മുൻ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ടി ശിവദാസമേനോൻ അന്തരിച്ചു. ഇന്ന് ഉച്ചയോട‌െ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 90 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. മലമ്പുഴ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ നിയമസഭയിൽ എത്തിയ അദ്ദേഹം ദീർഘകാലം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗവുമായിരുന്നു. രണ്ട് തവണയായി ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യം വൈദ്യുതി, ഗ്രാമവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തു.1991ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി. എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകൾ സഹകരണ സംഘങ്ങൾക്ക് ഏൽപ്പിച്ചു കൊടുത്ത തീരുമാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് ശിവദാസമേനോൻ രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. സംസ്ഥാനത്ത് അദ്ധ്യാപക യൂണിയനുകള്‍ സംഘടിപ്പിക്കുന്നതില്‍ ശക്തമായ ഇടപെടല്‍ അദ്ദേഹം നടത്തിയിരുന്നു.മണ്ണാര്‍ക്കാട് കെ.ടി.എം ഹൈസ്‌ക്കൂളില്‍ 30 വര്‍ഷത്തോളം അദ്ധ്യാപകനായിരിക്കെ കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് യൂണിയന്‍ രൂപീകരിച്ചായിരുന്നു പോരാട്ട രംഗത്തേക്ക് പ്രവേശിച്ചത്.1987, 1991, 1996 കാലയളവില്‍ മലമ്പുഴയില്‍ നിന്ന് നിയമസഭയിലെത്തി. പാലക്കാട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും വിജയിക്കാനായില്ല.

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരിക്കെ വള്ളുവനാട്ടിൽ പാർട്ടി വളർത്താൻ ശിവദാസമേനോനെയാണ് നേതൃത്വം നിയോഗിച്ചത്. തുടർന്ന് പടിപടിയായി പാർട്ടി നേതൃനിരയിലേക്ക് ഉയരുകയായിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഒടുവിൽ പ്രചാരണരംഗത്ത് സജീവമായത്. പിന്നീട് ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഭാര്യ ഭവാനി അമ്മ 2003ൽ മരിച്ചു. മക്കൾ: ടി.കെ. ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കൾ: കരുണാകര മേനോൻ , സി. ശ്രീധരൻനായർ .