ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : 184 മില്യൺ പൗണ്ട് യൂറോ മില്യൻസ് ലോട്ടറി അടിച്ചെന്ന അവകാശവാദവുമായി ബ്രിട്ടീഷ് ടിക്കറ്റ് ഉടമ. രാജ്യത്തെ ഏറ്റവും ഉയർന്ന ജാക്ക്പോട്ട് തുകയാണിത്. ചൊവ്വാഴ്ചത്തെ വിജയ സംഖ്യകൾ 3, 25, 27, 28, 29 എന്നിവയായിരുന്നു. ലക്കി സ്റ്റാർ നമ്പറുകളായ 4, 9 എന്നിവയും ഉൾപ്പെടും. റെക്കോർഡ് വിജയം അവകാശപ്പെട്ട് ഒരു ടിക്കറ്റ് ഉടമ മുന്നോട്ട് വന്നതായി നാഷണൽ ലോട്ടറിയുടെ പിന്നിലുള്ള സ്ഥാപനമായ കാംലോട്ട് അറിയിച്ചു. 2004-ൽ യൂറോ മില്യൺസ് ആരംഭിച്ചതിന് ശേഷം യുകെയിലുള്ള 15 പേർ 100 മില്യണിലധികം വരുന്ന തുകയുടെ ജാക്ക്‌പോട്ടുകൾ നേടിയിട്ടുണ്ട്.
ഇത് തികച്ചും അവിശ്വസനീയമായ വാർത്തയാണെന്ന് കാമലോട്ടിന്റെ ആൻഡി കാർട്ടർ പറഞ്ഞു. അവകാശവാദവുമായി എത്തിയ ആൾ നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടിക്രമങ്ങളുണ്ട്. ഇതിന് ശേഷം വിജയിക്ക് അജ്ഞാതനായി തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ഈ വർഷം യുകെയിൽ നേടിയ രണ്ടാമത്തെ യൂറോ മില്യൻസ് ജാക്ക്‌പോട്ടാണിത്. ഫെബ്രുവരി 4 ന് നടന്ന നറുക്കെടുപ്പിൽ 109 മില്യൺ പൗണ്ട് ജാക്ക്പോട്ട് നേടിയിരുന്നു.
ഇതുവരെ 170 മില്യൺ പൗണ്ട് ആയിരുന്നു ഏറ്റവും ഉയർന്ന ലോട്ടറി തുക. 2019 ഒക്ടോബറിലായിരുന്നു ഇത്. വിജയി അജ്ഞാതനായി തുടരാൻ തീരുമാനിച്ചു. 2011-ൽ സ്കോട്ട്‌ലൻഡിലെ നോർത്ത് അയർഷയറിൽ നിന്നുള്ള കോളിനും ക്രിസ് വീറിനും 161 മില്യൺ പൗണ്ട് ലോട്ടറി അടിച്ചിരുന്നു.
2019- ല്‍ യൂറോ മില്യണ്‍സ് ലോട്ടറി അടിച്ചതുവഴി 115 മില്യൺ പൗണ്ട് ലഭിച്ച ഫ്രാന്‍സെസ് കൊണോളി, സുഹൃത്തുക്കള്‍ക്ക് നല്‍കിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ഇതുവരെ 60 മില്യണ്‍ പൗണ്ട് ചെലവാക്കിയതായി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലോട്ടറിയിലൂടെ നേടിയ പണം കൊണ്ട് രണ്ട് ചാരിറ്റബിള്‍ ഫൗണ്ടേഷനാണ് ഇവര്‍ സ്ഥാപിച്ചത്. എന്നാൽ, ലോകത്തിൽ ഏറ്റവുമധികം സമ്മാനത്തുകയുള്ള ലോട്ടറി യുഎസ് പവര്‍ബോൾ ആണ്. സമ്മാനത്തുക 630 മില്യൺ ഡോളറായി വരെ ഉയർന്നിരുന്നു.
Leave a Reply