:ആഫ്രിക്കയിൽ സ്വർണ്ണ ഖനനത്തിന് പി വി അൻവരുടെ സഹായിയായിപ്പോയ കക്കാടം പൊയിൽ സ്വദേശി മരിച്ച നിലയിൽ . കക്കാടം പൊയിൽ മീനാട്ടുകുന്നേൽ ഷാജിയാണ് മരിച്ചത് .ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് വീട്ടുകാർക്ക് വിവരം ലഭിച്ചിരിക്കുന്നത് . ജനുവരി 18 നാണ് ഷാജി ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ അൻവറിന്റെ സഹായിയായി പോയത്

കഴിഞ്ഞ നിയമ സഭാ സമ്മേളനത്തിന് ശേഷമാണ് അൻവർ ആഫ്രിക്കയിലേക്ക് സ്വർണ്ണ ഖനനവുമായി പോയത് . രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അൻവർ അടിക്കടി ഉയർന്ന വിവാദങ്ങളെത്തുടർന്നു ആഫ്രിക്കയിലേക്ക് പോവുകയായിരുന്നു . സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആഫ്രിക്കയിൽ സ്വർണ്ണ ഖനനത്തിന് പോവുന്നുവെന്നായിരുന്നു അൻവറിന്റെ വിശദീകരണം . കക്കാടം പൊയിലിലെ അനധികൃത വാട്ടർ തീം പാർക്കും , തടയണയും, തുടർന്നുണ്ടായ കോടതി ഇടപെടലുകളും അൻവറിന് വൻ തിരിച്ചടിയായിരുന്നു .

സി പി എം പിന്തുണയോടെ പിടിച്ചു നില്ക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് അൻവർ ആഫ്രിക്കയിലേക്ക് ബിസിനസ് മാറ്റിയത് .മാദ്ധ്യമങ്ങൾ കള്ളവാർത്തകൾ നൽകി തന്റെ കച്ചവടം പൂട്ടിച്ചെന്നും ,പാർട്ടി തനിക്ക് മൂന്ന് മാസം സമയം തന്നിട്ടുണ്ടെന്നും ആഫ്രിക്കയിലേക്ക് പോവുന്നുവെന്നും അൻവർ വ്യക്തമാക്കിയിരുന്നു . അവധിയിൽ പ്രവേശിച്ച അൻവർ മുങ്ങിയെന്നും , അൻവറിനെക്കുറിച്ച് വിവരമില്ലെന്നും റിപ്പോർട് ചെയ്ത മാദ്ധ്യമ പ്രവർത്തകരെ രൂക്ഷമായ ഭാഷയിൽ അൻവർ വിമർശിച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു