കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലം നീണ്ടകര തുറമുഖത്ത് കണ്ട ചെറിയ ആള്‍ക്കൂട്ടത്തിലേക്ക് തലയിട്ട് നോക്കിയവരില്‍ ചിലര്‍ക്ക് പരിസരബോധം വരാന്‍ കുറച്ച് സമയമെടുത്തു. പതിവ് പോലെയുള്ള ലേലംവിളി കേട്ടാണ് ചിലര്‍ അവിടെ എത്തിയത്. അത്യാവശ്യം വലിപ്പമുള്ള മൂന്ന് മീനുകള്‍ നിരത്തിവെച്ചിട്ടുണ്ട്. മുണ്ട് മടക്കി കുത്തി ഒരാള്‍ വിളിച്ച് പറയുന്നുണ്ട്… ‘ഒന്നേ ഇരുപത്, ഒന്നേ നാല്പത്, ഒന്നേ അമ്പത്’ ഇങ്ങനെ അതിവേഗത്തില്‍ തുക വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവില്‍ രണ്ടേകാല്‍ ലക്ഷം മൂന്ന് തരം എന്ന് വിളിച്ചുപറഞ്ഞപ്പോള്‍ വൈകി അവിടെ എത്തിയവരില്‍ പലരും അക്ഷാര്‍ത്ഥത്തില്‍ ഞെട്ടി. കടല്‍ സ്വര്‍ണമെന്നറിയുന്ന പട്ത്തികോരയെ (ഗോല്‍) ആണ് കഴിഞ്ഞദിവസം നീണ്ടകര തുറമുഖത്തുനിന്ന് രണ്ടേകാല്‍ ലക്ഷത്തിന് ലേലം പോയത്.
ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ വലിയ ശസ്ത്രക്രിയകള്‍ക്കാവശ്യമായ നൂല് നിര്‍മാണത്തിന് ഉപയോഗിക്കുന്നത് പട്ത്തകോരയുടെ ബ്ലാഡറാണ് (പളുങ്ക്).
കടല്‍ വെള്ളത്തില്‍ പൊങ്ങിക്കിടിക്കാനും നീന്താനും സഹായിക്കുന്ന ഇതിന്റെ ഈ ‘എയര്‍ ബ്ലാഡറാ’ണ് മോഹവിലയ്ക്ക് കാരണം. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ തീരങ്ങളിലാണ് ഈ മത്സ്യം സാധാരണയായി കാണാറുള്ളത്. കേരളതീരത്ത് അത്യപൂര്‍വമായിട്ടാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.
ശക്തികുളങ്ങര തുറമുഖത്തുനിന്ന് കടലില്‍പോയ ലൂക്കായുടെ ഉടമസ്ഥതയിലുള്ള മനു എന്ന വള്ളത്തിനാണ് മീന്‍ ലഭിച്ചത്. നീണ്ടകരയില്‍ മൂന്ന് കിലോമീറ്ററിനുള്ളില്‍നിന്നാണ് ലക്ഷങ്ങള്‍ വില വരുന്ന മത്സ്യത്തെ ഇവര്‍ക്ക് കിട്ടിയത്.
മൂന്നെണ്ണത്തില്‍ മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡുള്ള രണ്ട് ആണ്‍ മത്സ്യവും ഉള്‍പ്പെട്ടിരുന്നതായി ലൂക്ക പറഞ്ഞു. തീരക്കടലില്‍ കല്ലിലാണ് സാധാരണ ഇവയെ കാണാറ്. 20 കിലോ ഭാരമുള്ള ആണ്‍ മത്സ്യത്തിന്റെ ശരീരത്തില്‍ 300 ഗ്രാം പളുങ്കുണ്ടാകും. ഒരു കിലോ പളുങ്കിന് മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വിലയുണ്ട്.
എന്നാല്‍ ഇതിന്റെ ഇറച്ചിക്ക് അത്ര വിലയില്ല. കിലോയ്ക്ക് 250 വരെയേ വിലയുള്ളു. 10കിലോയ്ക്ക് മുകളിലുള്ള മത്സ്യങ്ങളിലാണ് പളുങ്ക് കാണപ്പെടുക. കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ മാര്‍ക്കറ്റിലേക്കാണ് ഈ മത്സ്യം പോകുന്നതെന്ന് വ്യാപാരി ജോളി മറൈന്‍ എക്‌സ്പോര്‍ട്ട് ഉടമ ടൈറ്റസ് പറഞ്ഞു.
സിംഗപ്പൂരില്‍ വൈന്‍ ശുദ്ധീകരിക്കുന്നതിന് ഇതിന്റെ ബ്ലാഡറും സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കാന്‍ മാംസവും ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞാഴ്ച ആലപ്പാട്ട് പഞ്ചായത്തിനു പടിഞ്ഞാറ് മത്സ്യബന്ധനത്തിനുപോയ തൊഴിലാളികള്‍ക്കും ഒരു പട്ത്തകോര ലഭിച്ചിരുന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഗരീഷ് കുമാര്‍ സ്രാങ്കായ പൊന്നുതമ്പുരാന്‍ വള്ളത്തിനാണ് മീന്‍ ലഭിച്ചത്. നീണ്ടകര ഹാര്‍ബറിലെത്തിച്ച 20.6 കിലോ ഗ്രാം തൂക്കമുള്ള മത്സ്യത്തിന് ലേലത്തിലൂടെ ലഭിച്ചതാകട്ടെ 59,000 രൂപയും.
കഴിഞ്ഞ സെപ്തംബറില്‍ മഹാരാഷ്ട്രയിലെ പാല്‍ഘറിലെ മത്സ്യത്തൊഴിലാളിയായ ചന്ദ്രകാന്ത് താരെ പിടികൂടിയ 157 ഗോല്‍ മത്സ്യങ്ങള്‍ക്ക് 1.33 കോടി രൂപ ലഭിച്ചിരുന്നു.
അയോഡിന്‍, ഒമേഗ-3, ഇരുമ്പ്, ടോറിന്‍, മഗ്നീഷ്യം, ഡിഎച്ച്എ, ഇപിഎ, ഫ്ലൂറൈഡ്, സെലിനിയം തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമായതിനാലാണ് സീ ഗോള്‍ഡ് (Sea Gold)അഥവാ കടല്‍ സ്വര്‍ണം’ എന്ന് ഇവയെ വിളിക്കുന്നതെന്ന് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ഡോ. പി യു സക്കറിയ പറഞ്ഞു. ജൈവശാസ്ത്രപരമായി ‘പ്രോട്ടോണിബിയ ഡയകാന്തസ്’ (Protonibea diacanthus)എന്നറിയപ്പെടുന്ന ഇവ കേരളതീരത്ത് കാണപ്പെടുന്നതിനു കാരണം കാലാവസ്ഥാമാറ്റമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply