ഡോ. ഐഷ വി

ലക്ഷ്യത്തിലേയ്ക്ക് സഞ്ചരിക്കാൻ ദൂരം കൂടുതലുണ്ടെന്ന് തോന്നിയേക്കാം. എന്നാൽ ശ്രദ്ധയോടെയും കൃത്യതയോടെയുമുള്ള ചിട്ടയായ ഓരോ ചുവടുവയ്പും നമ്മളെ ലക്ഷ്യത്തിലേയ്ക്ക് അടുപ്പിച്ചു കൊണ്ടിരിയ്ക്കും, ലക്ഷ്യത്തിൽ എത്തുന്നതു വരെ നാം ശ്രമം തുടർന്നുകൊണ്ടേയിരിക്കണം. എന്തൊക്കെ പ്രതിബന്ധങ്ങൾ വന്നാലും , സമയമില്ല എന്ന് തോന്നിയാലും നാം ഒരിക്കലും ശ്രമം കൈവിടരുത്. ലക്ഷ്യം സാക്ഷാത്കരിക്കാൻ ശരിയായ മാർഗ്ഗം നമ്മൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ജീവിതം പുഴ പോലൊരു പ്രയാണമാണ്. അതിൽ എന്തെങ്കിലും ഒക്കെ പിൻ തലമുറക്കാർ ഓർക്കത്തക്ക തരത്തിൽ അവശേഷിപ്പിക്കാൻ എല്ലാവരും ശ്രമിക്കേണ്ടതുണ്ട്. അങ്ങനെ ബോധപൂർവ്വം ശ്രമിച്ചാൽ അത് സാദ്ധ്യമാണ്. സാദ്ധ്യമായതിനെ സ്വായത്തമാക്കാൻ ചിട്ടയായി പരിശ്രമിച്ചേ മതിയാകൂ. ലക്ഷ്യം ഉദ്യോഗമാകാം, ഭൗതികമായ എന്തെങ്കിലുമാകാം, എഴുത്താകാം കീർത്തിയാകാം, വിദ്യാഭ്യാസമാകാം, അങ്ങനെ ആഗ്രഹിക്കുന്ന, അന്യന് ദോഷമില്ലാത്ത സാധ്യമായ എന്തുമാകാം.

ഓർമ്മച്ചെപ്പ് തുറന്നപ്പോർ എന്ന പംക്തി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിയ്ക്കാൻ ശ്രീ റ്റിജി തോമസ് സർ എന്നോട് നിർദ്ദേശിച്ചിരുന്നു. അന്ന് നൂറ് അധ്യായങ്ങൾ പൂർത്തിയാകട്ടെ എന്നായിരുന്നു എന്റെ ചിന്ത. അങ്ങനെ ഓർമ്മചെപ്പ് തുറന്നപ്പോൾ എന്ന പംക്തി 100 അധ്യായങ്ങളും പിന്നിട്ട് ഏറെ മുന്നോട്ട് പോയി. ഓരോ ഞായറാഴ്ചയും കൃത്യമായി ഞാനെഴുതി. മലായാളം യു കെ.കോമിലെ ജീവനക്കാർ എല്ലാ ഞായറാഴ്ചകളിലും കൃത്യമായി എഡിറ്റിംഗ് പൂർത്തിയാക്കി. അത് അപ് ലോഡ് ചെയ്തു. അനുജ സജീവിന്റെ വരകൾ അതിന് മിഴിവേകി അവരുടെ ദൗത്യം നിർവ്വഹിച്ചു. ശ്രീ റ്റിജി തോമസ് നിർദേശിച്ച തഴക്കമുള്ള മാധ്യമപ്രവർത്തകനും കാർട്ടൂണിസ്റ്റമായ ശ്രീ ഒ സി രാജുവിന്റെ സഹായത്തോടെ ആദ്യ 100 അധ്യായങ്ങൾ പുസ്തകമാക്കിയിരിക്കുകയാണ്. നല്ല കവർ ഡിസൈൻ, കാർട്ടൂൺ . എന്നിവ ശ്രീ.ഒ സി രാജു നിർവ്വഹിച്ചു. അങ്ങനെ ചിട്ടയായ പ്രവർത്തനങ്ങൾ പുസ്തകമെന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. ഒട്ടേറെപ്പേരുടെ തക്ക സമയത്തുള്ള പ്രവർത്തനങ്ങൾ അതിന് ആക്കം കൂട്ടി. പൗലോ കൊയ്ലോയുടെ വാക്കുകൾ കടമെടുത്താൽ, ഞാനെന്റെ ലക്ഷ്യം നിർണ്ണയിച്ച് കഴിഞ്ഞപ്പോൾ ഈ ലോകം മുഴുവൻ എന്റെ കൂടെ നിന്നു എന്ന് പറയാം. പ്രിന്റ് ചെയ്ത ഡോണ പ്രസ്സ്, പുസ്തകം ട്രാൻസ്പോർട്ട് ചെയ്ത വണ്ടിക്കാരൻ എല്ലാം ഓരോ ഘട്ടത്തിൽ അവരവരുടെ പങ്ക് യഥാസമയം നിർവ്വഹിച്ചു. അങ്ങനെ ചിട്ടയായ പ്രവർത്തനവും ലക്ഷ്യവും മാർഗ്ഗം സുഗമമാക്കി എന്ന് പറയാം.

അതിലെ കഥാപാത്രങ്ങളെ പിന്നെ കണ്ടിട്ടുണ്ടോ? കാണാൻ ശ്രമിച്ചിട്ടുണ്ടോ എന്നൊക്കെ ചില വായനക്കാർ എന്നെ വിളിച്ച്‌ ചോദിച്ചിട്ടുണ്ട്. അങ്ങനെയുള്ള മൂന്നുപേർ. ഒന്ന് കമലാക്ഷി, രണ്ടാമത്തേത് ശാന്തേച്ചി. മൂന്നാമത്തേത് ഹിന്ദി ടീച്ചർ. ആദ്യ രണ്ട് പേരും കാസർഗോഡ് ജില്ലക്കാർ . മൂന്നാമത്തേത് തിരുവനന്തപുരം ജില്ലക്കാരിയായ ഹിന്ദി ടീച്ചർ. ഏതാണ്ട് 45 വർഷങ്ങൾക്ക് മുമ്പ് കണ്ട് പിരിഞ്ഞ് പോയവർ . അവരെ കാണാൻ ഞാൻ വളരെ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ പലവിധ തിരക്കുകൾ മൂലം അവരെ തിരഞ്ഞ് പോയില്ല എന്ന് മാത്രം.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ നന്നായി പരിശ്രമിച്ച അധ്യാപികയാണ് സരോജിനി ടീച്ചർ. കാറ്റ് ഭവാനി ഓർമ്മയിൽ തങ്ങി നിൽക്കുന്ന കഥാപാത്രമാണെന്ന് ചിലർ പറഞ്ഞിട്ടുണ്ട് .

അങ്ങനെ ഓർമ്മചെപ്പിന്റെ പ്രകാശന ചടങ്ങ് ജൂലൈ 9 ശനിയാഴ്ച 5 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബിൽ വച്ച് നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. മലയാളം മിഷൻ ചെയർമാനും കവിയുമായ ശ്രീ വിനോദ് വൈശാഖി പ്രകാശനം നിർവ്വഹിക്കുന്ന ചടങ്ങ് മാന്യ വായനക്കാരുടെ നേരിട്ടും അല്ലാതെയ്യുള്ള സാന്നിദ്ധ്യത്തിലൂടെ അന്വർത്ഥമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.