ബാങ്ക് വായ്പ മുടങ്ങിയതോടെ ആകെയുള്ള സമ്പാദ്യമായ വീട് ജപ്തി ചെയ്യുമെന്നറിഞ്ഞ് മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മകന്റെ മരണത്തെ തുടർന്നുണ്ടായ വിഷമം താങ്ങാനാകാതെ മരണാനന്തര ചടങ്ങുകൾക്കിടെ അച്ഛൻ കുഴഞ്ഞുവീണും മരിച്ചു.

നെടുമങ്ങാട് വേങ്കവിള പഴകുറ്റി ശോഭനാലയത്തിൽ അരുൺ (29), അച്ഛൻ മുരളീധരൻനായർ (60) എന്നിവരാണ് തൊട്ടടുത്ത ദിവസങ്ങളിൽ മരണത്തിന് കീഴടങ്ങിയത്. നെടുമങ്ങാട്ടെ സ്വകാര്യ ബാങ്കിൽ നിന്നും നാല് സെന്റ് ഭൂമി ഈട് നൽകി വായ്പ എടുത്തിരുന്നു. ഈ വായ്പ ഉപയോഗിച്ചാണ് വീടുവെച്ചത്.

പിന്നീട് ലോൺ തിരിച്ചടവ് മുടങ്ങുകയും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് അരുൺ ജീവനൊടുക്കുകയുമായിരുന്നു. വീട് ജപ്തിചെയ്യുമെന്ന് ബാങ്കുകാർ അരുണിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനായിരുന്ന അരുണിന് കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേതുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്തു വരികയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാങ്കിൽ വായ്പ അടയ്ക്കാൻ പോയ അരുണിനെ ബാങ്ക് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. അന്നേദിവസം രാത്രിയിലാണ് അരുൺ തൂങ്ങിമരിച്ചത്. അരുണിന്റെ മരണാനന്തരച്ചടങ്ങുകൾ വീട്ടിൽ നടക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെ പിതാവ് മുരളീധരൻനായർ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം, അരുൺ ജീവനൊടുക്കിയെന്നും ലോണടക്കാൻ സാവകാശം വേണമെന്നുമുള്ള വിവരം ബാങ്കുകാരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. അരുണിന്റെ മരണശേഷവും ബാങ്കുകാർ വീട്ടിലെത്തി ജപ്തിഭീഷണി മുഴക്കിയിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.

അരുണിന്റെ മാതാവ് ശോഭനകുമാരി ഇരുവൃക്കകൾക്കും രോഗം ബാധിച്ച് ചികിത്സയിലാണ്. ആഴ്ചയിൽ രണ്ട് ഡയാലിസിസ് വീതം നടത്തിയാണ് ശോഭന ചികിത്സ തുടരുന്നത്. മുരളീധരൻനായരും ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ആര്യ, അഖിൽ എന്നിവർ അരുണിന്റെ സഹോദരങ്ങളാണ്.