ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : അനാഥനായ പതിനഞ്ചുകാരന്റെ അവയവങ്ങൾ എടുക്കുന്നതിനായി അവനെ യുകെയിലേക്ക് കടത്തിയ നൈജീരിയൻ സെനറ്ററും ഭാര്യയും പോലീസ് പിടിയിൽ. ഇരുവരെയും ഇന്നലെ കോടതിയിൽ ഹാജരാക്കി. 19 വർഷമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രവർത്തകനായിരുന്ന ഇകെ എക്വെറെമാഡു, ഭാര്യ ബിയാട്രിസ് ന്വന്നേക്ക എക്വെറെമാഡു എന്നിവരാണ് പ്രതികൾ. രാജ്യത്തെ സെനറ്റിന്റെ ഡെപ്യൂട്ടി പ്രസിഡന്റുമായിരുന്നു എക്വെറെമാഡു. നോർത്ത് ലണ്ടനിലെ വില്ലെസ് ഡനിൽ ദമ്പതികൾക്ക് സ്വന്തമായി വീടുണ്ട്. വൃക്ക തകരാറിലായ മകൾക്ക് അവയവമാറ്റം നടത്തുന്നതിന് വേണ്ടിയാണ് പതിനഞ്ചുകാരനെ ലാഗോസിൽ നിന്ന് യുകെയിൽ എത്തിച്ചതെന്ന് പറയുന്നു.
തുർക്കിയിലേക്ക് വിമാനം കയറാൻ ശ്രമിച്ച ദമ്പതികളെ രണ്ട് ദിവസം മുമ്പ് ഹീത്രൂ വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സമയത്ത് 60 കാരനായ എക്വെറെമാഡുവിന്റെ കൈവശം 20,000 പൗണ്ട് ഉണ്ടായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. കുട്ടി ഇപ്പോൾ സുരക്ഷാ അധികൃതരുടെയും മെട്രോപൊളിറ്റൻ പോലീസിന്റെയും സംരക്ഷണയിലാണ്. അവയവങ്ങൾ എടുക്കുന്നതിനായി നടത്തിയ മനുഷ്യക്കടത്താണിതെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ ദാംല അയാസ് പറഞ്ഞു.
എന്നാൽ, മനുഷ്യക്കടത്ത് സംബന്ധിച്ച ആരോപണങ്ങൾ എക്വെറെമാഡു നിഷേധിച്ചു. അടുത്ത മാസം വാദം കേൾക്കുന്നതിന് മുന്നോടിയായി രണ്ട് പ്രതികളെയും കസ്റ്റഡിയിൽ വിട്ടു. മെറ്റിന്റെ സ്പെഷ്യലിസ്റ്റ് ക്രൈം ടീമാണ് അന്വേഷണം നടത്തിയത്. പത്ത് ദിവസം മുമ്പ് ലിങ്കണിൽ ബ്രിട്ടനിലെ നൈജീരിയൻ കമ്മ്യൂണിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ എക്വെറെമാഡു കഴിഞ്ഞ രണ്ടാഴ്ചയോളമായി യുകെയിലുണ്ട്.
Leave a Reply