ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും ഒടുവിലത്തെ തീരുമാനം അനുസരിച്ച്, ഓവര്‍സീസ് സിറ്റിസന്‍സ് ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് ഉടമകൾക്ക് കൃഷിഭൂമി, ഫാം ഹൗസ്, തോട്ടങ്ങള്‍ എന്നിവ ഒഴികെയുള്ള ഭൂമി വാങ്ങുവാനും വില്‍ക്കുവാനും ആർബിഐയുടെ പ്രത്യേക അനുമതി വേണ്ട. എന്നാൽ ഇത് സംബന്ധിച്ച് ഇപ്പോഴും സംശയം നിലനിൽക്കുന്നുണ്ട്. കാരണം ഒരു സുപ്രീം കോടതി വിധിയാണ്. വിദേശ പൗരത്വം എടുത്തിട്ടുള്ള ഇന്ത്യക്കാർക്ക് നാട്ടിൽ ഉള്ള സ്വത്തുക്കൾ വിൽക്കാനും പണയപ്പെടുത്താനുമൊക്കെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതി ആവശ്യമായി വരുമെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാൽ ഇത് 2021 മാർച്ച്‌ മാസം ആയിരുന്നു. അതും ഒരു പ്രത്യേക കേസിൽ. 2021 ഡിസംബർ അവസാനമാണ് എന്‍ആര്‍ഐകള്‍ക്കും ഒസിഐ കാര്‍ഡ് ഉള്ളവര്‍ക്കും നാട്ടിലെ ഭൂമി കൈമാറ്റം ചെയ്യാൻ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയത്.

സുപ്രീം കോടതി വിധി – 2021 മാർച്ച്‌

ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ട് (ഫെറ) 1973 ലെ സെക്ഷൻ 31 ഉയർത്തിപ്പിടിച്ചാണ് ജസ്റ്റിസ് എ എം ഖാൻവില്ലർ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. ഇതനുസരിച്ച്, ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് ഇന്ത്യയിലെ സ്വത്തുക്കൾ വിൽക്കുവാനോ പണയപ്പെടുത്തുവാനോ റിസർവ് ബാങ്കിന്റെ പ്രത്യേകാനുമതി ആവശ്യമാണെന്നായിരുന്നു. ബംഗളൂരൂവിലെ ഒരു സ്വത്തു കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഈ സുപ്രധാന വിധി വന്നത്. 1977-ൽ ചാൾസ് റൈറ്റ് എന്ന വിദേശിയുടെ വിധവ റിസർവ് ബാങ്ക് അനുമതി വാങ്ങാതെ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട കേസായിരുന്നു അത്. അനുമതി വേണമെന്ന് ഉറപ്പിച്ചു പറയുമ്പോഴും പഴയ കാര്യങ്ങൾ ചികഞ്ഞെടുക്കേണ്ടതില്ല എന്ന തീരുമാനത്തിൽ ഈ സ്ഥലത്തിന്റെ ഇടപാട് നിയമവിധേയമാക്കുകയും ചെയ്തു. ഫെറ നിയമത്തെ പിന്നീട് 1999 -ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) കൊണ്ട് മാറ്റിയെങ്കിലും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 നല്‍കുന്ന പ്ലീനറി അധികാരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ വിധി പ്രഖ്യാപനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആർബിഐ തീരുമാനം – 2021 ഡിസംബർ

2021 മാർച്ചിലെ സുപ്രീം കോടതി വിധി ഒരു പ്രത്യേക കേസിനു മാത്രം ബാധകമായിട്ടുള്ള ഒന്നാണ്. അതല്ലാത്ത കേസുകള്‍ക്കെല്ലാം ഫെമ നിയമമായിരിക്കും ബാധകമാവുക. ഇതനുസരിച്ച്, പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഭൂമി ഒഴിച്ച് വീടുൾപ്പടെയുള്ള മറ്റ് സ്വത്തുക്കള്‍ വാങ്ങുവാനും വില്‍ക്കുവാനും കൈമാറ്റം ചെയ്യുവാനും റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. എന്നാല്‍ ഇതു സംബന്ധിച്ച് പണമിടപാടുകള്‍ക്ക് ചില നിബന്ധനകളുണ്ട് എന്നുമാത്രം. ഈ പണമിടപാടുകളില്‍ പണം ഇന്ത്യന്‍ ബാങ്കുകളില്‍ എത്തണം. അല്ലെങ്കില്‍ ഫെമ 1999 അനുസരിച്ച് പ്രത്യേക അനുമതിയുള്ള എന്‍ ആര്‍ അക്കൗണ്ടുകളില്‍ എത്തണം. ട്രാവലേഴ്‌സ് ചെക്ക്, വിദേശ കറന്‍സി തുടങ്ങിയവയിലൂടുള്ള പണമിടപാടുകള്‍ അനുവദനീയമല്ല.

ചുരുക്കത്തിൽ, സുപ്രീം കോടതി വിധി വന്നെങ്കിലും പിന്നീട് ആർബിഐ അവരുടെ തീരുമാനം വ്യക്തമാക്കിയതാണ്. സുപ്രീം കോടതി വിധി ഒരു പ്രത്യേക കേസിനു മാത്രം ബാധകമായിട്ടുള്ളതാണ്. മറ്റ് കേസുകൾക്ക് ഫെമ നിയമമാണ് ബാധകം. എന്‍ആര്‍ഐകള്‍ക്കും ഒസിഐ കാര്‍ഡ് ഉള്ളവര്‍ക്കും കൃഷിഭൂമിയോ ഫാം ഹൗസോ തോട്ടങ്ങളോ ഒഴികെ എന്തും വാങ്ങാനോ വിൽക്കാനോ ആർബിഐ അനുമതി ആവശ്യമില്ല എന്ന് വ്യക്തം.

(സുപ്രീം കോടതി വിധി ഉയർത്തിപിടിച്ചുകൊണ്ടുള്ള വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്‌)