ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മന്ത്രിസഭ പുനസംഘടിപ്പിച്ചു നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചുപിടിക്കാനുള്ള ശ്രമം പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടെങ്, ട്രേഡ് സെക്രട്ടറി ആൻ-മേരി ട്രെവെലിയൻ, പരിസ്ഥിതി സെക്രട്ടറി ജോർജ്ജ് യൂസ്റ്റിസ് എന്നിവരുടെ പേരുകളാണ് കസേര നഷ്ടപ്പെടുന്ന മന്ത്രിമാരുടെ പട്ടികയിൽ ഉയർന്നു കേൾക്കുന്നത്.
ഒരുപക്ഷേ ചാൻസിലർ ഋഷി സുനക്കിനും തൻറെ സ്ഥാനം തെറിച്ചേക്കാം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചാൻസിലറുടെ ചില നടപടികൾ മന്ത്രിസഭയുടെ പ്രതിഛായയെ ബാധിച്ചതായി പ്രധാനമന്ത്രി വിശ്വസിക്കുന്നതായിട്ടുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദവി ഒഴിയേണ്ട സാഹചര്യം വന്നാൽ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഋഷി സുനക്കിന്റെ പേര് മാധ്യമങ്ങൾ ഉയർത്തി കാട്ടിയിരുന്നു.
സ്വന്തം പാർട്ടിയിൽ നിന്ന് തന്നെയുള്ള ഒരു വിഭാഗം എംപിമാരുടെ കുറ്റപ്പെടുത്തലുകളെ അതിജീവിച്ച് പാർട്ടിയുടെ വിശ്വാസവോട്ടെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിജയിച്ചിരുന്നു . എന്നാൽ തന്നെയും അദ്ദേഹത്തിന് നേരിടാനുള്ള പ്രതിസന്ധികൾ അവസാനിച്ചിട്ടില്ലെന്നാണ് മാധ്യമ റിപ്പോർട്ട് ചെയ്തത് . 359 എം പി മാരിൽ 41 ശതമാനത്തോളം പേരാണ് ബോറിസ് ജോൺസനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വോട്ടുചെയ്തത് . 23 ന് വെസ്റ്റ് യോർക്ഷെയറിലെ വെയ്ക്ഫീൽഡിലും, ഡെവോണിലെ ടിവർടൺ & ഹോനിടണിലും നടക്കുന്ന ബൈ ഇലക്ഷനുകളുടെ വിധി പ്രഖ്യാപനവും ബോറിസ് ജോൺസന്റെ ഭാവിയെ ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ മൂലം ഈ രണ്ടിടത്തും തോൽക്കാൻ സാധ്യതയുണ്ടെന്ന് സീനിയർ ടോറി നേതാക്കൾ ഭയപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതോടൊപ്പംതന്നെ പാർട്ടി ഗേറ്റ് വിവാദത്തെ സംബന്ധിച്ചുള്ള അന്വേഷണം പൂർണമായും അവസാനിച്ചിട്ടില്ല. പ്രധാനമന്ത്രി ഹൗസ് ഓഫ് കോമൺസിനെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഇനിയും വരാനിരിക്കെ , ബോറിസ് ജോൺസന്റെ ഭാവി നിർണ്ണായകമാണ്.
Leave a Reply