ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വെയിൽസിലെ മലനിരകളിൽ ഒന്നായ സൈനോൻ വാലിയിലെ റിഗോസിൽ തിങ്കളാഴ്ച വൻതീപിടിത്തം ഉണ്ടായി. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് അധികൃതർക്ക് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. നടക്കാനിറങ്ങിയ ആരോ തീ കത്തുന്നത് കണ്ടാണ് അധികൃതരെ വിവരം അറിയിച്ചത്. ഉടൻ തന്നെ രണ്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ആരംഭിച്ചതായി അഗ്നിശമനസേനാ വകുപ്പ് അറിയിച്ചു. മുൻപ് ഇത്തരത്തിൽ വലിയ ഒരു തീപിടുത്തം ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കിയത്. മലനിരകളുടെ പല ഭാഗത്തായാണ് തീ പടർന്നു പിടിച്ചത് എന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ, ചൂടുകാലത്ത് തീപിടിക്കുന്നത് സാധാരണമാണെങ്കിലും, ഈ സമയത്ത് തീ പിടിക്കുന്നത് അപൂർവമാണെന്നും പ്രദേശവാസികളിൽ ഒരാളായ കെയിറ്റ് എമ്മ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തീപിടുത്തത്തിന്റെ ഉറവിടം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. സൗത്ത് വെയിൽസ് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും സംഭവസ്ഥലത്തെത്തിയിട്ടുള്ളതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്. രാത്രി വൈകി തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞതായാണ് അഗ്നിശമനസേനാംഗങ്ങൾ അറിയിച്ചത്. സാധാരണയായി ഈ സ്ഥലത്ത് തീ പിടിക്കാറുള്ളതല്ലെന്നാണ് പ്രദേശവാസികൾ എല്ലാവരും തന്നെ വ്യക്തമാക്കുന്നത്. തീപിടുത്തത്തിൽ വന്യമൃഗങ്ങൾക്ക് അപകടം സംഭവിച്ചിട്ടുണ്ടാകും എന്നാണ് പ്രാഥമിക നിഗമനം. ആളപായം ഒന്നും തന്നെ ഇല്ലെന്നാണ് ഇതു വരെയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.