പ്രണയത്തിൽ നിന്നും പിന്മാറിയ യുവതിയെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹത്തിന്റെ കൈകളും വെട്ടി മാറ്റി യുവാവിന്റെ ക്രൂരത. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. തൃഷ സോളങ്കി എന്ന 19 കാരിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. തൃഷയെ വെട്ടിക്കൊലപ്പെടുത്തിയ കാമുകൻ കൽപേഷ് ഠാക്കൂറിനെ (23) പോലീസ് അറസ്റ്റ് ചെയ്തു.
തൃഷ മൂന്ന് വർഷത്തെ പ്രണയ ബന്ധം അവസാനിപ്പിച്ചു പോയതാണ് കൊലയ്ക്ക് കാരണമെന്ന് കൽപേഷ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. രണ്ടു മാസങ്ങൾക്കു മുൻപ് തൃഷ പ്രണയത്തിൽനിന്നും പിന്മാറുന്നതായും തനിക്ക് മറ്റൊരു സൗഹൃദം ഉണ്ടെന്നും കൽപേഷിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കിമായത്.
പ്രണയം തുടരണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും തൃഷ വഴങ്ങിയില്ല. ഇതോടെ ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെങ്കിലും തൃഷയുടെ മനസ് മാറിയില്ല.
ഇതോടെ പെൺകുട്ടിയെ കൊലപ്പെടുത്താനായി തീരുമാനിച്ചു. പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ നേരിട്ട് കണ്ട് സംസാരിക്കണമെന്നു ഇയാൾ അറിയിച്ചത് പ്രകാരമാണ് ദേശീയപാത 48ന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് തൃഷയെത്തിയത്.
പ്രണയം തുടരാൻ അയാൾ ഇവിടെ വെച്ചും ആവശ്യപ്പെട്ടിട്ടും തൃഷ വഴങ്ങാത്തതോടെ കയ്യിൽ കരുതിയിരുന്ന ആയുധം വച്ച് തൃഷയുടെ കഴുത്തിൽ ആഞ്ഞുവെട്ടി. പിന്നീട് പലതവണ വെട്ടി മരണം ഉറപ്പിച്ചു. മൃതദേഹത്തിൽനിന്നും കൈകളും വെട്ടിമാറ്റി. ഇതിനുശേഷം അവിടെ നിന്നും ഓടിപ്പോയി.
ആളൊഴിഞ്ഞ കെട്ടിടത്തിൽ മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. മൃതദേഹത്തിൽ നിന്നും കിട്ടിയ ആധാർ കാർഡ് ഉപയോഗിച്ചാണ് ആളെ തിരിച്ചറിഞ്ഞത്.
	
		

      
      



              
              
              




            
Leave a Reply