സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് കേരളം. ബംഗാളിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ പരാജപ്പെടുത്തിയാണ് കേരളത്തിന്‍റെ സ്വപ്ന നേട്ടം.നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈം പൂർത്തിയായപ്പോൾ 1–1 സമനിലയിലായിരുന്നു. ഷൂട്ടൗട്ടിൽ ബംഗാളിന്റെ ഒരു കിക്ക് പുറത്തേക്കു പോയി.

ഗോള്‍ അകന്നുനിന്ന ഇരു പകുതികൾക്കും ശേഷം അധിക സമയത്തേക്കു നീണ്ട സന്തോഷ് ട്രോഫി ഫൈനലിൽ, 97–ാം മിനിറ്റിൽ ദിലീപ് ഓർവാന്റെ ബുള്ളറ്റ് ഹെഡറിലാണു ബംഗാള്‍ ലീഡ് എടുത്തത് (1–0). പിന്നാലെ എക്സ്ട്രാ ടൈം അവസാനിക്കാൻ 3 മിനിറ്റ് മാത്രം ശേഷിക്കെ, മറ്റൊരു ഉജ്വല ഹെഡറിലൂടെ ബിബിൻ അജയൻ കേരളത്തിനായി ഗോൾ മടക്കി (1–1). ഇരു പകുതികളിലും മികച്ച അവസരങ്ങൾ ലഭിച്ചിട്ടും, ബംഗാൾ ഗോൾകീപ്പറുടെ ഉജ്വല സേവുകളും നിർഭാഗ്യവുമാണു കേരളത്തിനു തിരിച്ചടിയായത്.

58–ാം മിനിറ്റിൽ ബംഗാൾ ഡിഫൻഡർമാരുടെ പിഴവിൽനിന്ന് പന്തു മറിഞ്ഞു കിട്ടിയെങ്കിലും ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഷോട്ട് പിഴച്ചു. പിന്നാലെ പെനൽറ്റി ബോക്സിനുള്ളിൽനിന്ന് ടി.കെ. ജെസിന്‍ തൊടുത്ത ഷോട്ടും പുറത്തേക്കാണു പോയത്. 2–ാം പകുതിക്കിടെ പരുക്കേറ്റ അജയ് അലക്സിനെ സ്ട്രെച്ചറിൽ പുറത്തേക്കു കൊണ്ടുപോയത് കേരളത്തിന് നിരാശയായി. ബിബിൻ അജയനാണ് പകരം കളത്തിലിറങ്ങിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യ പകുതിയിൽ, 18–ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ക്യാപ്റ്റൻ ജിജോ ജോസഫിന്റെ കിക്ക് ബംഗാൾ ഗോൾ കീപ്പർ പിടിച്ചെടുത്തു. പിന്നാലെ, 23–ാം മിനിറ്റിൽ മികച്ച ഒരു ഗോളവസരം ബംഗാളും തുലച്ചു. സെമിഫൈനലിൽ കർണാടകയ്ക്കെതിരെ ഇറങ്ങിയ അതേ ടീമിനെത്തന്നെയാണ് കോച്ച് ബിനോ ജോർജ് ഫൈനലിലും അണിനിരത്തിയത്.

സെമി ഫൈനലിൽ പകരക്കാരനായി ഇറങ്ങി 5 ഗോളടിച്ച ജെസിന് പ്ലേയിങ് ഇലവനിൽ ഇടം കിട്ടിയില്ല. 37–ാം മിനിറ്റിൽ മൊഹിതേഷ് റോയിയുടെ ഗോൾ എന്നുറച്ച ഷോട്ട് തട്ടിയകറ്റി ഗോൾ കീപ്പർ മിഥുൻ കേരളത്തിന്റെ രക്ഷകനായി. പിന്നാലെ 38–ാം മിനിറ്റിൽ വിക്നേഷിനെ പിൻവലിച്ച് കോച്ച് ബിനോ ജോർജ് ജെസിനെ കളത്തിലിറക്കി.

എണ്ണം പറഞ്ഞ മുന്നേറ്റങ്ങൾ നടത്തി ബംഗാൾ പ്രതിരോധത്തെ പരീക്ഷിക്കാൻ ജെസിനായെങ്കിലും ഗോൾ മാത്രം വന്നില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഗോളി മിഥുൻ മാത്രം മുന്നിലുള്ളപ്പോള്‍ ഗോൾ നേടാനുള്ള സുവർണാവസരം ബംഗാൾ പാഴാക്കി.