ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പെട്ടെന്നുണ്ടായ കനത്ത മഴയിൽ ലണ്ടനിലെ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കം. റോഡുകളിൽ വെള്ളം ഉയർന്നതോടെ കാറുകൾ മുങ്ങി. റോഡുകളിലും വീടുകളിലും വെള്ളപ്പൊക്കമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയതിനാൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. യുകെയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ പെയ്യാൻ സാധ്യതയുണ്ട്. നോർത്ത് ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീൻ, ഹൈഗേറ്റ് എന്നിവയുൾപ്പെടെ സൗത്ത് വെസ്റ്റ് ലണ്ടന്റെ ഭാഗങ്ങളായ ബാർനെസ്, റെയ്ൻസ് പാർക്ക്, റിച്ച്മണ്ട് എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തു. ലണ്ടനിൽ നിന്ന് മാത്രം ആയിരത്തിലധികം കോളുകൾ ലഭിച്ചതായി ലണ്ടൻ അഗ്നിശമന സേന ട്വീറ്റ് ചെയ്തു. വെള്ളപ്പൊക്കത്തെ തുടർന്ന് റെയ്‌ൻസ് പാർക്ക് സ്റ്റേഷന് ചുറ്റുമുള്ള പ്രദേശം ഒഴിവാക്കണമെന്ന് ഡ്രൈവർമാർക്ക് പോലീസ് നിർദ്ദേശം നൽകി.

കോൾവില്ലെ ടെറസ്, ഹോളണ്ട് റോഡ്, ലാഡ്ബ്രോക്ക് ഗ്രോവ് എന്നിവയുൾപ്പെടെയുള്ള ഹമ്മർസ്മിത്തിന്റെ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിനെത്തുടർന്ന് ആളുകളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായും എംപിഎസ് വെസ്റ്റ്മിൻസ്റ്റർ ട്വീറ്റ് ചെയ്തു. ട്രാക്കുകളിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ലണ്ടൻ യൂസ്റ്റണിലും പുറത്തും ഉള്ള ട്രെയിനുകൾ റദ്ദാക്കി. നോട്ടിംഗ് ഹില്ലിലെ പോർട്ടോബെല്ലോ റോഡിൽ 90 മിനിറ്റിൽ 3 ഇഞ്ച് മഴയാണ് ലഭിച്ചത്. റോഡിൽ രണ്ടടിയോളം ഉയർന്ന വെള്ളത്തിൽ കാറുകൾ ഉപേക്ഷിച്ചാണ് ജനങ്ങൾ രക്ഷപെട്ടത്.

അയൽവാസികളെ ശ്രദ്ധിക്കാനും സ്വന്തം പ്രദേശത്തെ കാലാവസ്ഥാ മുന്നറിയിപ്പുകൾക്കായി ശ്രദ്ധിക്കാനും ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ വിവരങ്ങൾക്കായി ഇന്ന് വൈകുന്നേരം യാത്ര ചെയ്യുന്നവർ അവരുടെ ട്രെയിൻ ഓപ്പറേറ്ററുമായോ ദേശീയ റെയിൽ അന്വേഷണ വെബ്‌സൈറ്റിലോ പരിശോധിക്കാൻ റെയിൽവേ അധികൃതർ ആവശ്യപ്പെട്ടു.