ഡോ. ഐഷ വി
അച്ഛന് പലപ്പോഴും സ്ഥലം മാറ്റവും വടക്കൻ ജില്ലകളിലെ ജോലിയും കാരണം മക്കളുടെ പഠന കാര്യങ്ങളിൽ ദിവസവും ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല. എന്നാൽ കത്തുകളിലൂടെയും നാട്ടിൽ വരുമ്പോൾ ഉള്ള സമയത്തും മൂന്ന് മക്കളുടേയും പഠന കാര്യങ്ങളിൽ അച്ഛൻ ശ്രദ്ധിച്ചിരുന്നു. ധന്യാത്മക ചിന്തകൾ മാത്രമേ അച്ഛൻ ഞങ്ങളിൽ വളർത്തിയിരുന്നുള്ളൂ. കണക്ക്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിപ്പിച്ചു തരിക, മറ്റ് വിഷയങ്ങൾ ഞങ്ങളെക്കൊണ്ട് വായിപ്പിക്കുക, കൈയ്യക്ഷരം നന്നാകാൻ പകർത്തിയെഴുതിക്കുക തുടങ്ങിയ കാര്യങ്ങൾ ഞങ്ങളെകൊണ്ട് ചെയ്യിപ്പിച്ചിരുന്നു. കത്തുകളിലൂടെയുo ചിലപ്പോൾ അച്ഛൻ സംശയ നിവാരണം നടത്തി തന്നിരുന്നു. അച്ഛൻ എനിക്കെഴുതുന്ന കത്തുകൾ ” വാത്സല്യമുള്ള മകൾക്ക്” എന്ന് തുടങ്ങി ” സ്നേഹപൂർവ്വം അച്ഛൻ” എന്ന് അവസാനിക്കുന്നവയായിരുന്നു. ബാലരമ പൂമ്പാറ്റ എന്നീ ആനുകാലികങ്ങൾ അച്ഛൻ ഞങ്ങൾക്ക് വാങ്ങിത്തന്നിരുന്നു. അച്ഛൻ ഈ പതിവ് തുടർന്നുകൊണ്ടേയിരുന്നു. ഞാൻ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് അച്ഛൻ നാട്ടിൽ വന്നപ്പോൾ എന്റെ കൈയ്യിൽ ബാലരമയും പൂമ്പാറ്റയും കൊണ്ടു ത്തന്നു. ഞാൻ ഒരു കോമ്പറ്റീഷൻ സക്സസ് റിവ്യു അച്ഛന്റെ കൈയ്യിൽ തിരികെ വച്ചു കൊടുത്തു. ഞാൻ വളർന്നു എന്ന് അച്ഛന് തോന്നിയ നിമിഷം അതായിരിക്കണം. അച്ഛനമ്മമാർക്ക് മക്കൾ എന്നും കുട്ടികളാണല്ലോ. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് അമ്മയുടെ പക്കൽ നിന്നും കാശ് വാങ്ങി കൊണ്ടുപോയി പുസ്തകങ്ങൾ വാങ്ങുന്ന ശീലം എനിക്കുണ്ടായിരുന്നു.
അച്ഛൻ വീട്ടിലില്ലാത്ത ദിവസങ്ങളിൽ ഏഴാം ക്ലാസ്സുവരെ ഞങ്ങളെ ദിവസവും രാത്രി കൂടെയിരുത്തി പഠിപ്പിക്കുക എന്നത് അമ്മയുടെ രീതിയായിരുന്നു. അമ്മയ്ക്ക് പഠന കാര്യങ്ങളിൽ നല്ല പ്രോത്സാഹനം തരുന്ന സ്വഭാവമാണ്.
