റഷ്യന്‍ ശതകോടീശ്വരനും ചെല്‍സി ഫുട്ബോള്‍ ക്ലബ്ബിന്റെ ഉടമയുമായ റോമാൻ അബ്രമോവിച്ചിന്റെ സ്വത്തുക്കൾ ബ്രിട്ടൻ മരവിപ്പിച്ചു. അബ്രമോവിച്ച് ഉൾപ്പെടെയുള്ള ഏഴു റഷ്യൻ കോടീശ്വരൻമാരുടെ സ്വത്തുക്കളാണ് ബ്രിട്ടൻ മരവിപ്പിച്ചത്. ഇഗോര്‍ സെച്ചിന്, ഒലെഗ് ഡെറിപാസ്ക, ആന്‍ഡ്രെ കോസ്റ്റിന്, അലെക്സി മില്ലര്‍, നികോളായി ടോക്കറേവ്, ദിമിത്രി ലെബെഡേവ് എന്നീ കോടീശ്വരന്മാരാണ് നടപടി നേരിട്ടത്.
റഷ്യക്കു മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി പുട്ടിനുമായി അടുത്ത ബന്ധമുള്ള ആളുകൾക്കെതിരെ നടപടി സ്വീകരിക്കുന്ന ആദ്യത്തെ രാജ്യമാണ് ബ്രിട്ടൻ. ബ്രിട്ടനിലുള്ള അബ്രമോവിച്ചിന്റെ സ്വത്തുക്കൾ എല്ലാം മരവിപ്പിക്കപ്പെടും. ബ്രിട്ടീഷ് പൗരന്മാരുമായി പണമിടപാടുകൾ നടത്താൻ കഴിയില്ല. ബ്രിട്ടനിലേക്ക് അബ്രമോവിച്ചിന് പ്രവേശിക്കാൻ കഴിയില്ലെന്നതും ശിക്ഷാനടപടിയിൽ ഉൾപ്പെടുന്നു.
ഇതോടെ ചെൽസിയെ വിൽക്കാനുള്ള അബ്രമോവിച്ചിന്റെ നീക്കത്തിനും തിരിച്ചടി നേരിട്ടു. 2003ൽ ഏകദേശം 1500 കോടി രൂപയ്ക്കാണ് ചെൽസിയെ അബ്രമോവിച്ച് സ്വന്തമാക്കിയത്. ചെല്‍സിയുടെ ലൈസന്‍സ് റദ്ദാക്കിയിട്ടില്ലെങ്കിലും ടീം നിരീക്ഷണത്തിലായിരിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിലക്ക് മുന്നില്‍ കണ്ട് ചെല്‍സിയുടെ നടത്തിപ്പ് അവകാശം അബ്രമോവിച്ച് കഴിഞ്ഞ മാസം ക്ലബിന്റെ ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറിയിരുന്നു. ചെല്‍സി വില്ക്കാന് തയാറാണെന്നും ക്ലബ്ബ് വിറ്റു കിട്ടുന്ന തുക യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രെയ്ന് നല്‍കുമെന്നും അബ്രമോവിച്ച് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
Leave a Reply