ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടനിലെ റോഡുകളിൽ ലേണർ ഡ്രൈവർമാർ നിയമം പാലിക്കുന്നില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 76,000 ലേണർ ഡ്രൈവർമാർക്ക് അവരുടെ പ്രൊവിഷണൽ ലൈസൻസിൽ പെനാൽറ്റി പോയിന്റുകൾ ലഭിച്ചിട്ടുണ്ട്. റോഡിൽ പ്രധാനപ്പെട്ട നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ടെസ്റ്റ് പാസ്സ് ആകുന്നതിന് മുൻപ് തന്നെ പല ലേണർ ഡ്രൈവർമാർക്കും നിരോധനം നേരിടേണ്ടതായി വരും. 61 ശതമാനം പേർക്കും ആറ് മുതൽ 10 വരെ പെനാൽറ്റി പോയിന്റുകൾ ഉണ്ട്.
ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 33,000 പേർക്ക് പെനാൽറ്റി പോയിന്റ് ലഭിച്ചു. സൂപ്പർവൈസറില്ലാതെ വാഹനമോടിച്ചതിന് 13,000 പേർക്ക് പിഴ ചുമത്തിയതായും കണക്കിൽ പറയുന്നു. ലേണർ ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങളിൽ എൽ-പ്ലേറ്റുകൾ ശരിയായി പ്രദർശിപ്പിക്കാത്തതാണ് പിഴ ചുമത്താനുള്ള മറ്റൊരു കാരണം.
റോഡ് നിയമം കർശനമാകുന്നതിനാൽ ലേണേഴ്സ് ലഭിച്ചവരും അടുത്തിടെ ലൈസൻസ് ലഭിച്ച ഡ്രൈവർമാരും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് വെയ്ഗോയുടെ സിഇഒ ജെയിംസ് ആംസ്ട്രോങ് പറഞ്ഞു. ടെസ്റ്റ് പാസായി രണ്ട് വർഷത്തിനുള്ളിൽ 6 പെനാൽറ്റി പോയിന്റുകൾ ലഭിച്ചാൽ ലൈസൻസ് റദ്ദാക്കും. അതേസമയം, ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാൻ അനേകം ലേണർ ഡ്രൈവർമാരാണ് കാത്തിരിക്കുന്നത്. മിക്കവരുടെയും കാത്തിരിപ്പ് 2023 വരെ നീളും. കോവിഡ് മൂലം ഡ്രൈവിംഗ് ടെസ്റ്റിൽ ഉണ്ടായ കാലതാമസമാണ് ഈ പ്രതിസന്ധിക്ക് കാരണം.
Leave a Reply