ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലോക് ഡൗൺ പാർട്ടി വിവാദത്തെ തുടർന്ന് ബോറിസ് ജോൺസന്റെ നേതൃത്വത്തെ ചോദ്യം ചെയ്തു നിരവധി എംപിമാർ രംഗത്തെത്തിയതോടെ പാർട്ടിയിലെ വിശ്വാസവോട്ടെടുപ്പ് ബുധനാഴ്ച നടത്തുവാൻ തീരുമാനമായിരിക്കുകയാണ്. കോവിഡ് ലോക്ക് ഡൗൺ സമയത്ത് പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അടക്കം മദ്യസൽക്കാര പാർട്ടികൾ നടന്നതായി അന്വേഷണ കമ്മീഷൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതാണ് ഇപ്പോൾ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകാൻ കാരണം. സ്വന്തം പാർട്ടിയിൽ നിന്നും ബോറിസ് ജോൺസനെതിരെ ശക്തമായ വിമർശനങ്ങൾ ഉണ്ട്. 54 കൺസർവേറ്റീവ് എംപിമാർ ബോറിസ് ജോൺസനെതിരെ വിശ്വാസ വോട്ടിന് കത്തുനൽകി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്വന്തം ഭാഗത്തുനിന്ന് വന്ന വീഴ്ചയ്ക്ക് പ്രധാനമന്ത്രി ക്ഷമ ചോദിച്ചെങ്കിലും, രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ രാജിവെക്കാൻ തയ്യാറല്ലെന്നാണ് ജോൺസൻ പ്രതികരിച്ചത്.


നിലവിലെ സംഘടനാ നിയമ പ്രകാരം, പാർട്ടിയിലെ തന്നെ 15 ശതമാനം എംപിമാർ ആവശ്യപ്പെട്ടാൽ വിശ്വാസവോട്ടെടുപ്പ് നടത്തേണ്ടിവരും. കൺസർവേറ്റീവ് പാർട്ടിക്ക് നിലവിൽ 359 എം പി മാരാണ് പാർലമെന്റിൽ ഉള്ളത്. ഇതിൽ 54 പേർ ബോറിസ് ജോൺസനെതിരെ കത്തെഴുതിയാൽ വിശ്വാസവോട്ടെടുപ്പ് ഉണ്ടാകും. നിലവിലെ സാഹചര്യത്തിൽ കത്തെഴുതിയ എംപി മാരുടെ പേരുകൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചാൽ ബോറിസ് ജോൺസന് തന്റെ സ്ഥാനത്ത് തുടരാം. വീണ്ടും ഒരു വിശ്വാസ വോട്ടെടുപ്പ് നടക്കണമെങ്കിൽ 12 മാസത്തെ സമയവും ആവശ്യമാണ്. എന്നാൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ് ക്കേണ്ടതായി വരും. ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും, ബുധനാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോക് ഡൗണിന്റെ ആദ്യകാലത്ത് പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അടക്കം മന്ത്രിമാരുടെ ഭവനങ്ങളിലും ക്രിസ്മസ് പാർട്ടികൾ നടന്നുവെന്ന വാർത്തയാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഗാർഡിയൻ പത്രം അടക്കം ഈ മദ്യ സൽക്കാരത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ഇതേതുടർന്നാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യം ശക്തപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ ബുധനാഴ്ചത്തെ വോട്ടെടുപ്പ് ബോറിസ് ജോൺസന്റെ ഭാവി തീരുമാനിക്കും.