ഡോ. ഐഷ വി

അമ്മ ഓണത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. പാത്രങ്ങൾ എല്ലാം കഴുകി ഉണക്കി . അടുക്കളയിൽ ചെയ്യാനുള്ള ജോലികൾ മുഴുവൻ തീർത്തു വച്ചു. പലവ്യജ്ഞനങ്ങൾ ഉണക്കി വറുത്ത് ഉരലിൽ ഇടിച്ച് പൊടിച്ച് അരിപ്പയിൽ അരിച്ച് വീണ്ടും വലിയ തരികൾ പൊടിച്ചരിച്ച് വച്ചു. വീട്ടിലെ മുറികളിൽ ചിലന്തിവലയൊക്കെ അടിച്ച് തൂത്തുവാരി തുടച്ചു വൃത്തിയാക്കി. ഞങ്ങൾക്കെല്ലാം അത്താഴവും തന്നു. അപ്പോഴാണ് പിറ്റേന്ന് ദോശയ്ക്കുള്ള അരിയും ഉഴുന്നും ആട്ടിവയ് ക്കേണ്ട കാര്യം ഓർമ്മിച്ചത്. ഫ്രിഡ്ജ് ഇല്ലാതിരുന്നതിനാൽ ഒരുമിച്ച് ആട്ടി സൂക്ഷിക്കുന്ന പതിവില്ല. അന്ന് മിക്സിയും ഗ്രൈന്ററും സാർവത്രികമല്ലാത്തതിനാൽ അതും ഇല്ല. ഞങ്ങളുടെ അടുക്കളയുടെ പുറത്തേ വരാന്തയിൽ ലക്ഷ്മി അച്ഛാമ്മയുടെ ആട്ടുകല്ല് കിടപ്പുണ്ടായിരുന്നു. അമ്മ അരി ആട്ടാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയപ്പോൾ അതുവരെ വീടിന്റെ തിണ്ണയിൽ മക്കളും ലക്ഷ്മി അച്ചാമ്മയുമൊത്ത് അത്താഴ ശേഷം സൊറ പറഞ്ഞിരുന്ന രോഹിണി അപ്പച്ചി പറഞ്ഞു: ” ഓമനയ്ക്ക് ഒരിക്കലും ജോലി തീരില്ല. തേക്കേപ്പുരയെടുത്ത് വടക്കേപ്പുരയിൽ വച്ച് , വടക്കേപ്പുരയെടുത്ത് തെക്കേ പുരയിൽ വച്ച് , വെളുപ്പിന് നാല് മണിക്ക് തുടങ്ങുന്ന ജോലി രാത്രി പന്ത്രണ്ട് മണിയായാലും തീരില്ല. ഞങ്ങൾ കിടക്കാൻ പോവുകയാണേ” . അത്രയും പറഞ്ഞ് രോഹിണി അപ്പച്ചിയും മറ്റുള്ളവരും കൂടി ഉറങ്ങാനായി അകത്തു കയറി .

അമ്മ വളരെ നന്നായി അധ്വാനിച്ചിരുന്നു. വീട്ടിനുള്ളിലേയും വീട്ടുപറമ്പിലെയും ഞങ്ങളുടെ മറ്റു പറമ്പുകളിലേയും കാര്യങ്ങൾ ചെയ്തിരുന്നതും ചെയ്യിച്ചിരുന്നതും അമ്മയായിരുന്നു. അതിനാൽ അമ്മയുടെ ജോലി ഒരിക്കലും തീർന്നിരുന്നില്ല. എന്നാൽ ഇതൊന്നും ആർക്കും കാണാനും വിലയിരുത്താനും വിലമതിക്കാനും മാത്രം ഉണ്ടായിരുന്നില്ല. അമ്മ ഒരു യന്ത്രം പോലെ ഇരുട്ടി വെളുക്കെ പണി ചെയ്തിരുന്നതു കൊണ്ടാണ് ഞങ്ങൾ കുട്ടികൾക്ക് അധികം പണി ചെയ്യേണ്ടി വരാഞ്ഞത്. സ്കൂൾ പഠനകാലത്ത് ഞങ്ങളുടെയെല്ലാം വസ്ത്രം കഴുകിത്തരുന്നതും അമ്മയായിരുന്നു. അടുത്ത വീട്ടിലെ സ്ത്രീകൾ ചെയ്യാത്ത ധാരാളം പണികൾ അമ്മ ചെയ്തിരുന്നു. പഴം, പച്ചക്കറി കിഴങ്ങുവർഗ്ഗ വിളകൾ കൃഷി ചെയ്യുക എന്നത് അമ്മ അധികത്തിൽ ചെയ്യുന്ന ജോലിയായിരുന്നു. അതിനാൽ അപ്പുറത്തെ വീട്ടിലില്ലാത്ത ധാരാളം കാർഷികോത്പന്നങ്ങൾ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു.

