സ്വന്തം ലേഖകൻ

ഡെൽഹി : ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി ജെ പിക്കെതിരെ വളരെ തന്ത്രപൂർവ്വം പ്രായോഗികവും , ബുദ്ധിപരവുമായ രാഷ്ട്രീയം നടപ്പിലാക്കുന്നത് കെജ്രരിവാളിൻറെ ആം ആദ്മി പാർട്ടി മാത്രമാണെന്ന് സമീപകാലത്തെ അനേകം സംഭവങ്ങൾ തെളിയിക്കുന്നു. ഡെൽഹിയിൽ ഹിന്ദു – മുസ്ളീം കലാപങ്ങൾ ഉണ്ടാക്കി അതിനുള്ളിലേയ്ക്ക് കെജ്‌രിവാളിനെ എത്തിക്കുവാനും , ചില സ്ഥലങ്ങളിൽ മുസ്ളീം വിരുദ്ധനാക്കുവാനും മറ്റ് ചിലയിടത്ത് ഹിന്ദു വിരുദ്ധനാക്കുവാനും ബി ജെ പി നടത്തിയ നീച നീക്കങ്ങളെ എല്ലാം ഇല്ലാതാക്കികൊണ്ട്, താൻ ആഗ്രഹിക്കുന്ന അജണ്ടയിലേയ്ക്ക് തന്നെ ഇന്ത്യൻ രാഷ്ട്രീയത്തെ എത്തിക്കുന്ന കെജ്‌രിവാളിന്റെ രാഷ്ട്രീയ ചാണക്യ ബുദ്ധിക്ക് മുൻപിൽ പിടിച്ച് നിൽക്കാൻ കഴിയാതെ കുഴയുകയാണ് ബി ജെ പി നേത്ര്യത്വം. അതോടൊപ്പം പരമ്പരാഗത രാഷ്ട്രീയ അടവുകൾ തന്നെ ഇപ്പോഴും പരീക്ഷിക്കുന്ന മറ്റ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കും കെജ്‍രിവാളിന്റെ നവീന രാഷ്ട്രീയ തന്ത്രം മനസ്സിലാക്കുവാനോ , ആം ആദ്മി പാർട്ടിക്ക് ഇന്ത്യ മുഴുവനിലും ലഭിക്കുന്ന സ്വീകാര്യതയെ തടയുവാനോ കഴിയിന്നുമില്ല.

കിഴക്കമ്പലത്തെ സമ്മേളനത്തിലെ ജനപങ്കാളിത്തം കേരളത്തിലെ പാർട്ടികളിൽ വല്ലാത്തൊരു ഭയം തന്നെയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വടക്കേ ഇന്ത്യയിലെപ്പോലെ നുണകഥകൾ പ്രചരിപ്പിച്ച് കെജ്രരിവാളിന്റെ ജനസമ്മിതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും അവരുടെ സൈബർ സംഘങ്ങളും , ചില മലയാള മാധ്യമങ്ങളും. അതിനായി മുസ്ളീം വിരുദ്ധനാണ് കെജ്‍രിവാൾ ,  ജഹാംഗീർപുരിയിൽ മുസ്ലീങ്ങളെ അക്രമിച്ചപ്പോൾ മിണ്ടാതിരുന്നത് കണ്ടില്ലേ ? എന്ന് തുടങ്ങുന്ന നുണകളാണ് ഇപ്പോൾ വലിയ രീതിയിൽ പ്രചരിപ്പിക്കുന്നത്. ഡെൽഹി വാർത്തകളിലെ സത്യാവസ്ഥ അറിയാത്ത അനേകം സാധാരണ മലയാളികൾ ഈ നുണകളെ വിശ്വസിക്കുകയും , കെജ്‌രിവാളിനെ തെറ്റിദ്ധരിക്കുകയും ചെയ്തിട്ടുണ്ട് .

