ടെസ്‌കോയുടെ ആദ്യ ക്യാഷ്‌ലെസ് സ്‌റ്റോര്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ക്യാഷ് കൗണ്ടറുകളില്‍ പണമടയ്ക്കാനായി ഉപഭോക്താക്കള്‍ക്ക് നില്‍ക്കേണ്ടി വരുന്ന സമയം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. ഇനി 45 സെക്കന്‍ഡ് മാത്രം ഉപഭോക്താക്കള്‍ക്ക് കാത്തുനിന്നാല്‍ മതിയാകും. വെയിറ്റ്‌റോസ് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച സ്‌കാന്‍ ആന്‍ഡ് ഗോ ആപ്പിന്റെ ചുവടുപിടിച്ചാണ് ടെസ്‌കോയും ഈ പദ്ധതിയുടെ ട്രയല്‍ നടത്തുന്നത്. അതേസമയം പൂര്‍ണ്ണമായും ക്യാഷ്‌ലെസ് ആകുന്നത് പാവപ്പെട്ടവരെയും മറ്റും പ്രതികൂലമായി ബാധിക്കുമെന്ന് ലേബര്‍ എംപി ഫ്രാങ്ക് ഫീല്‍ഡ് പറഞ്ഞു.

ടെസ്‌കോ ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമായില്ലാത്ത പാവപ്പെട്ടവര്‍ക്കും പണം നല്‍കാന്‍ ഇഷ്ടപ്പെടുന്ന പെന്‍ഷനര്‍മാര്‍ക്കും ക്യാഷ്‌ലെസ് ആകുന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടെസ്‌കോ എക്‌സ്പ്രസ് എന്ന ഈ പദ്ധതിയുടെ ആദ്യ സ്റ്റോര്‍ ഹെര്‍ട്‌ഫോര്‍ഡ്ഷയറിലെ വെല്‍വിന്‍ ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസ് ക്യാംപസിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ആറാഴ്ചയായി ഇത് പ്രവര്‍ത്തിച്ചു വരികയാണ്.

സ്റ്റോറില്‍ കാര്‍ഡ്, മൊബൈല്‍ പേയ്‌മെന്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു. ക്യാനഡ, സ്വീഡന്‍ എന്നിവയ്ക്ക് പിന്നില്‍ ലോകത്തെ മൂന്നാമത്തെ ഏറ്റവുംവലിയ ക്യാഷ്‌ലെസ് സൊസൈറ്റിയാണ് ബ്രിട്ടന്‍. കഴിഞ്ഞ വര്‍ഷമാണ് പ്ലാസ്റ്റിക് മണി കറന്‍സിയെ പിന്തള്ളി മുന്നിലെത്തിയത്. ഡെബിറ്റ് കാര്‍ഡ്, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവയിലൂടെ 13.2 ബില്യന്‍ ഇടപാടുകളാണ് നടക്കുന്നത്.