ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിക്കിടെ നോർത്ത് നോട്ടിങ്ഹാംഷെയറിലെ സെമിത്തേരിയിൽ വച്ച് 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ് അധികൃതർ. 2019 ഡിസംബർ 12 വ്യാഴാഴ്ച വൈകിട്ട് ഏകദേശം 3:40 തോടെയാണ് റെറ്റ് ഫോർഡിലെ സെമിത്തേരിയിൽ വച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. കുട്ടിയുടെ സമീപം എത്തിയ അക്രമി കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കുട്ടിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്. വർഷങ്ങളായി ഇത് സംബന്ധിച്ച അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെയും അക്രമിയെ സംബന്ധിച്ച് യാതൊരു വിവരങ്ങളും പോലീസിന് ലഭിച്ചിട്ടില്ല. ഇതേതുടർന്നാണ് വിവരം നൽകുന്നവർക്ക് പ്രതിഫലം നൽകാനുള്ള തീരുമാനത്തിലേക്ക് പോലീസ് എത്തിച്ചേർന്നിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


പെൺകുട്ടി ആക്രമിക്കപ്പെട്ട സമയത്തിനോട് അനുബന്ധിച്ച് ഒരു മനുഷ്യന്റെ സിസിടിവി ഫൂട്ടേജ് ലഭിച്ചിട്ടുണ്ടെങ്കിലും മുഖം വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന ആരെങ്കിലും സംശയാസ്പദമായി ആരെയെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരം പോലീസിന് ഉടൻതന്നെ കൈമാറണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര ചെറിയ വിവരം ആണെങ്കിൽ പോലും അത് അന്വേഷണത്തിൽ വളരെയധികം സഹായിക്കുമെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ വ്യക്തമാക്കി. ഒരു പെൺകുട്ടിയുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്ത ഇത്തരം ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള എല്ലാ സഹായവും ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അധികൃതർ അറിയിച്ചു.