലേട്ടന്റെ വാക്കുകളിൽ എന്തെങ്കിലും കുറ്റബോധമുണ്ടോ ?

എനിയ്ക്കാകെ സങ്കടം തോന്നി. ഇന്നലെ ഉച്ചമുതൽ കൂടെ കൂടിയ ഒരു സൗഹൃദം, എന്നെ ഈ മഹാക്ഷേത്രത്തിന്റെ തിരക്കുകളിൽ ഒരു കെയർടേക്കറെപ്പോലെ സംരക്ഷിച്ച മനുഷ്യൻ … പ്രായത്തിന്റെ അകലമുണ്ടെങ്കിലും ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ എന്നോട് പെരുമാറിയ മനുഷ്യൻ…

എൻറെ ചിന്തകൾ മറ്റൊരുതരത്തിൽ കാടുകയറി. ഇന്നലെ വന്ന മകൾ അച്ഛനെപ്പറ്റി അമ്മയോടും ആങ്ങളമാരോടും വിവരം പറഞ്ഞു കാണും . ഒരു പക്ഷെ പുറപ്പെട്ടുപോയ അച്ഛനെ തേടി അവർ വരുമായിരിക്കും. ഭാവി കാര്യങ്ങൾ വായിച്ചെടുക്കാൻ കഴിവുള്ള ഗോപാലേട്ടൻ ഇതു മനസ്സിലാക്കി മുങ്ങുകയാണ്. എന്റെ ഊഹം ശരിയാണെന്ന് തന്നെ കരുതുന്നു. കാരണം ഗോപാലേട്ടൻ ആരെയോ ഭയക്കുന്നു …ആരെയോ പുറത്തെ തിരക്കിൽ പ്രതീക്ഷിക്കുന്നു.

( ഇത്രയും കാലം തിരക്കാതിരുന്ന ഒരാളെ തേടി അവർ വരുമോ … എന്തോ എനിക്കറിയില്ല. ഗോപാലേട്ടൻ എന്നെ ധർമ്മസങ്കടത്തിലാക്കി. പി എസ് സി ടെസ്റ്റിനു വേണ്ടി പഠിച്ച ചോദ്യോത്തരങ്ങൾ ബാഷ്പീകരിച്ചു പോയതുപോലെ …

‘ചേട്ടാ ഹാളിലേക്ക് കയറാൻ സമയമായി . ‘ ഞാൻ തിരക്കു കാട്ടി.

‘ ശരി അനിയാ… നമുക്ക് ഇനി എവിടെയെങ്കിലും വച്ചു കാണാം. ഒരുപക്ഷെ ഏറ്റുമാനൂരമ്പലത്തിൽ, അല്ലെങ്കിൽ തിരുനക്കരയിൽ … ഗോപാലേട്ടൻ ചിരിക്കുന്നു …

“നിനക്ക് ഒന്നുമെ തെരിയലെ … ശാപ്പാട്ടുമേ തെരിയും …” എന്റെ അഹംബോധത്തിനു മുകളിൽ ആ ചിരി വീണ്ടും …

അടുത്ത ഉത്സവ സ്ഥലത്തേക്കു പോവാൻ വണ്ടിക്കൂലി വല്ലതും വേണോ … ഞാനൊന്നും ചോദിച്ചില്ല … ഗോപാലേട്ടൻ യാത്രയായി .

ആ മനുഷ്യൻ നടന്നു നീങ്ങുന്നത് നോക്കി ഞാൻ നിന്നു .

ഗോപാലേട്ടാ താങ്കൾ ആരാണ് ?

ജീവിതത്തിൻറെ പൊള്ളുന്ന നിറഭേദങ്ങളിൽ നിന്നും പിൻ തിരിഞ്ഞ് എങ്ങോട്ടാണ് യാത്ര … ഈ ഉത്സവകാഴ്ചകൾ താങ്കൾക്കെന്താണ് സമ്മാനിക്കുന്നത് …

ഉപരേഖ

ഇന്ന് തികച്ചും അപ്രതീക്ഷിതമായി പ്രിയപ്പെട്ട എഴുത്തുകാരൻ ഫാദർ ബോബി കട്ടിക്കാടിന്റെ ‘സഞ്ചാരിയുടെ ദൈവം’ എന്ന പുസ്തകം വായിച്ചു . ഞാൻ തുറന്ന പേജിൽ ഒരു വാചകം ഇങ്ങനെ എഴുതി കണ്ടു ” ഭക്തിയും , പ്രാർത്ഥനയുമൊക്കെ കർമ്മം ചെയ്യുന്നവന്റെ കരുത്താണ് , കടമകളിൽനിന്ന് ഒളിച്ചോടുന്നവന്റെ അഭയമല്ല “