ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യുകെ മലയാളികൾ അടക്കമുള്ള ഏഷ്യാക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന ഡിമെൻഷ്യ രോഗം കണ്ടെത്തുന്നതിൽ എൻഎച്ച്എസ് പരാജയപ്പെടുന്നെന്ന് പഠന റിപ്പോർട്ട്‌. അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഡിമെൻഷ്യ ബാധിച്ചവരുടെ എണ്ണം 600% വർദ്ധിക്കുമെന്ന റിപ്പോർട്ട്‌ ഞെട്ടിക്കുന്നതാണ്. മലയാളികൾ അടക്കമുള്ള ഏഷ്യാക്കാർക്കിടയിൽ യഥാസമയം രോഗനിർണയം നടത്താനുള്ള സാധ്യത കുറവാണെന്നും ചികിത്സയും പിന്തുണയും ലഭിക്കാനുള്ള അവസരങ്ങൾ കുറവാണെന്നും കണ്ടെത്തി. യുകെ അല്‍ഷിമേഴ്സ് സൊസൈറ്റി തയ്യാറാക്കിയ 55 പേജുള്ള ഫുള്‍ റിപ്പോര്‍ട്ട് ഈ ആഴ്ച പുറത്തുവരും. ഇതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.

ഡിമെന്‍ഷ്യ കണ്ടെത്താനുള്ള രീതികള്‍ ബ്രിട്ടീഷ് വംശജരുടേതുമായി താരതമ്യപ്പെടുത്തി ഏഷ്യാക്കാരെ പരിഗണിക്കുന്നതിലും വീഴ്ച വന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മാനസികമായും ശാരീരികമായും സാമൂഹികമായും സാമ്പത്തികമായും ഉള്ള ഘടകങ്ങൾ മൂലമാണ് ആരോഗ്യ സംവിധാനത്തിന് ഏഷ്യാക്കാർക്കിടയിൽ ഡിമെൻഷ്യ രോഗനിർണയം നടത്താൻ കഴിയാത്തത്. ഇതിന്റെ ഫലമായി പലരും ഒറ്റപ്പെടലും ഉത്കണ്ഠയും ഏകാന്തതയും വിഷാദവും അനുഭവിക്കുകയാണ്.

ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം തുടങ്ങി ഡിമെൻഷ്യയുടെ സാധ്യത വർദ്ധിപ്പിക്കുന്ന മറ്റ് രോഗങ്ങളും ഏഷ്യാക്കാർക്കിടയിൽ വർധിച്ചുവരുന്നു. യുകെയിലെ ആരോഗ്യ അസമത്വങ്ങളുടെ വ്യാപ്തി തുറന്നുകാട്ടുന്ന റിപ്പോർട്ടാണിത്. ഇത്തരം ആരോഗ്യ അസമത്വങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികള്‍ ഉള്‍ക്കൊള്ളുന്ന ധവള പത്രം സര്‍ക്കാര്‍ ഉടന്‍ പുറത്തുവിടുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞിരുന്നു.

ഏഷ്യാക്കാര്‍ക്ക് കുടുംബ അംഗങ്ങളോടുള്ള വൈകാരിക അടുപ്പം, രോഗം ആദ്യം റിപ്പോർട്ട്‌ ചെയ്യുന്നതിൽ തടസ്സമാകുന്നു. ഏഷ്യന്‍ കുടുംബങ്ങളില്‍ പ്രായം ചെന്നവരെ വീടുകളില്‍ തന്നെയാണ് സംരക്ഷിക്കുന്നത്. ഇതും രോഗനിർണയം വൈകിപ്പിക്കുന്ന ഘടകമാകുന്നു. ഇക്കാരണത്താൽ, രോഗിക്കും കുടുംബത്തിനും ലഭിക്കേണ്ട സാമ്പത്തിക, നിയമ സഹായവും വൈകുന്നു. സൗത്ത് ഏഷ്യൻ ജനതയിൽ 2050-ഓടെ ഡിമെൻഷ്യ രോഗനിർണയം 600% വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അൽഷിമേഴ്സ് സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേറ്റ് ലീ പറഞ്ഞു.