ന്യൂസ് ഡെസ്ക് മലയാളം യുകെ

അയർലൻഡ് : ബ്രെക്‌സിറ്റ് “ആഘോഷിക്കേണ്ട ഒന്നല്ല” എന്ന് തുറന്നടിച്ച് അയർലൻഡ് വിദേശകാര്യ മന്ത്രി. വരാനിരിക്കുന്ന തടസങ്ങളെക്കുറിച്ച് സൈമൺ കോവ്‌നി മുന്നറിയിപ്പ് നൽകി. യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം യുകെ ഔദ്യോഗികമായി വിച്ഛേദിച്ചതിന് ശേഷമാണ് ഇത്. ബ്രെക്സിറ്റ്‌ എന്നാൽ ആഘോഷിക്കേണ്ട കാര്യം അല്ലെന്നും ബ്രിട്ടന്റെ പിൻവാങ്ങൽ വ്യാപാരത്തിൽ തടസ്സമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രെക്സിറ്റിനെ ഒരു യുഗത്തിന്റെ അവസാനമെന്ന് വിശേഷിപ്പിച്ച കോവ്‌നി, ഐറിഷ് കടലിലുടനീളമുള്ള വ്യാപാരം തടസ്സപ്പെടുമെന്ന് അറിയിച്ചു. ബ്രെക്‌സിറ്റിനു ശേഷമുള്ള പുതിയ വാണിജ്യ നിയമങ്ങൾ പ്രകാരം ബ്രിട്ടനിൽ നിന്ന് ആദ്യത്തെ ഫെറികൾ വെള്ളിയാഴ്ച അയർലണ്ടിൽ എത്തി.

വെള്ളിയാഴ്ച ബിബിസി റേഡിയോ 4 ന്റെ ടുഡേ പ്രോഗ്രാമിന് നൽകിയ അഭിമുഖത്തിൽ കോവ്‌നി ഇങ്ങനെ പറഞ്ഞു: “48 വർഷമായി യുണൈറ്റഡ് കിംഗ്ഡം ശരിക്കും യൂറോപ്യൻ യൂണിയന്റെ കേന്ദ്ര ഭാഗമാണ്. പരിവർത്തന കാലയളവിന്റെ അവസാനത്തോടെ അദ്ധ്യായം അവസാനിച്ചു. അയർലണ്ടിലെ നമുക്കെല്ലാവർക്കും, അത് ആഘോഷിക്കാനുള്ള ഒന്നല്ല. യുണൈറ്റഡ് കിംഗ്ഡവുമായുള്ള ഞങ്ങളുടെ ബന്ധം വളരെ അടുത്താണ്. ” വ്യാപാര പ്രശ്‌നങ്ങൾ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ബ്രിട്ടനും അയർലൻഡും തമ്മിലുള്ള ഐറിഷ് കടലിനു കുറുകെയുള്ള 72 ബില്യൺ പൗണ്ട് വ്യാപാരം ഞങ്ങൾ ഇപ്പോൾ കാണാൻ പോകുന്നു. കൂടുതൽ പരിശോധനകളും പ്രഖ്യാപനങ്ങളും പേപ്പർ വർക്കുകളും ചെലവും കാലതാമസവും മൂലം അത് തടസ്സപ്പെടും. ” കോവ്നി കൂട്ടിച്ചേർത്തു.

വടക്കൻ അയർലൻഡ് ട്രേഡിംഗ് പ്രോട്ടോക്കോൾ പ്രകാരം പ്രവർത്തിക്കുന്ന ഗ്രേറ്റ് ബ്രിട്ടനിൽ നിന്നുള്ള ആദ്യത്തെ ഫെറി സർവീസസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45 ന് ബെൽഫാസ്റ്റിൽ എത്തി. സ്റ്റീന ലൈൻ കപ്പൽ സ്‌കോട്ട്‌ലൻഡിലെ കെയ്‌ൻ‌റിയനിൽ നിന്നെത്തി. തടസ്സമോ കാലതാമസമോ നേരിട്ടിട്ടില്ല. അതേസമയം ഒരു വ്യാപാര കരാർ സാധ്യമാക്കിയതിലൂടെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ സന്തുഷ്ടനാണ്. “പരാജയത്തിന്റെ നിരവധി പ്രവചനങ്ങൾ ഉണ്ടായിരുന്നിട്ടും, ചർച്ചകൾ ഉപേക്ഷിക്കണമെന്ന നിരന്തരമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും നാം ഒരു പുതിയ കരാർ നേടിയെടുത്തു.” പുതുവർഷത്തിൽ അദ്ദേഹം പറഞ്ഞു.