പക്ഷെ ഇവിടെയൊക്കെ പണ്ട് ബി ജെ പി യെ അധികാരത്തിൽ എത്തിക്കാൻ നടന്ന അണ്ണാഹസ്സാരെയുടെ കപട ബുദ്ധിയിൽ വീഴാതെയുള്ള രാഷ്ട്രീയ തന്ത്രം തന്നെയാണ് കെജ്‍രിവാൾ ഈ പ്രശ്നങ്ങളിലും നടപ്പിലാക്കിയത് . തന്നെ വൈകാരികമായി പ്രകോപിപ്പിക്കാൻ ബി ജെ പി ഒരുക്കുന്ന കെണിയിൽ കുടുങ്ങാതെ തന്റെ അജണ്ടയിലൂടെ നീങ്ങി അതിലൂടെ  ബി ജെ പി യെ ഇല്ലാതാക്കുക എന്ന പ്രായോഗിക രാഷ്ട്രീയ തന്ത്രം തന്നെയാണ് കേജ്‌രിവാൾ ഇപ്പോഴും നടപ്പിലാക്കുന്നത്. പക്ഷേ അതിന് കെജ്‌രിവാൾ ഉപയോഗിക്കുന്ന മാർഗ്ഗങ്ങളെ മനസ്സിലാക്കി വരുവാൻ പലപ്പോഴും പരമ്പരാഗത രാഷ്ട്രീയം കണ്ട് ശീലിച്ച സാധാരണകാർക്ക് കുറെ സമയം എടുക്കാറുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്.

ഒരോ ദിവസവും പല രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ച് കെജ്രരിവാളിനെ ഡെൽഹിക്ക് പുറത്തേയ്ക്ക് വിടാതിരിക്കുക എന്നതായിരുന്നു ബി ജെ പി യുടെ അജണ്ട. എന്നാൽ 2024 ലെ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടിയെ സജ്‌ജമാക്കുവാൻ ഇന്ത്യ മുഴുവനിലും സഞ്ചരിക്കുന്ന കെജ്‍രിവാൾ, ബി ജെ പി സൃഷ്‌ടിക്കുന്ന പ്രശ്നങ്ങളെ ആം ആദ്മി പാർട്ടിയിലെ രണ്ടാം നിര നേതാക്കളായ മനീഷ് സിസോദിയ , അമാനത്തുള്ള ഖാൻ , സഞ്ജയ് സിംഗ് , രാഘവ് ചദ്ദ , അതീഷി സിംഗ് തുടങ്ങിയവരെ അണിനിരത്തിയാണ് നേരിടുന്നത്. താൻ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ ഡെൽഹിയെ നയിക്കാൻ ഇവരെ പ്രാപ്തരാക്കുക എന്നത് തന്നെയാണ് കെജ്‌രിവാൾ ഇതിലൂടെ ലക്ഷ്യമിട്ടത്. 

ഏപ്രിൽ 18 ന് ഒന്നരലക്ഷം കർഷകർ അണിനിരക്കുന്ന റാലിയിൽ പങ്കെടുക്കുവാൻ ബാംഗ്ലൂരിലേക്ക് പുറപ്പെടുന്ന കെജ്‌രിവാളിന്റെ യാത്ര മുടക്കുക , അതോടൊപ്പം ഡെൽഹിയിൽ ഹിന്ദു- മുസ്ളീം വർഗ്ഗീയ ലഹള ഉണ്ടാക്കുക എന്നിവ ആയിരുന്നു അതേ ദിവസം തന്നെ ബി ജെ പി ജഹാംഗീർപുരിയിൽ ബുൾഡോസറുമായി വന്ന് കലാപം സൃഷ്ടിച്ചതിന്റെ പിന്നിലുള്ള കാരണങ്ങൾ. എന്നാൽ ഈ ബുൾഡോസർ വിവാദത്തെ കെജ്‍രിവാൾ നേരിട്ടത് തൻ്റെ  മന്ത്രിസഭയിലെ രണ്ടാം നിര നേതാക്കളെ ഉപയോഗിച്ചായിരുന്നു.

