ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടീഷ് മലയാളികൾക്ക് അഭിമാനിക്കാം. ബ്രിട്ടീഷ് പ്രാദേശിക കൗൺസിലിൽ മേയറായി മറ്റൊരു മലയാളികൂടി തിരഞ്ഞെടുക്കപ്പെട്ടു. ബോംബെ മലയാളിയായ മേരി റോബിനാണ് റോയിസ്റ്റണ്‍ കൗണ്‍സിലിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.കൊച്ചി പെരുമ്പടപ്പിൽ ജനിച്ച മേരി, ബോംബെയിലും ബറോഡയിലും അധ്യാപികയായിരുന്നു. ഒപ്പം കേരളത്തില്‍ ഒരു സ്‌കൂളിന്റെ പ്രിന്‍സിപ്പളായി രണ്ടുവര്‍ഷം സൗജന്യ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോയിസ്റ്റണ്‍ ടൗണിന്റെ ആദ്യത്തെ ഏഷ്യന്‍ മേയര്‍ എന്ന പദവിയും ഇനി മേരി റോബിന് സ്വന്തം.
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ സജീവ അംഗവും മുന്‍കാല സെക്രട്ടറിയും ആയിരുന്ന ഡോക്ടര്‍ റോബിന്‍ ആന്റണിയാണ് ഭർത്താവ്. റിയ റോബിന്‍, റീവ് റോബിന്‍ എന്നിവർ മക്കൾ. പ്രാദേശിക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ റോയിസ്റ്റണ്‍ ടൗണ്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡര്‍ കൂടിയാണ് മേരി. സാമൂഹ്യരംഗത്തും നിറസാന്നിധ്യം.
ബ്രിട്ടീഷ് പ്രാദേശിക കൗൺസിലുകളിൽ ഇതിനു മുമ്പും നിരവധി മലയാളികൾ മേയർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രമുഖ സാഹിത്യകാരികൂടിയായ ഓമന ഗംഗാധരൻ ന്യൂഹാമിലും, തിരുവന്തപുരം സ്വദേശിയായ മഞ്ജു ഷാഹുൽ ഹമീദ് ക്രോയിഡണിലും, ഫിലിപ്പ് ഏബ്രഹാം ലൌട്ടൺ സിറ്റി കൗൺസിലിലും, കാഞ്ഞിരപ്പള്ളി സ്വദേശിയായ ടോം ആദിത്യ ബ്രിസ്റ്റോളിലെ ബ്രാഡ്‌ലി സ്റ്റോക്കിലും മുൻകാലങ്ങളിൽ മേയർമാരായിരുന്നു.
Leave a Reply