പുറം പണി പകൽ ചെയ്യുമ്പോൾ അകം പണി അമ്മ രാത്രിയിലാക്കും. അങ്ങനെ എല്ലുമുറിയെ പണിയെടുത്തിട്ട് ” നീയെന്താണ് ഇത്ര നേരം ചെയ്തത് ?” എന്ന് അച്ഛൻ പലപ്പോഴും അമ്മയോട് ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അമ്മ അതിന് മറുപടി ഒന്നും പറയില്ല. അമ്മ മാത്രമല്ല. കേരളത്തിലെ വീട്ടമ്മമാരായ പല സ്ത്രീകളും നേരിട്ടിരുന്ന ചോദ്യമാണിത്. അവർ ചെയ്യുന്ന ജോലിക്ക് യാതൊരു കണക്കുമില്ല. അതൊന്നും മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ജോലിയല്ല. ” നീയെന്താണ് ചെയ്തത് ? ” എന്ന ചോദ്യം അന്നത്തെ സ്ത്രീകളെ നിരുത്സാഹപ്പെടുത്തിയിരുന്നെങ്കിൽ അവരുടെ സന്തതി പരമ്പരകൾ ഇന്നത്തെ ആർഭാട ജീവിതം നയിക്കുമായിരുന്നില്ല. അവർ എല്ലാം സഹിച്ചും ക്ഷമിച്ചും അവരുടെ ഉത്തരവാദിത്വമായി കണക്കാക്കി എല്ലാം ചെയ്ത് പോന്നു. ഞാനും അമ്മയും കൂടി അരിയാട്ടി വച്ചു. ആട്ടുകല്ല് കഴുകി വൃത്തിയാക്കിയ ശേഷം ആകെ മുഷിഞ്ഞിരുന്നതിനാൽ കുളിക്കാനായി അമ്മ ഓല കൊണ്ട് നിർമ്മിച്ച മറപ്പുരയിലേയ്ക്ക് പോയി. അമ്മ കിണറ്റിൽ നിന്നും വെള്ളം കോരി കഴിഞ്ഞ് കുളിക്കാൻ കയറിയപ്പോൾ ഞാൻ സ്കൂളിൽ നിന്നും കിട്ടിയ ഒരു നോവൽ എടുത്തു കൊണ്ടുവന്ന് വരാന്തയിൽ ആട്ടുകല്ലിനരികിലായി ഒരു കുരണ്ടിയിൽ ഇരുന്നു. പുസ്തകത്തിന്റെ പുറംചട്ട പോയിരുന്നു. ഞങ്ങളുടെ ക്ലാസ്സ് ടീച്ചറായ ഇന്ദിര ടീച്ചർ സ്കൂൾ ലൈബ്രറിയിൽ നിന്നും എടുത്തു കൊണ്ട് വന്ന് ഞങ്ങൾക്ക് വിതരണം ചെയ്ത പുസ്തകമായിരുന്നു അത്. ആരൊക്കെയോ കൈകാര്യം ചെയ്ത് പുറം ചട്ട പോയതാകണം.

വീടിനകത്ത് അനുജനും അനുജത്തിയും ഉറക്കമായിരുന്നു. സമയം രാത്രി പന്ത്രണ്ട് മണിയോടടുക്കുന്നു. അമ്മ കുളിച്ച് വരുന്നതു വരെ അവിടിരിക്കാൻ തീരുമാനിച്ചത് കൊണ്ട് ഞാൻ നോവലിന്റെ പേജുകൾ മറിച്ച് വായന തുടങ്ങി. രാത്രി ഒരു സത്രത്തിൽ രണ്ടു പേർ മുറിയെടുത്തു. അവിടെ മേശയ്ക്കരികിലായി കഴുത തലയുള്ള ഒരു മനുഷ്യനെ അവർ കാണുന്നു. അങ്ങനെ വായന നീണ്ടു. പിറ്റേന്ന് അതിരാവിലെ അവർ അവിടെ നിന്നും പോകാനൊരുങ്ങുമ്പോൾ വീണ്ടും കഴുത തലയുള്ള മനുഷ്യനെ അവർ കാണുന്നു. വായന ഇത്രയുമായപ്പോൾ ഞാൻ ചുറ്റും നോക്കി ഇരുട്ടാണെന്നും ഞാൻ വരാന്തയിൽ ഒറ്റയ്ക്കാണെന്നും അപ്പോഴാണ് എനിക്ക് ബോധ്യം വന്നത്. കഴുത തലയുള്ള മനുഷ്യന്റെ കാര്യമോർത്തപ്പോൾ എനിക്ക് ഭയമായി. ഞാനറുക്കെ നിലവിളിച്ചു. അമ്മ ഓടിവന്നു. ഞാൻ പുസ്തകം വായിച്ച് പേടിച്ചിട്ടാണ് നിലവിളിച്ചതെന്ന് അമ്മയോട് കാര്യം പറഞ്ഞു. അമ്മ എന്റെ കൈയ്യിൽ നിന്നും പുസ്തകം വാങ്ങി. ഇനി ഇത് വായിക്കേണ്ടെന്ന് പറഞ്ഞു. ഓണം കഴിഞ്ഞ് സ്കൂളിൽ പോയപ്പോൾ തിരികെ നൽകാനാണ് അമ്മ ആ പുസ്തകം തന്നത്. അങ്ങനെ ഞാനാ പുസ്തകം സ്കൂളിൽ തിരികെ ഏൽപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമ്മ നല്ല ധൈര്യശാലിയാണ്. ഇരുട്ടിനെയൊന്നും അമ്മയ്ക്ക് ഭയമില്ല. ഇന്ന് കഴുത തലയുള്ള മനുഷ്യന്റെ കാര്യവും എന്റെ നിലവിളിയും ഓർക്കുമ്പോൾ ചിരി വരുന്നു. കേവലം ഒരു ഉപമ മാത്രമായിരുന്നു ആ “കഴുതത്തല” പ്രയോഗം.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്