ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യു കെയിലെ ആദ്യ കൊമേർഷ്യൽ സ്പേസ് പോർട്ട് ഷെറ്റ്‌ലാൻഡിൽ നിർമ്മിക്കുന്നതിനുള്ള പ്ലാനിങ് അനുമതി ഷെറ്റ്‌ലാൻഡ് അയലൻഡ് കൗൺസിൽ നൽകിയിരിക്കുകയാണ്. അയലൻഡിലെ ലാംബ നെസ് പേനിൻസുലയിലാണ് 43 മില്യൺ പൗണ്ട് തുക ചെലവ് വരുന്ന ഈ സ്പേസ്പോർട്ട്‌ നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ പദ്ധതിക്കുള്ള പ്ലാനിങ് പെർമിഷൻ ഷെറ്റ്‌ലാൻഡ് അയലൻഡ് കൗൺസിൽ നൽകിയതോടെ അടുത്ത മാസം മുതൽ പണികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 3 റോക്കറ്റ് പാഡുകൾ ഉണ്ടാകുമെന്നാണ് നിലവിലെ പ്ലാനുകൾ വ്യക്തമാക്കുന്നത്. ഒരുവർഷം മുപ്പതോളം റോക്കറ്റുകൾ ലോഞ്ച് ചെയ്യാനാകുന്ന തരത്തിലാണ് കമ്പനി ഈ സ്പേസ് പോർട്ട് നിർമ്മിക്കുന്നത്. എന്നാൽ ഇതിനായി ആദ്യം തന്നെ യുകെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതി ആവശ്യമാണ്. ഇതിനായി കുറച്ചധികം സമയം കമ്പനിക്ക് കാത്തിരിക്കേണ്ടതായി വരും എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

ബ്രിട്ടനെ ആഗോളതലത്തിൽ ഒരു ശാസ്ത്ര ശക്തിയായി വളർത്തുന്നതിൽ ഈ സ്പേസ്പോർട്ട്‌ നിർണായക പങ്കു വഹിക്കുമെന്ന് കമ്പനി സിഇഒ വ്യക്തമാക്കി. റോക്കറ്റ് ലോഞ്ച് പാഡുകളോടൊപ്പം തന്നെ, സാറ്റലൈറ്റ് ട്രാക്കിംഗ് സ്റ്റേഷൻ മുതലായ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. നേരത്തെ ഹിസ്റ്റോറിക് എൻവിയോൺമെന്റ് സ്കോട്ട്‌ലൻഡ് തങ്ങളുടെ അതൃപ്തി ഈ പദ്ധതിയിലൂടെ പ്രകടിപ്പിച്ചിരുന്നെങ്കിലും, പിന്നീട് അനുകൂലിച്ചതോടെയാണ് പ്ലാനിങ് അനുമതി വേഗത്തിലായത്.


അമേരിക്കൻ എയറോസ്പേസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിന്റെ യു കെ വിഭാഗവും ഈ പദ്ധതിയെ സന്തോഷത്തോടെ സ്വാഗതം ചെയ്തിട്ടുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ ഒരു നീക്കമായാണ് ഇതിനെ പലരും വിലയിരുത്തുന്നത്.