ബിനോയ് എം. ജെ.

നാമെല്ലാവരും ജീവിതവിജയം ആഗ്രഹിക്കുന്നവരും പരാജയത്തെ ഒഴിവാക്കുവാൻ വ്യഗ്രത കാട്ടുന്നവരും ആണ്. ഇപ്രകാരം നാം ജീവിതത്തെ രണ്ടായി വിഭജിക്കുന്നു. വിജയത്തോടൊപ്പം സുഖവും പരാജയത്തോടൊപ്പം ദു:ഖവും വന്നുചേരുന്നു. വാസ്തവത്തിൽ വിജയവും പരാജയവും എന്ന രണ്ടു കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടോ?അത് നമ്മുടെയും നാം ജീവിക്കുന്ന സമൂഹത്തിന്റെയും സൃഷ്ടിയാകുവാനേ വഴിയുള്ളൂ. നാം ചെറുപ്പം മുതലേ ഒരു പ്രത്യേക രീതിയിൽ ചിന്തിച്ചു തുടങ്ങുന്നു. അത് നമ്മുടെ ജീവിതകാലം മുഴുവൻ മാറാതെ കിടക്കുകയും ചെയ്യുന്നു. ഇത് എന്തുമാത്രം പ്രശ്നങ്ങളാണ് നമ്മുടെ ജീവിതത്തിൽ സൃഷ്ടിക്കുന്നതെന്ന് ഒരുപക്ഷേ നാം ശ്രദ്ധിക്കുന്നുണ്ടാവില്ല.

കർമ്മം ചെയ്യുന്നതോടൊപ്പം അതിന്റെ പ്രതിഫലത്തെക്കുറിച്ചും ചിന്തിക്കുന്ന ശീലം മനുഷ്യനിൽ രൂഢമൂലമാണ്. പ്രതിഫലത്തെക്കുറിച്ചുള്ള ചിന്തകളാണ് ജയപരാജയങ്ങളെയും സുഖദു:ഖങ്ങളെയും കൊണ്ടുവന്ന് തരുന്നത്. പ്രതിഫലത്തെ തള്ളിക്കളഞ്ഞാൽ ജീവിതം മുഴുവൻ കർമ്മാനുഷ്ഠാനം മാത്രമാണെന്ന് കാണുവാൻ കഴിയും. അവിടെ ജയപരാജയങ്ങളോ സുഖദു:ഖങ്ങളോ ഉണ്ടാവുകയില്ല. അനന്തമായ ആനന്ദം ഒന്നുമാത്രമേ അവിടെ ഉണ്ടാവൂ..ഇതിനെ നിഷ്കാമകർമ്മം എന്ന് വിളിക്കാം.

ഇപ്രകാരം നിഷ്കാമകർമ്മം അനുഷ്ഠിക്കുവാൻ ജീവിതത്തെ കുറിച്ച് അവശ്യം കുറേ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടിയിരിക്കുന്നു. അതിൽ ഒന്നാമത്തേത് ജീവിതത്തിൽ അങ്ങോളമിങ്ങോളം നിലനിൽക്കുന്ന സമത്വത്തെക്കുറിച്ചുള്ള അറിവാണ്. നാമെല്ലായിടത്തും അസമത്വം കാണുന്നവരാണ്. അസമത്വം കാണുവാൻ ആർക്കും കഴിയും. അതൊരുതരം വികൽപമാണ്. എന്നാൽ എല്ലായിടത്തും സമത്വം കാണുവാൻ പക്വതയുള്ള ഒരു മനസ്സും കരുത്തുറ്റ ഒരു തലച്ചോറും ആവശ്യമാണ്. ‘പരമഹംസർ’ എന്നാണ് അത്തരക്കാരെ ഭാരതീയതത്വചിന്തയിൽ വിളിക്കുന്നത്.

ജീവിതത്തിൽ എന്തൊക്കെ തന്നെ നേടിയാലും നഷ്ടപ്പെട്ടാലും, എവിടെയൊക്കെതന്നെ എത്തിച്ചേർന്നാലും ഇല്ലെങ്കിലും നിങ്ങളുടെ ആനന്ദത്തിൽ മാറ്റമൊന്നും വരുന്നില്ല. ശൈശവത്തിൽ നിങ്ങൾ കാര്യമായ നേട്ടങ്ങൾ ഒന്നും ആർജ്ജിച്ചെടുത്തിട്ടില്ല. വലിയ പദവികളിൽ ഒന്നും എത്തിച്ചേർന്നിട്ടുമില്ല. നിങ്ങൾ ഏറെക്കുറെ ഒരു സ്വപ്നലോകത്താണ് ജീവിച്ചിരുന്നത്. എന്നിട്ടും നിങ്ങൾക്ക് എന്തോരാനന്ദമായിരൂന്നു? യൗവനമാകുമ്പോഴേക്കും നിങ്ങൾ പലതും നേടിയെടുത്ത് കഴിഞ്ഞിരിക്കും. പല പദവികളിലും എത്തിച്ചേർന്നും കഴിഞ്ഞിരിക്കും. നിങ്ങളുടെ മനസ്സ് കൂടുതൽ യാഥാർഥ്യത്തിലേക്കും വരുന്നു. പക്ഷേ നിങ്ങളുടെ ആനന്ദത്തിൽ വർദ്ധന ഒന്നും സംഭവിക്കുന്നില്ല!

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിജയം മധുരത്തിൽ പൊതിഞ്ഞ കയ്പാണ്. ആദ്യം നിങ്ങൾ അതിൽ സന്തോഷിക്കും. ക്രമേണ നിങ്ങൾക്ക് അതിന്റെ കയ്പ്പ് അനുഭവപ്പെട്ട് തുടങ്ങുന്നു. പരാജയമാവട്ടെ ആദ്യം കയ്ക്കും, പിന്നീട് മധുരിക്കും. മഠയന്മാരെ ഇവയുടെയൊക്കെ പിറകെ ഓടൂ. വിജയമാണെങ്കിലും പരാജയമാണെങ്കിലും ആനന്ദത്തിൽ മാറ്റമൊന്നും സംഭവിക്കുന്നില്ല. നേട്ടങ്ങൾ കൊയ്താലും ഇല്ലെങ്കിലും സൂര്യോദയം ഒരുപോലെ മനോഹരവും ആസ്വാദ്യകരവും ആണ്. നിങ്ങൾക്ക് എന്തു തോന്നുന്നു? സമ്പന്നൻ ദരിദ്രനേക്കാൾ ഉപരിയായി പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നുണ്ടോ?വിജയവും പരാജയവും കൃത്രിമമാണ്. വാസ്തവത്തിൽ അങ്ങനെ രണ്ടു സംഗതികൾ ജീവിതത്തിൽ ഇല്ല. ഇത് മനസ്സിലാക്കുന്നവൻ അനന്താനന്ദം അനുഭവിച്ചു തുടങ്ങുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120