വല്യമാമൻ (ഡോ . കെ സുകുമാരൻ എന്ന സുകുമാരൻ വൈദ്യൻ) ഞങ്ങൾക്ക് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങൾ വാങ്ങി തന്നിരുന്നു. വൈവിധ്യമാർന്ന വിഷയങ്ങൾ വായിച്ചറിയാൻ അത് ഹേതുവായി . ഞാൻ ഏഴാം ക്ലാസ്സ് കഴിഞ്ഞ വെക്കേഷനാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സയൻസ് സ്കീം തുടങ്ങിയത്. അതിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നു. ആ പുസ്തകങ്ങൾ എല്ലാം ഞാൻ വെക്കേഷന് വായിച്ചു തീർത്തു. ഇത് എന്നിൽ ശാസ്ത്രാഭിരുചി കൂട്ടാൻ ഇടയാക്കി. കൂടാതെ 8-ാം ക്ലാസ്സിലെ പാഠഭാഗങ്ങളിൽ പലതും ഞാൻ വെക്കേഷനു തന്നെ സ്വയം വായിച്ചു പഠിക്കാൻ ശ്രമിച്ചു. അത് പിൽക്കാലത്ത് വളരെ ഗുണം ചെയ്തു. സ്വയം പഠിക്കാനുള്ള കഴിവും ആ സമയത്താണ് പ്രകടമായത് എന്ന് പറയാം. പരപ്രേരണയില്ലാതെ പഠിക്കാനുള്ള കഴിവ് കുട്ടികൾക്ക് ഉണ്ടാകുമ്പോഴാണ് അറിവു നേടാനുള്ള അഭിവാഞ്ച കുട്ടികളിൽ വർദ്ധിക്കുന്നത്. എന്റെ കാര്യത്തിലത് സംഭവിച്ചത് എട്ടാം ക്ലാസ്സിന്റെ തുടക്ക സമയമാണെന്ന് പറയാം.
സയൻസ് സ്കീമിൽ കൃഷിയെ സംബന്ധിച്ച ഒരു പുസ്തകമുണ്ടായിരുന്നു. അത് വായിച്ചിട്ട് ഞാനും അനുജനും അനുജത്തിയും പ്ലോട്ട് തിരിച്ച് കൃഷി ചെയ്തിരുന്നു. അന്ന് വിത്തിന്റെ ലഭ്യത കുറവുണ്ടായിരുന്നു. അതൊരു മത്സര കൃഷിയായിരുന്നെന്ന് പറയാം. ഞങ്ങൾ മൂവരും ധാരാളം കാർഷിക ഉത്പന്നങ്ങൾ സ്വയം ഉത്പാദിപ്പിച്ചിരുന്നു. കടയിൽ നിന്നും വാങ്ങുന്ന പച്ചക്കറികളിലെ മുറ്റിയ വിത്തുകൾ എല്ലാം ഞങ്ങൾ കുട്ടികൾ പാകുവാനായി ഉപയോഗിച്ചിരുന്നു. തോരൻ പരിപ്പു വാങ്ങുമ്പോൾ അതിൽ നിന്നും തോലു പോകാത്ത വിത്തുകളും അന്നെടുത്ത് പാകിയിരുന്നു.
ഇന്നത്തെ പോലെ ഇന്റർനെറ്റോ കംപ്യൂട്ടറുകളോ ലഭ്യമല്ലാതിരുന്ന കാലം. “കംപ്യൂട്ടറിന്റെ ആത്മാവ്” എന്നൊരു പുസ്തകം അന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റേതായി ഞങ്ങൾക്ക് കിട്ടിയിരുന്നു. അതായിരുന്നു കംപ്യൂട്ടറുകളെ കുറിച്ച് ഞാൻ വായിച്ച ആദ്യ പുസ്തകം. കാലം 1980 കൾ . 1988- ൽ കൊല്ലം പബ്ലിക്ക് ലൈബ്രറിയിൽ നടന്ന ഒരു എക്സിബിഷൻ സ്ഥലത്ത് അച്ഛൻ ഞങ്ങളെ കൊണ്ടു പോയിരുന്നു. അന്നവിടെ മദ്രാസ് ഐ ഐ റ്റി യിലെ പ്രഫസർ ദീനദയാൽ കംപ്യൂട്ടറുകളെ കുറിച്ച് എഴുതിയ രണ്ടു പുസ്തകങ്ങൾ ഉണ്ടായിരുന്നു. അച്ഛൻ ഞങ്ങൾക്ക് അത് വാങ്ങിത്തന്നു. അമ്മയ്ക്ക് ഒരു ഭാഗവതവും വാങ്ങിക്കൊടുത്തു.
അച്ഛന് പണ്ട് മുതൽ തന്നെ മലയാള മനോരമ ഇന്ത്യൻ എക്സ്പ്രസ്സ് എന്നിവ വായിക്കുന്ന ശീലം ഉണ്ടായിരുന്നു. വീട്ടിൽ ആ പത്രങ്ങൾ വരുത്തിയിരുന്നു. എന്നാൽ ഇംഗ്ലീഷ് പത്രം ഞങ്ങൾ കുട്ടികൾ സ്ഥിരമായി വായിച്ചിരുന്നില്ല. അച്ഛൻ വരുന്ന സമയത്ത് അതിലെ പ്രധാന വാർത്തകളും എഡിറ്റോറിയലും ഞങ്ങളെക്കൊണ്ട് വായിപ്പിച്ചിരുന്നു. അറിയാത്ത വാക്കുകൾ ഡിക്ഷ്ണറി നോക്കി ഞങ്ങൾ കണ്ടുപിടിക്കുകയും വേണം. അത് ഞങ്ങളുടെ വൊക്കാബുലറി കൂടാൻ സഹായിച്ചു. അച്ഛൻ കല്ലട സി വി കെ എം സ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത്. അതിനാൽ ഇംഗ്ലീഷിൽ സാമാന്യം നല്ല അറിവ് അച്ഛനുണ്ടായിരുന്നു. അങ്ങനെ വായിച്ചറിഞ്ഞ പല അറിവുകളും അച്ഛൻ ഞങ്ങളുമായി പങ്കു വച്ചിരുന്നു. നമ്മുടെ നാട്ടിൽ ലാന്റ് ഫോൺ പോലും അത്ര പ്രചാരത്തിലില്ലാതിരുന്ന കാലത്ത് കോഡ് ലസ് ഫോണിനെ കുറിച്ചും വിമാനത്തിലിരുന്നും യാത്രയ്ക്കിടയിലും ഉപയോഗിയ്ക്കാവുന്ന പോർട്ടബിൾ കംപ്യൂട്ടറിനെ കുറിച്ചും ലാപ് ടോപിനെ കുറിച്ചും അക്കാലത്ത് അച്ഛൻ പറഞ്ഞു തരുമ്പോൾ ഞങ്ങൾക്കതത്ഭുതമായിരുന്നു.
വല്യ മാമൻ ഞങ്ങൾക്ക് കോംപ്ടൻസ് എൻസൈക്ലോപീഡിയ 1980 കളുടെ തുടക്കത്തിൽ ഞങ്ങൾക്ക് വാങ്ങിത്തന്നിരുന്നു. ഇൻഡക്സ് നോക്കി എൻസൈക്ലോപീഡിയയിൽ നിന്നും വിവരങ്ങൾ ഗ്രഹിക്കാൻ പഠിപ്പിച്ചത് അച്ഛനാണ്. അക്കാലത്തെ ഏറ്റവും ബൃഹത്തായ എൻസൈക്ലോപീഡിയ എന്നത് എൻസൈക്ലോപിഡിയ ബ്രിട്ടാനിക്കയാണ്.
വല്യമാമന് മെഡിസിനുമായി ബന്ധപ്പെട്ട വിദേശ ജേർണലുകളും സയൻസ് ജേർണലുകളും വായിക്കുന്ന ശീലമുണ്ടായിരുന്നു. അവയിൽ ചിലത് അച്ഛനും വായിച്ചിരുന്നു.
ഞങ്ങൾക്ക് അറ്റ്ലസ് വാങ്ങിത്തന്നത് അച്ഛനാണ്. അതിൽ നോക്കി ലോകത്തിന്റെ പല ഭാഗങ്ങൾ കണ്ടുപിടിക്കാൻ ഞങ്ങൾ പഠിച്ചു. അങ്ങനെ അച്ഛനും അമ്മയും വല്യമാമനും കൂടി വിവരങ്ങൾ വിരൽ തുമ്പിലെത്താത്ത കാലത്ത് ഞങ്ങളുടെ അറിവിന്റെ ചക്രവാളം വികസിക്കാൻ സഹായിച്ചു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
Leave a Reply