ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്രാൻഡ്മാസ്റ്ററിന് ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ പദവിയായ ഇന്റർനാഷണൽ മാസ്റ്ററാകുമ്പോൾ, രമേഷ്ബാബു പ്രഗ്നാനന്ദയ്ക്ക് വെറും 10 വയസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ കിരീടം നേടുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞയാളായി അന്ന് പ്രഗ്നാനന്ദ മാറി. 2018 -ൽ പിന്നീട് ഗ്രാൻഡ്മാസ്റ്റർ കിരീടം നേടിയപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ് മാസ്റ്റർ ആയിരുന്നു പ്രഗ്നാനന്ദ. പിന്നീട് അഞ്ചുതവണ ലോക ചാമ്പ്യനായ മാഗ്നസ് കാൾസനെ തുടർച്ചയായ മൂന്ന് ഓൺലൈൻ ഗെയിമുകളിൽ പരാജയപ്പെടുത്തിയ ചരിത്രവും പ്രഗ്നാനന്ദയ്ക്ക് സ്വന്തമാണ്. വിശ്വനാഥൻ ആനന്ദിന് ശേഷം ലോകകപ്പ് ഫൈനലിലെത്തി കാൻഡിഡേറ്റ്സ് ടൂർണമെന്റിന് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് പ്രഗ്നാനന്ദ. തന്റെ സഹോദരൻ ഈ നേട്ടങ്ങളെല്ലാം നേടുമ്പോൾ, സഹോദരിയായ വൈശാലി തന്റെ നേട്ടങ്ങൾ കൊയ്യുന്നതിലേക്കുള്ള തയ്യാറെടുപ്പിലായിരുന്നു. കോണേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും ശേഷം ഇന്ത്യയുടെ 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ഗ്രാൻഡ് മാസ്റ്റർ പദവി തന്റെ കുടുംബത്തിലേക്ക് വീണ്ടും എത്തിച്ചിരിക്കുകയാണ് വൈശാലി.

ചരിത്രത്തിലെ തന്നെ ആദ്യത്തെ ഗ്രാൻഡ്‌മാസ്റ്റർ സഹോദര-സഹോദരി ജോഡിയായി ഈ ചെന്നൈ സഹോദരങ്ങൾ മാറിയിരിക്കുകയാണ്. കഴിഞ്ഞ നവംബറിൽ, ഇരുപത്തിരണ്ടുകാരിയായ വൈശാലി മൂന്ന് മുൻ വനിതാ ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്തി വനിതാ ഗ്രാൻഡ് സ്വിസ് ടൂർണമെന്റിൽ വിജയിക്കുകയും വനിതാ കാൻഡിഡേറ്റ് ടൂർണമെന്റിലേയ്ക്ക് യോഗ്യത നേടുകയും ചെയ്തു.

കുട്ടിക്കാലത്ത് ഗ്രാൻഡ്മാസ്റ്റർ ആർ ബി രമേശിന്റെ കീഴിൽ പരിശീലനം തുടങ്ങിയപ്പോൾ വൈശാലിയായിരുന്നു ഇരുവരിലും മികച്ചു നിന്നിരുന്നത്. തന്റെ സഹോദരന്റെ വിജയങ്ങൾ വൈശാലിക്ക് കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നതിനുള്ള പ്രചോദനമായിരുന്നതായി പരിശീലകനായ രമേശ് പറഞ്ഞു. തുടക്കത്തിൽ തന്റെ സഹോദരനെ കൂടുതൽ ശ്രദ്ധ ലഭിച്ചിരുന്നതിൽ തനിക്ക് വിഷമം ഉണ്ടായിരുന്നതായും പിന്നീട് താൻ കൂടുതൽ പരിശ്രമിച്ച് വിജയങ്ങളിലേക്ക് എത്തുകയായിരുന്നു എന്നും വൈശാലി മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരുടെയും വിജയത്തിന് പിന്നിലുള്ള മാതാപിതാക്കളുടെ കരങ്ങൾ ഒരിക്കലും മറക്കാനാവുന്നതല്ലെന്നും വൈശാലി പറഞ്ഞു.