ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഭക്ഷ്യ-കാർഷിക മേഖലകളിലെ തൊഴിലാളി ക്ഷാമം വിലക്കയറ്റത്തിന് കാരണമാകുമെന്ന മുന്നറിയിപ്പുമായി എംപിമാർ. ഇതോടെ രാജ്യം ഭക്ഷ്യ ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കേണ്ടി വരുമെന്നും അവർ വ്യക്തമാക്കി. കോവിഡും ബ്രെക്സിറ്റും കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നും തൊഴിലാളികളുടെ അഭാവം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ കാർഷിക മേഖല ശാശ്വതമായി തകരുമെന്നും പരിസ്ഥിതി-ഭക്ഷ്യ- ഗ്രാമീണ കാര്യ സമിതി (ഡെഫ്ര) യുടെ റിപ്പോർട്ടിൽ പറയുന്നു. സീസണൽ വർക്കർ വിസ സ്കീം വിപുലീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വിദേശ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ കുറവാണ് കാർഷിക മേഖലയെ സാരമായി ബാധിച്ചത്. അഞ്ചു ലക്ഷം ജോലി ഒഴിവുകളാണ് ഇപ്പോൾ ഈ മേഖലയിൽ ഉള്ളത്. ഡാഫോഡിൽ വിളയുടെ നാലിലൊന്ന് ഭാഗവും നശിച്ചു പോയി. വിദഗ്ദ്ധരായ കശാപ്പുകാരുടെയും അറവുശാലയിലെ തൊഴിലാളികളുടെയും അഭാവം മൂലം 35,000 പന്നികളെ ആവശ്യമായ വിധത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ല. തൊഴിലാളികളുടെയും എച്ച്ജിവി ഡ്രൈവർമാരുടെയും കുറവ് ക്രിസ്മസ് ടർക്കികളുടെ വിതരണത്തിന് ഭീഷണിയായപ്പോൾ, സർക്കാർ ഇടപെട്ട് താൽക്കാലിക വിസ പദ്ധതിക്ക് രൂപം നൽകിയിരുന്നു.
മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ, തൊഴിലാളികളുടെ മാനസികാരോഗ്യം എന്നിവയിൽ ഗുരുതര പ്രതിസന്ധി രൂപപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് പല സംഘടനകളും അഭിപ്രായപ്പെട്ടു. കാർഷിക മേഖല അഭിമുഖീകരിക്കുന്ന തൊഴിൽ വെല്ലുവിളികൾ നേരിടാൻ അവരോട് ചേർന്ന് പ്രവർത്തിക്കുമെന്ന് ഡെഫ്ര ഉറപ്പ് നൽകി.
Leave a Reply