ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : എൻഎച്ച്എസ് ഇംഗ്ലണ്ടിലെ നാഷണൽ പ്രൈമറി കെയർ നേഴ്സിംഗിന്റെ നേതൃസ്ഥാനത്തേക്ക് ലൂയിസ് ബ്രാഡി. നേഴ്സായി 25 വർഷത്തെ പ്രവൃത്തിപരിചയമുള്ള ലൂയിസ്, കഴിഞ്ഞ മാസം ആരംഭിച്ച ഇൻഡക്ഷൻ പിരീഡ് പൂർത്തിയാക്കിയാൽ ഉടൻ എൻഎച്ച്എസ് ഇംഗ്ലണ്ടിലും എൻഎച്ച്എസ് ഇംപ്രൂവ്മെന്റിലും ചുമതല ഏറ്റെടുക്കും. കഴിഞ്ഞ വർഷം സ്ഥാനമൊഴിഞ്ഞ കാരെൻ സ്റ്റോറിക്ക് പകരമായാണ് ലൂയിസ് എത്തുന്നത്. ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ പ്രൈമറി, കമ്മ്യൂണിറ്റി നേഴ്സ് ലീഡറും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ കമ്മ്യൂണിറ്റി കെയർ കമ്മിറ്റിയുടെ നേഴ്സ് അഡ്വൈസറുമായിരുന്നു ലൂയിസ് ബ്രാഡി.
17 വർഷം ജനറൽ പ്രാക്ടീസിൽ മുഴുവൻ സമയ ജോലി ചെയ്തിട്ടുള്ള മിസ് ബ്രാഡി, നോർത്ത് ഓഫ് ഇംഗ്ലണ്ടിലെ ‘ഷെയേഡ് മെഡിക്കൽ അപ്പോയിന്റ്മെന്റുകൾ’ക്ക് തുടക്കമിട്ട ആദ്യത്തെ ജനറൽ പ്രാക്ടീസ് നേഴ്സുമാരിൽ ഒരാളാണ്. ഈ സംവിധാനത്തിൽ രോഗികൾക്ക് ഒന്നിലേറെ ആരോഗ്യ വിദഗ്ധരുടെ പിന്തുണയും പരിചരണവും ലഭിക്കും.
ഇംഗ്ലണ്ട് ടീമിന്റെ ചീഫ് നേഴ്സിംഗ് ഓഫീസറുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും രാജ്യത്തുടനീളമുള്ള നേഴ്സിംഗ് നേതാക്കളെ കേൾക്കാനും പഠിക്കാനും പിന്തുണയ്ക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും ബ്രാഡി ട്വിറ്ററിൽ കുറിച്ചു. ഇംഗ്ലണ്ടിലെ പ്രൈമറി കെയർ നേഴ്സിംഗ് ലീഡ് എന്ന പുതിയ റോളിൽ, മറ്റ് മുതിർന്ന നേഴ്സിംഗ് ലീഡർമാർക്കും നാഷണൽ പ്രൈമറി കെയർ ടീമിനുമൊപ്പം ചേർന്ന് നേഴ്സിംഗ് സേനയുടെ സുസ്ഥിര ഭാവി ഉറപ്പാക്കാൻ ലൂയിസ് പരിശ്രമിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു.
Leave a Reply