ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടന്‍ മോഹന്‍ലാലിനായി തടിയില്‍ പണിത വിശ്വരൂപ ശില്‍പം പൂര്‍ത്തിയായി. അടുത്ത മാസം ആദ്യവാരം അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള വീടിന്റെ അലങ്കാരമാകും.

12 അടി ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ശില്‍പത്തിന്റെ ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും മറുവശത്ത് പഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാവും കൊത്തിയെടുത്തിരിക്കുന്നത്.

ക്രാഫ്റ്റ് വില്ലേജില്‍ ദിയാ ഹാന്‍ഡി ക്രാഫ്റ്റ്‌സ് എന്ന സ്ഥാപനം നടത്തുന്ന ശില്പി വെള്ളാര്‍ നാഗപ്പനും സഹശില്പികളായ ഒന്‍പതു പേരും ചേര്‍ന്നാണ് ശില്പം പൂര്‍ത്തീകരിച്ചത്. കുമ്പിള്‍ തടിയിലാണ് ശില്പം.

ശില്‍പ പീഠത്തില്‍ 400 ഓളം കഥാപാത്രങ്ങളുണ്ട്. ഗീതോപദേശവും ചൂതാട്ടവും പിന്നിലായി ശരശയ്യയിലെ ഭീഷ്മരും പാഞ്ചാലി വസ്ത്രാക്ഷേപവുമെല്ലാം ശില്‍പചാരുതയോടെ കാണാം. കാളിയമര്‍ദ്ദനവും ശില്‍പത്തിന്റെ രൂപകല്‍പനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

നടന്‍ മോഹന്‍ലാലിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആറടി ഉയരമുള്ള വിശ്വരൂപം ശില്പി നാഗപ്പന്‍ നിര്‍മിച്ചുനല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് വലിയ രൂപം നിര്‍മിച്ചുതരണമെന്ന് അദ്ദേഹം ശില്പിയോട് ആവശ്യപ്പെട്ടു.

അരക്കോടിയോളമാണ് വില. നാഗപ്പനൊപ്പം സഹശില്പികളായ സോമന്‍, ഭാഗ്യരാജ്, വിജയന്‍, രാധാകൃഷ്ണന്‍, സജു, ശിവാനന്ദന്‍, കുമാര്‍, നന്ദന്‍, രാമചന്ദ്രന്‍ എന്നിവരും ഇതില്‍ പങ്കുചേര്‍ന്നു.