ബാംഗ്ലൂരിലായിരുന്നതുകൊണ്ട് തന്നെ കെജ്‌രിവാൾ ഇതിനെതിരെ പ്രതികരിച്ചതുമില്ല, ഉടൻ തന്നെ കെജ്‌രിവാൾ  മുസ്ളീം വിരുദ്ധനാണ് എന്ന പ്രചരണവും ബി ജെ പി തന്നെ നടത്തി. പ്രതികരിച്ചിരുന്നെങ്കിൽ അതുപയോഗിച്ച് ഡെൽഹിയിലെ 80 ശതമാനത്തിലധികം വരുന്ന ഹിന്ദു സമൂഹത്തിനിടയിൽ കെജ്‍രിവാളിനെ രാജ്യദ്രോഹിയും , ഹിന്ദു വിരുദ്ധനുമാക്കി ചിത്രീകരിച്ച് പോലീസിനെ ഉപയോഗപ്പെടുത്തി മുസ്ളീം സമൂഹത്തെ അടിച്ചമർത്തി, വരാൻ പോകുന്ന മുൻസിപൽ തെരഞ്ഞെടുപ്പിൽ ബി ജെ പി വലിയൊരു ആയുധമായി ഈ കലാപത്തെ ഉപയോഗിച്ചേനേ.
അങ്ങനെ ബി ജെ പി ഒരുക്കിയ കെണിയിൽ വീഴാതെ കെജ്രിവാളിന്റെ എം എൽ എ മാർ ഡൽഹി മുൻസിപാലിറ്റിയിലെ 272 വാർഡുകളിലും ആം ആദ്മി പാർട്ടിയുടെ  നേതൃത്വത്തിൽ ശാന്തി യാത്ര നടത്തുകയും , വിഷയം കോടതിയുടെ മുൻപിൽ എത്തിച്ച് ഹിന്ദു – മുസ്ളീം സംഘർഷം ഒഴിവാക്കുകയും ചെയ്തു. അതോടൊപ്പം ജനങ്ങളെകൂട്ടി പൊളിയ്ക്കൽ വിഷയവുമായി ബന്ധപ്പെട്ട് ദുർഗേഷ് പതക്കിന്റെയും അതിഷിയുടേയും രാഘവ് ഛദ്ദയുടെയും നേതൃത്വത്തിൽ ബിജെപി ഓഫീസിലേക്ക് മാർച്ച് നടത്തി ഇനിയും ബുൾഡോസറുമായി വന്നാൽ ഡെൽഹി ബി ജെ പി അധ്യക്ഷന്റെ വീടും , ബി ജെ പി ആസ്ഥാനവും  പൊളിക്കുമെന്ന് പ്രഖ്യാപിച്ചതോടുകൂടി ബി ജെ പി പതിയെ ഈ വിഷയത്തിൽ നിന്ന് പിൻവാങ്ങി.

ബി ജെ പി യുടെ പ്രചരണത്തിനായി ഉണ്ടാക്കിയ കാശ്‌മീർ ഫയൽ സിനിമയ്ക്ക് നികുതി ഒഴിവാക്കണമെന്നുള്ള ബി ജെ പി യുടെ ആവശ്യത്തെ തള്ളിപ്പറഞ്ഞ കെജ്‌രിവാളിനെ ഹിന്ദു വിരോധി ആക്കാനുള്ള പ്രചരണത്തെയും ആം ആദ്മി പാർട്ടി ഈ അവസരത്തിൽ  തന്ത്രപരമായി ജനങ്ങളിൽ എത്തിച്ചു. അടുത്തു വരുന്ന  ഗുജറാത്ത് – ഹിമാചൽ – കാശ്മീർ ഇലക്ഷന് മുമ്പ് രാജ്യത്ത് ഒരു വലിയ വർഗ്ഗീയ കലാപത്തിന് കാത്തിരുന്ന ബി ജെ പി യെ ശരിക്കും തകർത്തു കളഞ്ഞു കെജ്‌രിവാളിന്റെ ചാണക്യ ബുദ്ധിയിലുദിച്ച ഈ മൗനം. വരും ദിവസങ്ങളിലും ഇതേ രീതിയിലുള്ള മൗനം  കെജ്‌രിവാൾ ചിലപ്പോൾ സ്വീകരിച്ചെന്നിരിക്കും. അതിനുപിന്നിലുള്ള അദ്ദേഹത്തിന്റെ ലക്ഷ്യം തന്ത്രപരമായ നീക്കങ്ങളിലൂടെ അടുത്ത തെരഞ്ഞെടുപ്പിൽ ബി ജെ പിയെ ഇന്ത്യൻ പാർലമെന്റിൽ നിന്ന് ഇല്ലാതാക്കുക എന്നത് തന്നെയാണ്. അല്ലാതെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നതുപോലെ രാജ്യത്ത് വർഗ്ഗീയ കലാപങ്ങൾ ഉണ്ടായി കാണുവാൻ ആഗ്രഹിക്കുന്ന ബി ജെ പിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ച് കൊടുക്കുകയല്ല കെജ്രരിവാളിലെ ബുദ്ധിമാനായ രാഷ്ട്രീയക്കാരൻ ചെയ്യുന്നത്.