ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡും ലോക്ക്ഡൗണും ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2021ൽ മാനസികാരോഗ്യ സേവനങ്ങളിലേക്ക് 43 ലക്ഷം റഫറലുകളാണ് ഉണ്ടായത്. ഏറ്റവും വലിയ മാനസികാരോഗ്യ പ്രശ്നമാണ് ഇംഗ്ലണ്ട് ഇപ്പോൾ നേരിടുന്നതെന്ന് എൻഎച്ച്എസ് ഡാറ്റ വിശകലനം ചെയ്ത റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ് പറഞ്ഞു. ആരോഗ്യ സേവനത്തിനുമേലുള്ള സമ്മർദം വർദ്ധിക്കുന്നതായി അവർ മുന്നറിയിപ്പ് നൽകി. ഒപ്പം പ്രതിസന്ധി നേരിടാനായി സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം, സ്പെഷ്യലിസ്റ്റ് അഡൽറ്റ് മെന്റൽ ഹെൽത്ത് സർവീസുകളിലേക്ക് 33 ലക്ഷം റഫറലുകൾ ഉണ്ടായിരുന്നു. 18 വയസ്സിന് താഴെയുള്ളവരുടെ 10.3 ലക്ഷം റഫറലുകളും കഴിഞ്ഞ വർഷം ഉണ്ടായിരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ചില രോഗികളെ ഒന്നിലധികം സേവനങ്ങളിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
14 ലക്ഷം പേർ ഇപ്പോഴും ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്. 2023/24 ഓടെ പ്രതിവർഷം 2.3 ബില്യൺ പൗണ്ട് അധികമായി മാനസികാരോഗ്യ സേവനങ്ങൾക്കായി നീക്കിവയ്ക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് വ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്കിടയിൽ മാനസിക പ്രശ്നങ്ങൾ വർധിച്ചതായി റിപ്പോർട്ട് വന്നിരുന്നു.
Leave a Reply