മോഷണത്തിനായോ അല്ലാതെയോ വീടുകളില്‍ ആരെങ്കിലും അതിക്രമിച്ചു കയറാന്‍ ശ്രമിച്ചാല്‍ അയാളെ കീഴ്‌പ്പെടുത്തുന്നതിനും നമ്മുടെ സുരക്ഷ ഉറപ്പാക്കുന്നതിനും എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് ദി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്). അതിക്രമിച്ചു കടക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് തടയാന്‍ വീട്ടുടമസ്ഥന് ഏതറ്റം വരെ പോകാമെന്നും കേസ് പോലീസും സിപിഎസും എങ്ങനെ കൈകാര്യം ചെയ്യുമെന്നതും സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് സിപിഎസ് പുറത്ത് വിട്ടിരിക്കുന്നത്. ആരെങ്കിലും വീടുകളില്‍ അതിക്രമിച്ചു കടക്കുകയോ മോഷ്ടിക്കാനെത്തുകയോ ചെയ്താല്‍ ആദ്യം ചെയ്യേണ്ട കാര്യം പോലീസിനെ അറിയിക്കുകയെന്നതാണ്. അക്രമിയെ തടയാന്‍ മറ്റേത് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും മുന്‍പ് പോലീസിനെ വിവരം അറിയിച്ചതായി ഉറപ്പ് വരുത്തേണ്ടതുണ്ട്.

സിപിഎസ് നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍

അക്രമി വീടുനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അയാള്‍ ആക്രമിക്കുന്നതിനായി കാത്തിരിക്കാതെ തന്നെ സെല്‍ഫ് ഡിഫന്‍സ് മാര്‍ഗങ്ങള്‍ പ്രയോഗിക്കാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ടെന്ന് നിയമം പറയുന്നു. അക്രമിയെ കീഴ്‌പ്പെടുത്തുന്നതിനായി അത്യാവശ്യ ഘട്ടങ്ങളില്‍ കൂടുതല്‍ ശക്തി ഉപയോഗിക്കുന്നത് നിയമവിധേയമാണ്.

സ്വയരക്ഷക്കായോ, മറ്റുള്ളവരെ രക്ഷിക്കുന്നതിന് വേണ്ടിയോ, കുറ്റകൃത്യം തടയുന്നതിനായോ, കുറ്റവാളിയെ പിടികൂടുന്നതിനോ ആവശ്യമായി വരുന്ന ബലപ്രയോഗം നടത്തുന്നത് കുറ്റകരമല്ല.

സ്വയം പ്രതിരോധിക്കാന്‍ അത്യാവശ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് നിയമത്തിന്റെ സംരക്ഷണം ലഭിക്കും. ആയുധങ്ങള്‍ ഉപയോഗിക്കേണ്ടി വന്ന സാഹചര്യങ്ങളാണെങ്കില്‍ പോലും അടിയന്തര സാഹചര്യത്തിലെ പ്രവൃത്തിയായി കണ്ട് നിയമ പരിരക്ഷ ലഭിക്കും.

  കൺസർവേറ്റീവ് എം പി സർ ഡേവിഡ് അമേസ് കുത്തേറ്റ് മരിച്ചത് ഭീകരാക്രമണം . കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാം. കത്തോലിക്ക വിശ്വാസങ്ങളെ മുറുകെ പിടിച്ച പൊതു സമ്മതനായ എംപിയുടെ വേർപാടിൽ ദുഃഖത്തോടെ ബ്രിട്ടൻ

സ്വരക്ഷയ്ക്ക് വേണ്ടി പ്രതിരോധം തീര്‍ക്കുന്നതിനിടെ അക്രമി മരിക്കുകയാണെങ്കിലും അത് നിയമവിധേയമാണ്.

അക്രമി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെങ്കില്‍ അയാളെ തടയാന്‍ ശ്രമിക്കുന്നത് സ്വയരക്ഷയുടെ ഭാഗമായുള്ള പ്രവൃത്തിയല്ല. എങ്കിലും മോഷണവസ്തു തിരിച്ചു പിടിക്കുന്നതിനും കുറ്റവാളിയുടെ അറസ്റ്റ് ഉറപ്പു വരുത്തുന്നതിനും ആവശ്യമായ ബലപ്രയോഗം നടത്തുന്നതില്‍ തെറ്റില്ലെന്ന് നിയമം പറയുന്നു.

അക്രമിയെ പിന്തുടരുന്ന സമയത്ത് സ്വയരക്ഷ ഉറപ്പുവരുത്തണമെന്നും പോലീസിനെ വിവരമറിയിച്ചിരിക്കണമെന്നും സിപിഎസ് പറയുന്നു. അക്രമിയെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തുമ്പോള്‍ ഇടിക്കുകയോ റഗ്ബി ടാക്കിള്‍ ടെക്‌നിക്ക് ഉപയോഗിക്കുകയോ മാത്രമെ ചെയ്യാന്‍ പാടുള്ളു.

സ്വയരക്ഷയ്‌ക്കോ അല്ലെങ്കില്‍ മറ്റുള്ളവരുടെ രക്ഷയ്‌ക്കോ വേണ്ടി നടത്തുന്ന ബലപ്രയോഗങ്ങള്‍ക്ക് മാത്രമെ നിയമത്തിന്റെ പരിരക്ഷ ലഭിക്കുകയുള്ളു.

അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാളിനെ വൈരാഗ്യത്തിന്റെ പേരിലോ മറ്റു കാരണങ്ങളാലോ അക്രമിച്ചാല്‍ നിയമത്തിന്റെ സംരക്ഷണം ലഭിക്കുകയില്ല.നിങ്ങളുടെ ആദ്യത്തെ ഇടിയില്‍ തന്നെ ബോധരഹിതനായ ഒരാളെ വീണ്ടും മര്‍ദ്ദിക്കുന്നത് നിയമലംഘനമാണ്.

അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളുടെ മരണവും, മുറിവുകളും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും പോലീസിന്റെ അന്വേഷണ പരിധിയില്‍പ്പെടും. അക്രമിയാണോ അത്തരമൊരു സാഹചര്യമുണ്ടാക്കിയതെന്നും പോലീസ് പരിശോധിക്കുന്നതായിരിക്കും.

ഗുരുതര പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും വസ്തുതകളെല്ലാം കൃത്യമാവുകയും ചെയ്താല്‍ പോലീസിന്റെ അന്വേഷണം പെട്ടന്ന് അവസാനിക്കും.

ഇത്തരം സംഭവങ്ങളില്‍ പരമാവധി വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സിപിഎസ് അറിയിച്ചു. പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥരെയും സീനിയര്‍ അഭിഭാഷകരെയുമാണ് ഇത്തരം സന്ദര്‍ഭങ്ങള്‍ അന്വേഷണത്തിനായി നിയമിക്കുക.