ഡോ. ഐഷ വി

കൊല്ലം കോർപറേഷനിൽ നിന്ന് ലഭിച്ച രേഖകൾ പ്രകാരം അമ്മയും അനുജത്തിയും കൂടി നഗര പ്രദേശത്തിന്റെ പ്രൈമറി ഡാറ്റ ശേഖരിക്കാൻ ഇറങ്ങിയതാണ്. പി എച്ച് ഡി തിസീസിനു വേണ്ടി ഡാറ്റ ശേഖരിക്കുകയാണ് ലക്ഷ്യം. നഗര പ്രദേശത്തേയും ഗ്രാമ പ്രദേശത്തേയും ഡാറ്റ ശേഖരിയ് ക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ദിവസവും കൊല്ലം നഗരത്തിലെ ഡാറ്റ ശേഖരിക്കുന്നു. അതിരാവിലെ തന്നെ പ്രാതൽ മുതൽ അത്താഴം വരെയുള്ള വിഭവങ്ങൾ പാചകം ചെയ്ത് വച്ച ശേഷം അച്ഛനോട് എന്തൊക്കെ എവിടെയൊക്കെയാണ് ഇരിക്കുന്നതെന്ന് അമ്മ കാണിച്ചു കൊടുത്തു.

പ്രാതൽ കഴിച്ച് പൊതിച്ചോറും സഞ്ചിയിൽ വച്ച് അമ്മയും അനുജത്തിയും വീട്ടിൽ നിന്നിറങ്ങി. ചിറക്കര ത്താഴത്തു നിന്നും പരവൂർ, ചാത്തന്നൂർ, കൊട്ടിയം വഴിയായിരുന്നു കൊല്ലത്തേയ്ക്കുള്ള ബസ് യാത്ര. കൊല്ലം കോർപറേഷന്റെ എല്ലാ കൗൺസിലുകളിൽ നിന്നും ഡാറ്റ ശേഖരിക്കണം. പല വീടുകളിൽ കയറേണ്ടതുള്ളതിനാലും കാശ് സൂക്ഷിച്ചേ ചിലവാക്കൂ എന്നതിനാലും നടന്നായിരുന്നു വിവര ശേഖരണം. മീനചൂടിൽ ഉച്ചവരെ അവർ പല വീടുകൾ കയറി ഇറങ്ങി വിവരങ്ങൾ ശേഖരിച്ചു. നേരത്തേ പ്രിന്റെടുത്തു വച്ചിരുന്ന ചോദ്യാവലികളിൽ ഓരോന്നിലും അപ്പപ്പോൾ വിവരങ്ങൾ രേഖപ്പെടുത്തിയായിരുന്നു മുന്നേറ്റം. ചില വീട്ടിലെ അംഗങ്ങൾക്കെല്ലാം നര ബാധ കൂടുതലായിരുന്നു. ബ്രാഹ്മണരിലും പാൽ കൂടുതലായി ഉപയോഗിക്കുന്നവരിലുമാണ് നര ബാധ കൂടുതൽ എന്നായിരുന്നു അനുജത്തിയുടെ റിസർച്ചിന്റെ ഭാഗമല്ലാത്ത ഒരു കണ്ടെത്തൽ .

പലവീടുകൾ പിന്നിട്ട് അവർ ഇരവിപുരം ഭാഗത്തെത്തി. മീനചൂടു കൂടുതലായിരുന്നിട്ടും മകളെ പി എച്ച് ഡി കാരിയാക്കുന്നതിൽ അമ്മയ്ക്കായിരുന്നു ഉത്സാഹവും ആവേശവും . അങ്ങിനെയാണ് ശാരീരികമായ പല അസ്കിതകളും വകവയ്ക്കാതെ അമ്മ അനുജത്തിയോടൊപ്പം ഇറങ്ങിത്തിരിച്ചത്. മനസ്സാണ് പ്രധാനം. എന്തും ചെയ്യുന്നതും മനസ്സിന്റെ തന്നെ അദമ്യമായ ആഗ്രഹം മൂലമാണ്. തീവ്രമായ ആഗ്രഹമുള്ളതിനാൽ വിചാരിക്കുന്ന കാര്യം നടത്തിയെടുക്കുക എന്നത് അമ്മയുടെ സ്വഭാവമാണ്. അതിനാൽ മീനച്ചൂടോ , കാറ്റോ ,മഴക്കാലമോ, ദൂരമോ, രാവോ പകലോ ഒന്നും അമ്മയ്ക്ക് പ്രശ്നമല്ലായിരുന്നു. . അനുജത്തിയും അതുപോലെ തന്നെ. തീരുമാനിച്ചുറപ്പിച്ചാൽ പിന്നെ പിന്നോട്ടില്ല.

