ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഈസ്റ്റർ സന്ദേശത്തിൽ, ബ്രിട്ടീഷ് സർക്കാരിന്റെ റുവാണ്ട പദ്ധതിയെ അപലപിച്ച് കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി. ഇത്തരം പദ്ധതികൾ ദൈവ സ്വഭാവത്തിന് എതിരാണെന്ന് പറഞ്ഞ അദ്ദേഹം, ഈസ്റ്റർ അനുതാപത്തിനും നവീകരണത്തിനുമുള്ള അവസരമാണെന്ന് ഓർമിപ്പിച്ചു. റഷ്യ – യുക്രൈൻ യുദ്ധത്തിൽ വെടിനിർത്തലിന് അദ്ദേഹം ആഹ്വാനം ചെയ്തു. ഒപ്പം ജീവിതച്ചെലവ് പ്രതിസന്ധിയിൽ മല്ലിടുന്ന കുടുംബങ്ങളെക്കുറിച്ചും കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവരെക്കുറിച്ചുമുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
“ഇത് സമാധാനം പുനഃസ്ഥാപിക്കാനുള്ള സമയമാണ്. യുദ്ധത്തിന്റെ അന്ധകാരം നീങ്ങിപോകണം.” ആർച്ച് ബിഷപ്പ് പറഞ്ഞു. അഭയം തേടിയെത്തുന്നവരെ മറ്റൊരു രാജ്യത്തേക്ക് അയക്കുന്ന നടപടിയെയും അദ്ദേഹം ശക്തമായി അപലപിച്ചു. ഈ പദ്ധതി നിരാശാജനകമായ ഒന്നാണെന്നു യോർക്ക് ആർച്ച് ബിഷപ്പ് സ്റ്റീഫൻ കോട്രെലും അഭിപ്രായപ്പെട്ടു.
ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാന്‍ഡയിലേക്ക് അയക്കാനുള്ള ബ്രിട്ടന്റെ പദ്ധതി അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമെന്ന് യുഎൻ അഭയാർത്ഥി ഏജൻസി വ്യക്തമാക്കിയിരുന്നു. £120 മില്യൺ പൈലറ്റ് സ്കീമിന് കീഴിൽ, ജനുവരി 1 മുതൽ യുകെയിൽ നിയമവിരുദ്ധമായി പ്രവേശിക്കുന്ന ആളുകളെ റുവാണ്ടയിലേക്ക് അയക്കും. ഇതിലൂടെ, ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കുറയും എന്നാണ് ബ്രിട്ടന്‍ പ്രതീക്ഷിക്കുന്നത്. എന്നാൽ, 160-ലധികം ചാരിറ്റികളും പ്രചാരണ ഗ്രൂപ്പുകളും പദ്ധതി ഉപേക്ഷിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.
Leave a Reply