ഓരോ ദിവസവും ഇത്ര വാർഡുകളിൽ ഇത്ര വീടുകളിൽ കയറണമെന്ന് തീരുമാനിച്ചാൽ അത്രയും പൂർത്തിയാക്കും. അങ്ങനെ അവർ നടന്നു നടന്ന് ഇരവിപുരമെന്ന തീരപ്രദേശത്തെത്തി. അടുത്തുകണ്ട ഒരു കൊച്ചു വീട്ടിൽ അവർ കയറി. അവരുടേയും വിവരങ്ങൾ ചോദ്യാവലിയിൽ രേഖപ്പെടുത്തി. അവസാനം കൊണ്ടുവന്ന ഭക്ഷണം അവിടിരുന്ന് കഴിച്ചിട്ട് യാത്ര തുടരാം എന്നവർ തീരുമാനിച്ചു. ആ വീട്ടിൽ രണ്ട് പ്രായം ചെന്ന സ്ത്രീകളും അവരുടെ സഹോദരനുമായിരുന്നു താമസം. ഉച്ച ഭക്ഷണം അവിടെ വച്ച് കഴിക്കുന്നതിനിടയിൽ അവർ അമ്മയോടും അനുജത്തിയോടും കുശലാന്വേഷണം നടത്തി. ചിറക്കര ത്താഴത്താണ് വീടെന്ന് പറഞ്ഞപ്പോൾ അവരുടെ ബന്ധുക്കൾ ചിറക്കര ത്താഴത്തുണ്ടെന്ന് പറഞ്ഞു. അവിടെ നിന്നും ഒരു കാർത്തികേയൻ കരിക്കോട് ടി കെ എം എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക്ക് സിവിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന കാലത്ത് അവരുടെ വീട്ടിൽ താമസിച്ചാണ് കോളേജിൽ പോയി വന്നിരുന്നതെന്നും അവർ പറഞ്ഞു. കാർത്തികേയൻ മാമൻ അച്ഛൻെറ ഒരമ്മാവന്റെ മകനാണ്.

അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ നിന്നും കൊല്ലം പട്ടണത്തിലെത്താൻ ബസ്സില്ലായിരുന്നു. അങ്ങനെയാണ് കാർത്തികേയൻ മാമന്റെ ബന്ധുവായ അവരുടെ വീട്ടിൽ താമസിച്ച് കോളേജിൽ പോയത്. കാർത്തികേയൻ മാമൻ ബി ടെക്കിന് റാങ്ക് ജേതാവായിരുന്നു. ഞങ്ങളുടെ നാട്ടിലെ ആദ്യ എഞ്ചിനീയറും അദ്ദേഹം തന്നെ. ഐ ഐ എമ്മിൽ നിന്നും എം ബി എ എടുത്ത അദ്ദേഹം കൊച്ചിൻ ഷിപ്പിയാർഡിലും വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലും വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. അങ്ങനെ പറഞ്ഞു വന്നപ്പോൾ വിവരശേഖരണത്തിന് ചെന്നവരും ആ വീട്ടുകാരും ബന്ധുക്കളായി.

ഭക്ഷണം കഴിഞ്ഞ് കൈ കഴുകാൻ അവർ ദൂരെയുള്ള വഴിവക്കിലെ പൈപ്പിൽ നിന്നും ശേഖരിച്ചു കൊണ്ടു വച്ചിരുന്ന വെള്ളമാണ് നല്കിയത്. ആ വീട്ടിൽ കിണർ ഇല്ലായിരുന്നു. പണ്ട് മറ്റു വീടുകളിലെ കിണറ്റിൽ നിന്നും ചുമട്ടുവെള്ളം കൊണ്ടു വരുമായിരുന്നു. പൈപ്പുവെള്ളം വന്നപ്പോൾ കിണറ്റിൽ നിന്നും കോരേണ്ട എന്നൊരു ഗുണമുണ്ട്. കിണർ കുഴിയ്ക്കാഞ്ഞതെന്തെന്ന് അനുജത്തി അവരോട് ചോദിച്ചു ? സഹോദരൻ കൂലിപ്പണിയെടുത്തും സഹോദരിമാർ റേന്ത തുന്നിയുമാണ് ജീവിക്കുന്നതെന്ന് അവർ പറഞ്ഞു. റേന്ത തുന്നാൻ അവരെ പഠിപ്പിച്ചത് സമീപത്തെ കന്യാസ്ത്രീ മഠത്തിലെ അമ്മമാരാണ്. അതിനാൽ കിണർ കുഴിക്കാനുള്ള പണം അവർക്കില്ലായിരുന്നു. അവിവാഹിതരായി കഴിയേണ്ടി വന്നതിന്റെ കാര്യവും അവർ വിശദീകരിച്ചു.

തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണകാലത്ത് പ്രശസ്തയായിരുന്ന ഒരു ഗായികയാണ് അവരുടെ അമ്മ. മഹാരാജാവിൽ നിന്നും ധാരാളം പട്ടും വളയും പതക്കങ്ങളും അവർക്ക് സമ്മാനമായി ലഭിച്ചിരുന്നു. അവരുടെ അച്ഛന് സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ അമ്മയ്ക്ക് ലഭിച്ച പതക്കങ്ങളിൽ ഒന്ന് എടുത്ത് വിൽക്കാൻ ശ്രമിച്ചു. രാജമുദ്രയുള്ള(ശംഖ്) പതക്കം തിരിച്ചും മറിച്ചും നോക്കിയ കടയുടമയ്ക്ക് സംശയം പതക്കം ഇയാൾ മോഷ്ടിച്ച് കൊണ്ടുവന്നതാണോയെന്ന്. അങ്ങനെ കടയുടമ പതക്കവുമായി വന്നയാളെ രാജ കിങ്കരന്മാരുടെ കൈകളിലേൽപ്പിച്ചു . വിവരമറിഞ്ഞ ഗായികയുടെ സഹോദരന്മാർക്ക് നേരത്തെ കുറച്ച് ദേഷ്യം ഇവരുടെ അച്ഛനോട് ഉണ്ടായിരുന്നതിനാൽ അളിയൻ തങ്ക പതക്കം മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ചു എന്ന് കേസ് വാദിച്ചു. കേസിന്റെ ആവശ്യങ്ങൾക്കായി വസ്തുവകകൾ വിൽക്കേണ്ടി വന്നതും മാതാപിതാക്കളുടെ പെട്ടെന്നുള്ള മരണവും അവരെ അനാഥരും ദരിദ്രരുമാക്കി.

പിന്നെ അക്കാലത്ത് സ്ത്രീധനം കൊടുക്കാൻ കാശില്ലാതിരുന്നതിനാൽ അവർക്ക് അവിവാഹിതരായി തുടരേണ്ടി വന്നു. അവർ പറഞ്ഞു നിർത്തി. ഭക്ഷണം കഴിച്ച് ഒന്നു വിശ്രമിച്ച ശേഷമാണ് അമ്മയും അനുജത്തിയും മറ്റ് വീടുകളിലേയ്ക്ക് വിവര ശേഖരണത്തിനായി പോയത്.

സന്ധ്യയായപ്പോൾ ഉളിയനാട് വരെയെത്തുന്ന ബസ്സിൽ കയറി അമ്മയും അനുജത്തിയും നാട്ടിലെത്തി. വീട്ടിൽ നിന്ന് ആര് ദൂരേയ്ക് പോയാലും സന്ധ്യയായിട്ടും തിരിച്ചെത്തിയില്ലെങ്കിൽ അച്ഛന് വിഷമമാണ്. അച്ഛൻ പിന്നെ വീട്ടിൽ നിന്നും റോഡിലേയ്ക്കിറങ്ങുന്ന നടപ്പാതയിൽ താഴേ തട്ടിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങിൽ ചാരി പോയവർ വീട്ടിലെത്തുന്നതുവരെ റോഡിലേയ്ക്ക് നോക്കി നിൽക്കും. അനുജത്തിയും അമ്മയും എത്തിയപ്പോൾ അവർ ഒരുമിച്ച് വീട്ടിലെത്തി. ആ ദിവസങ്ങളിൽ ഞാനും വീട്ടിലെത്തിയിരുന്നു. കൈകാലും മുഖവുമൊക്കെ കഴുകി വൃത്തിയാക്കി നിലവിളക്കും കൊളുത്തി ചായ കുടിയും കഴിഞ്ഞ് ഞാനും അനുജത്തിയും വിശേഷങ്ങൾ പറയാനൊരുങ്ങി. അവൾ വാതോരാതെ വള്ളിപുള്ളി വിടാതെ അന്നത്തെ വിശേഷങ്ങൾ പറഞ്ഞു. ഞാൻ കേട്ടുകൊണ്ട് ഇരുന്നു കൊടുത്താൽ മാത്രം മതി. എന്തൊക്കെ കറികൾ നേരത്തേ വച്ചിട്ടുണ്ടെങ്കിലും ഒന്നുരണ്ട് കറികൾ കൂടി രാത്രി വയ്ക്കുക അമ്മയുടെ ശീലമാണ്. അങ്ങനെ അമ്മ അടുക്കളയിലേയ്ക്ക് പോയി. റിസേർച്ചൊക്കെ കഴിഞ്ഞ് എം ജി യുണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ പി എച്ച് ഡി അവാർഡ് ചെയ്തപ്പോൾ അനുജത്തി ഞങ്ങളുടെ നാട്ടിലെ ആദ്യ പി എച്ച് ഡി ക്കാരിയായി.അനുജത്തി ഡോ. അനിത. വി ഇപ്പോൾ കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമാണ്.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്